‘സംഗമിത്ര’ എന്ന പുതിയ ചിത്രത്തില്‍ നിന്ന് പുറത്താക്കിയെന്ന വാര്‍ത്തയോട് പ്രതികരിച്ച് പ്രശസ്ത തമിഴ് നടി ശ്രുതി ഹാസന്‍. തമിഴ് സിനിമാലോകമൊന്നാകെ വാര്‍ത്തയുടെ സത്യാവസ്ഥ അറിയാന്‍ കാത്തിരിക്കുമ്പോഴാണ് ശ്രുതിഹാസന്‍ തന്നെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. പ്രോജക്റ്റില്‍ നിന്നും സ്വമേധയാ പിന്‍മാറുകയായിരുന്നുവെന്നാണ് താരത്തിന്റെ വിശദീകരണം.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആരും തിരക്കഥ നല്‍കുകയോ ഷെഡ്യൂള്‍ തീരുമാനിക്കുകയോ ചെയ്യാത്തതിനെ തുടര്‍ന്ന് ശ്രുതി പ്രൊജക്റ്റില്‍ നിന്നും പിന്‍മാറുകയായിരുന്നു. രണ്ടു വര്‍ഷമായിരുന്നു ചിത്രത്തിന് വേണ്ടി മാറ്റി വെക്കേണ്ടിയിരുന്നത്. ഏപ്രില്‍ മുതല്‍ നടി സിനിമക്ക് തയ്യാറെടുത്തിരുന്നുവെന്നും ശ്രുതിയുടെ വക്താവ് പറയുന്നു. കാന്‍ ചലച്ചിത്രോത്സവത്തില്‍ വെച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയ ചിത്രം രണ്ടു ഭാഗങ്ങളിലായാണ് പുറത്തിറക്കുന്നത്.

ജയംരവി, ആര്യ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ചിത്രത്തിന് മികച്ച പരിശീലകര്‍ക്കുകീഴില്‍ പരിശീലനം നടത്തുകയായിരുന്ന ശ്രുതിഹാസന്റെ പിന്‍മാറ്റം സിനിമാലോകത്തെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു.