ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാനാവില്ലെന്ന് ശ്രീശാന്തിനോട് ബിസിസിഐ. ശ്രീശാന്ത് നല്‍കിയ റിവ്യു ഹര്‍ജിക്ക് മറുപടി നല്‍കി ബിസിസിഐ സിഇഒ രാഹുല്‍ ജോഹ് രിയാണ് നിലപാട് വ്യക്തമാക്കിയത്.

ഒത്തുകളി ആരോപണത്തില്‍ നിന്നും കോടതി കുറ്റവിമുക്തനായ ശ്രീശാന്തിന് തലവേദനയായി മാറിയിരിക്കുകയാണ് ബിസിസിഐയുടെ വിലക്ക്. സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ അനുമതി ആവശ്യപ്പെട്ട് നേരത്തെ ശ്രീശാന്ത് ബിസിസിഐയെ സമീപിച്ചിരുന്നു. എന്നാല്‍ ബിസിസിഐ ശ്രീശാന്തിന് എന്‍ഒസി നല്‍കാന്‍ തയാറായില്ല.

ബിസിസിഐയില്‍ ശുദ്ധികലശം നടക്കുകയും സുപ്രീംകോടതി നിയമിച്ച വിനോദ് റായിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ചുമതലയേല്‍ക്കുകയും ചെയ്തതോടെയാണ് ശ്രീശാന്ത് റിവ്യു ഹര്‍ജി നല്‍കിയത്. പക്ഷേ വിലക്ക് നീക്കേണ്ടെന്ന മുന്‍ഭരണ സമിതിയുടെ തീരുമാനം നിലനില്‍ക്കെ വിലക്ക് നീക്കേണ്ട ഒരു സാഹചര്യവും നിലനില്‍ക്കുന്നില്ലെന്നാണ് പുതിയ കമ്മിറ്റി വ്യക്തമാക്കിയത്.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റും ബിസിസിഐ ഭാരവാഹിയുമായ ടി.സി മാത്യുവും കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളും പങ്കെടുത്ത യോഗത്തിലാണ് വിലക്ക് നീക്കേണ്ടതില്ലെന്ന തീരുമാനം കമ്മിറ്റി കൈക്കൊണ്ടത്. ബിസിസിഐ തീരുമാനം അറിയിച്ച് രാഹുല്‍ ജോഹ് രി ശ്രീശാന്തിന് ഔദ്യോഗികമായി കത്തയക്കുകയും ചെയ്തു.

2013 ഐപിഎല്‍ സീസണില്‍ വാതുവെപ്പ് സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് ശ്രീശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ശ്രീശാന്തിനും കൂട്ടാളികള്‍ക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് കണ്ടെത്തി കോടതി ഇവരെ കുറ്റവിമുക്തരാക്കിയിരുന്നു.