X
    Categories: keralaNews

ജലീലിനെ രക്ഷപ്പെടുത്താന്‍ പുതിയ അവതാരങ്ങള്‍ രംഗത്ത്

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെ.ടി ജലീല്‍ പൂര്‍ണമായും ഒറ്റപ്പെടുമ്പോള്‍ രക്ഷപ്പെടുത്താന്‍ പുതിയ അവതാരങ്ങള്‍ രംഗത്ത്. മതഗ്രന്ഥത്തെ വെച്ച് രാഷ്ട്രീയം കളിക്കുന്ന ജലീലിന്റെ രാഷ്ട്രീയത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിന്‍ നടക്കുന്നത്. ജലീലിനെതിരെ ഉയരുന്ന സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ മതഗ്രന്ഥത്തെ ബാധിക്കുമെന്ന പ്രചാരണമാണ് ഇക്കൂട്ടര്‍ നടത്തുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് മതഗ്രന്ഥത്തെ മനപ്പൂര്‍വ്വം വലിച്ചിട്ട് മതത്തേയും മതഗ്രന്ഥത്തേയും തെറ്റായ രീതിയില്‍ ഉപയോഗിച്ചത് ജലീലായിരുന്നു. ഈ യാഥാര്‍ത്ഥ്യം മറച്ചുവെച്ചാണ് ഇപ്പോള്‍ പ്രതിപക്ഷം മതഗ്രന്ഥത്തെ വിവാദമാക്കുന്നു എന്ന പ്രചാരണം നടക്കുന്നത്.

മതവും മതവിരുദ്ധതയും തരാതരം പോലെ എടുത്തുപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചതാണ് കെ.ടി ജലീലിന്റെ രാഷ്ട്രീയ ചരിത്രം. ഒരു രാഷ്ട്രീയ നേതാവും ചെയ്യാത്ത രീതിയില്‍ വിശുദ്ധ ഖുര്‍ആന്‍ പൊതുവേദിയില്‍ കൊണ്ടുവന്ന് തന്റെ രാഷ്ട്രീയ പ്രചാരണത്തിന് വിശ്വാസ്യത വരുത്താന്‍ ദുരുപയോഗം ചെയ്യുന്ന ജലീലിനെ കേരളം കണ്ടതാണ്. അതേസമയം സിപിഎം നേതൃത്വത്തിന്റെ പ്രീതി പിടിച്ചു പറ്റാന്‍ ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസപ്രമാണങ്ങളെപ്പോലും തള്ളിപ്പറയാന്‍ ജലീലിന് തെല്ലും മടിയില്ലായിരുന്നു. സര്‍വാദരണീയരായ പണ്ഡിത നേതൃത്വത്തെ നിന്ദ്യമായി അധിക്ഷേപിക്കാനും ജലീല്‍ മടി കാണിച്ചിട്ടില്ല. എന്നാല്‍ സ്വര്‍ണക്കടത്തില്‍ ആരോപണവിധേയനായതോടെ കേരളത്തിലേക്ക് ഖുര്‍ആന്‍ കൊണ്ടുവന്നതിന്റെ പേരില്‍ ക്രൂശിക്കപ്പെടുന്ന രക്തസാക്ഷിയായി ജലീല്‍ സ്വയം അവരോധിക്കുകയായിരുന്നു.

സിപിഎം നേതൃത്വവും ഇതേ വഴിയില്‍ തന്നെയാണ് ജലീലിനെതിരായ ആരോപണങ്ങളെ പ്രതിരോധിക്കുന്നത്. ജലീല്‍ ഈമാനുള്ള വിശ്വാസിയാണ്, സമരം ചെയ്യുന്നവര്‍ മുനാഫിഖുകളാണ് എന്നായിരുന്നു മന്ത്രി എ.കെ ബാലന്‍ പറഞ്ഞത്. ഖുര്‍ആന്‍ കൊണ്ടുവരുന്നത് പോലും ലീഗുകാര്‍ക്ക് ഇഷ്ടമില്ലാതായോ എന്നായിരുന്നു മുഖ്യമന്ത്രി ചോദിച്ചത്. ഇത്തരത്തില്‍ മതഗ്രന്ഥത്തെ അനാവശ്യമായി കള്ളക്കടത്തുമായി കൂട്ടിക്കെട്ടി വിവാദത്തിലേക്ക് വലിച്ചിട്ടത് കെ.ടി ജലീലായിരുന്നു. ഇതിന് പിന്തുണപ്രഖ്യാപിക്കുന്ന തരത്തിലുള്ള ക്യാമ്പയിനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പല ജലീല്‍ ഭക്തരും നടത്തിക്കൊണ്ടിരിക്കുന്നത്.

അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പിച്ചത് മുഖ്യമന്ത്രിയുടെ താല്‍പര്യപ്രകാരമാണ്. ഇത് സര്‍ക്കാറിന്റെ സുതാര്യതക്ക് ഉദാഹരണമായി അദ്ദേഹം എടുത്തുപറയുകയും ചെയ്തിരുന്നു. എന്നാല്‍ അന്വേഷണം മന്ത്രിയിലേക്ക് തിരിയുമ്പോള്‍ കേന്ദ്ര ഏജന്‍സികളെ കുറ്റപ്പെടുത്തി രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതിനാല്‍ ഖുര്‍ആനുമായി ബന്ധപ്പെട്ട് ദുരുപയോഗിക്കപ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ജലീലിനെതിരെ മിണ്ടരുതെന്നാണ് ചിലരുടെ വാദം. എന്നാല്‍ അലന്‍-താഹ വിഷയത്തില്‍ എന്‍ഐഎ അന്വേഷണത്തെ പുകഴ്ത്തിയ സിപിഎം നേതൃത്വം തന്നെയാണ് ഇത്തരത്തില്‍ വാദിക്കുന്നത് എന്നത് വലിയ വിരോധാഭാസമാണ്. തനിക്കെതിരായ അന്വേഷണത്തെ പ്രതിരോധിക്കാന്‍ മതത്തെയും മതഗ്രന്ഥത്തെയും ദുരുപയോഗം ചെയ്ത കെ.ടി ജലീലിനെ വിമര്‍ശിക്കുന്നതിന് പകരം സര്‍ക്കാറിന്റെ വീഴ്ചകള്‍ തുറന്നുകാട്ടാന്‍ ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷത്തെ വിമര്‍ശിക്കാനുള്ള താല്‍പര്യപ്പെടുന്നവര്‍ ജലീലിന്റെ തന്ത്രത്തില്‍ വീഴുകയാണ് തങ്ങളെന്ന സത്യം തിരിച്ചറിയേണ്ടതുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: