തിരുവനന്തപുരം:ഡോളര്‍ കടത്തില്‍ ആരോപണവിധേയനായ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഒടുവില്‍ വിശദീകരണവുമായി രംഗത്ത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി വിദേശയാത്ര നടത്തിയിട്ടില്ലെന്നും ആരോപണങ്ങളിലേക്ക് ഭരണഘടനാ സ്ഥാപനങ്ങള്‍ വലിച്ചിഴക്കരുതെന്നുമാണ് സ്പീക്കറുടെ ഓഫീസ് പുറത്തിറക്കിയ വിശദീകരണത്തില്‍ പറയുന്നത്.

റിവേഴ്‌സ് ഹവാല ഇടപാടില്‍ സംസ്ഥാനത്ത് ഭരണഘടനാ പദവി വഹിക്കുന്ന ഒരു ഉന്നത നേതാവിന് പങ്കുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്ത് കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. ഇത് സ്ഥിരീകരിച്ചും നേതാവുമായി തനിക്കുള്ള ബന്ധം വെളിപ്പെടുത്തിയും മറ്റൊരു പ്രതിയായ സ്വപ്‌നയും മൊഴി നല്‍കിയിരുന്നു. ഈ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെ ഭരണഘടനാ പദവി വഹിക്കുന്ന ഉന്നതന്‍ ആരാണെന്ന വിവാദവും ചര്‍ച്ചയും സജീവമായിരുന്നു.

ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ബിജെപി നേതാവ് കെ.സുരേന്ദ്രന്‍, ആ ഉന്നത നേതാവ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിപക്ഷ നേതാക്കളാണ് രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ ഈ ഉന്നതന്‍ ആരാണെന്ന് വെളിപ്പെടുണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പതിവ് മൗനം ഇക്കാര്യത്തിലും തുടര്‍ന്നതോടെ ആരോപണങ്ങള്‍ ബൂമറാങ്ങാവുമെന്ന സാഹചര്യത്തിലാണ് ഒടുവില്‍ സ്പീക്കറുടെ ഓഫീസ് തന്നെ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

സ്വണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതവും അവിശ്വസനീയവുമാണ്. സ്പീക്കറെയും സ്പീക്കറുടെ ഓഫീസിനെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഇത്തരം ഒരു പ്രചാരണം വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്തതാണെന്ന് സ്പീക്കറുടെ ഓഫീസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.