X

വാര്‍ത്ത കെട്ടിച്ചമച്ചത് ഹിന്ദി ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എം.കെ രാഘവന്‍

കോഴിക്കോട്: കോഴിക്കോട്ട് ഭൂമി വാങ്ങാന്‍ സഹായത്തിന് അഞ്ച് കോടി വാങ്ങിയെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് എം.പിയും നിലവിലെ കോഴിക്കോട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ എം.കെ രാഘവന്‍. വാര്‍ത്ത തെളിയിച്ചാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ സന്നദ്ധനാണെന്നും അദ്ദേഹം അറിയിച്ചു. ആരോപണം തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും രാഘവന്‍ പറഞ്ഞു. ഞാന്‍ പറയാത്ത കാര്യങ്ങള്‍ കൃത്രിമമായി ഉള്‍പ്പെടുത്തിയതാണ്. ഡബ്ബ് ചെയ്താണ് അത്തരം കാര്യങ്ങള്‍ വിഡിയോയില്‍ ഉള്‍പ്പെടുത്തിയതെന്നും രാഘവന്‍ പറഞ്ഞു.

വ്യാജവാര്‍ത്ത പുറത്തു വിട്ട ഹിന്ദി ചാനലിനെതിരെയും സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും എം.കെ രാഘവന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷനും പോലിസിലും പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

എന്റെ ഓഫിസ് നാട്ടുകാര്‍ക്കു വേണ്ടി തുറന്നിട്ടിരിക്കുയാണ്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കേയറി വരാം. ഇതു കാലങ്ങളായി കോഴിക്കോട്ടുകാര്‍ക്ക് അറിയാം. ഏതാനും ദിവസം മുന്‍പ് ഡല്‍ഹിയില്‍നിന്ന് രണ്ടു പേര്‍ കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ മനസിലാക്കാന്‍ എന്നു പറഞ്ഞ് എന്നെ വന്നുകണ്ടിരുന്നു. അവര്‍ രാഷ്ട്രീയത്തെക്കുറിച്ചൊക്കെ സംസാരിച്ചു. ആ സംസാരത്തില്‍ എന്റേതല്ലാത്ത ശബ്ദം എഡിറ്റ് ചെയ്ത് ചേര്‍ത്താണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. കോഴിക്കോട്ടെ ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഇതു വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. 2009ലും 2014ലും ഇത്തരം ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ തെരഞ്ഞെടുപ്പു കമ്മിഷനും പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. വ്യാജവാര്‍ത്തകളുടെ പ്രചാരണത്തിനു പിന്നില്‍ ആരായും നിയമത്തിനു മുന്നില്‍ കൊണ്ടുവരും. 

എന്റെ ജീവിതം തുറന്ന പുസ്തകമാണ്. നാട്ടുകാര്‍ക്ക് ദീര്‍ഘകാലമായി എന്നെ അറിയാം. എന്റെ രണ്ടു കൈകളും പരിശുദ്ധമാണ്. അതുകൊണ്ട് ഇതൊന്നും ഇവിടംവെച്ച് അവസാനിക്കില്ല. സഹായം ചോദിക്കുന്നവരോട് ഒരു എംപി എന്ന നിലയില്‍ എന്തു സഹായവും ചെയ്യാമെന്നേ ഇക്കാലം വരെ പറഞ്ഞിട്ടുള്ളൂ. നാട്ടുകാരെ സഹായിക്കുന്നതിനായി എന്റെ  ഓഫിസ് സദാ ജാഗരൂകമാണ്. അതുകൊണ്ട് ആരു സഹായം ചോദിച്ചാലും ഓഫിസ് സ്റ്റാഫിനെ സമീപിക്കാനാണ് പറയാറുള്ളത്. എനിക്ക് സ്ഥലക്കച്ചവടം ഇല്ല, ബിസിനസ് അറിയില്ല. ഇതിനു പിന്നില്‍ വേറെ ആളുകളുണ്ട്. അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും എം.കെ രാഘവന്‍ പറഞ്ഞു. 

web desk 1: