ന്യൂഡല്‍ഹി: പാര്‍ട്ടിയും നേതാക്കളും ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ സന്നദ്ധമാണ് എന്ന് രാഹുല്‍ഗാന്ധി. പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയത്. കൈയടികളോടെയാണ് നേതാക്കള്‍ രാഹുലിന്റെ പ്രസ്താവനയെ സ്വീകരിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷ പദം ഏറ്റെടുക്കുന്നതില്‍ രാഹുല്‍ വിമുഖത കാണിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഒരു വ്യക്തിക്ക് മാത്രം കോണ്‍ഗ്രസിന്റെ വിധിയെ മാറ്റാനാകില്ലെന്ന് രാഹുല്‍ പറഞ്ഞു. മധ്യപ്രദേശിലെ അശോക് ഗെലോട്ട് സര്‍ക്കാറിനെതിരെയും തമിഴ്‌നാട്ടിലെ പാര്‍ട്ടിക്കെതിരെയും രാഹുല്‍ വിമര്‍ശനം ഉന്നയിച്ചു. പഴയവരും പുതിയവരും എന്ന തരത്തലുള്ള ആഖ്യാനങ്ങളെ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോണിയ, രാഹുല്‍, പ്രിയങ്ക എന്നിവരും വിമതസ്വരം ഉയര്‍ത്തിയവരും അടക്കം മുതിര്‍ന്ന നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. യോഗം അഞ്ചു മണിക്കൂറോളം നീണ്ടതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

വിയോജിപ്പ് ഉയര്‍ത്തിയ 23 നേതാക്കളില്‍ നിന്ന് സോണിയാ ഗാന്ധി കാര്യങ്ങള്‍ ക്ഷമാപൂര്‍വ്വം കേട്ടതായി ഇന്ത്യ ടുഡേ പറയുന്നു.

പ്രിയങ്കയുടെ നിര്‍ദേശ പ്രകാരം കമല്‍നാഥ് ആണ് വിയോജിപ്പ് ഉയര്‍ത്തിയവരുമായി ചര്‍ച്ച നടത്തിയത്. ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, മനീഷ് തിവാരി, വിവേക് തന്‍ക, പൃത്ഥ്വിരാജ് ചവാന്‍, ഭുപേന്ദര്‍ സിങ് ഹൂഡ, ശശി തരൂര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സോണിയയുടെ വിശ്വസ്തരായ എകെ ആന്റണി, അംബിക സോണി, അശോക് ഗെലോട്ട്, ഹരീഷ് റാവത്ത്, പവന്‍ബന്‍സാല്‍, ടീം രാഹുലിലെ രണ്‍ദീപ് സിങ് സുര്‍ജേവാല, കെസി വേണുഗോപാല്‍, രാജീവ് സതവ് തുടങ്ങിയവരും ചര്‍ച്ചയുടെ ഭാഗമായി.