X

ഷംസീറിന്റേത് ചങ്കില്‍ തറയ്ക്കുന്ന പ്രസ്താവന, മാപ്പ് പറയണം; ശാസ്ത്രമല്ല, വിശ്വാസമാണ് വലുത്

ഹൈന്ദവ ജനതയോട് സ്പീക്കര്‍ എ എന്‍ ഷംസീര്‍ മാപ്പ് പറയണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സ്പീക്കറുടെ പ്രസ്താവനക്ക് പിന്നില്‍ ഹൈന്ദവ വിരോധമാണ്. സ്പീക്കര്‍ പറഞ്ഞത് ശാസ്ത്രമായേക്കാം. എന്നാല്‍ വിശ്വാസത്തില്‍ കവിഞ്ഞൊരു ശാസ്ത്രവും നിലനില്‍ക്കുന്നില്ല. ശാസ്ത്രം ഗണപതിക്ക് മാത്രം മതിയോ. മറ്റു മതങ്ങള്‍ക്ക് വേണ്ടേ എന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ പ്രസ്താവനക്കെതിരെ എന്‍എസ്എസ് ഇന്ന് വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി സുകുമാരന്‍ നായര്‍ ചങ്ങനാശേരി ഗണപതി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തുകയും തേങ്ങ ഉടയ്ക്കുകയും ചെയ്തു.

ഷംസീറിന്റെ പരാമര്‍ശങ്ങള്‍ ഹൈന്ദവ വിരോധം. ഹൈന്ദവ ജനതയുടെ ചങ്കില്‍ തറച്ചു. എല്ലാ മതങ്ങളെയും അംഗീകരിച്ചു മുന്നോട്ടു പോകുന്നവരാണ് ഹിന്ദുക്കള്‍. ഹൈന്ദവരെ ആക്ഷേപിച്ചാല്‍ വിട്ടുവീഴ്ച്ച ഇല്ലാത്ത എതിര്‍പ്പ് നേരിടേണ്ടി വരും. ഹിന്ദു സംഘടനകള്‍ക്കൊപ്പം യോജിച്ചു പ്രവര്‍ത്തിക്കും. ശബരിമല പ്രക്ഷോഭത്തിന് സാമാനമാണ് സാഹചര്യം. ഇത് സൂചന ആണ്. മറ്റു തീരുമാനങ്ങള്‍ പിന്നീട് അറിയിക്കും. അദ്ദേഹം സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല. രാജി ആവശ്യപ്പെട്ടിട്ടില്ല. തനിക്ക് തെറ്റുപറ്റി എന്ന് ഷംസീര്‍ മാപ്പ് പറയണം’ സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിഷേധത്തിന് രാഷ്ട്രീയ നേതാക്കളുടെ പിന്തുണ പ്രതീക്ഷിക്കുന്നില്ലെന്നും വിഷയത്തില്‍ ബിജെപിയുടെ ഭാഗത്തു നിന്ന് നല്ല വാക്കുകള്‍ ഉണ്ടായതായും സുകുമാരന്‍ നായര്‍. സ്പീക്കറുടെ പരാമര്‍ശത്തില്‍ തെറ്റിദ്ധാരണ പരാതി വര്‍ഗ്ഗീവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്ന എകെ ബാലന്റെ വിമര്‍ശനത്തെ സുകുമാരന്‍ നായര്‍ പരിഹസിച്ചു. എ കെ ബാലന്‍ ഒരു നുറുങ്ങു തുണ്ടാണെന്നും മറുപടി പറയേണ്ട കാര്യമില്ലെന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചു.

വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി എസ്എസ്എസ് കരയോഗ അംഗങ്ങള്‍ ഗണപതി ക്ഷേത്രങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനയും വഴിപാടും നടത്തണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നിര്‍ദേശിച്ചിട്ടുണ്ട് . തിരുവനന്തപുരത്ത് പാളയം ഗണപതി ക്ഷേത്രം മുതല്‍ പഴവങ്ങാടി വരെ നാമജപ ഘോഷയാത്ര നടത്തും.

webdesk13: