X

സമരം അവസാനിപ്പിച്ചില്ലെങ്കില്‍ നടപടി; ഡോക്ടര്‍മാര്‍ക്ക് അന്ത്യശാസനവുമായി മമത

കൊല്‍ക്കത്ത: സഹപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അന്ത്യശാസനം. സമരം അവസാനിപ്പിച്ച് നാല് മണിക്കൂറിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്നായിരുന്നു മമതയുടെ മുന്നറിയിപ്പ്. ജോലിയില്‍ പ്രവേശിക്കാത്തവര്‍ ഹോസ്റ്റല്‍ മുറി ഒഴിയണമെന്നും മമത പറഞ്ഞു.

പശ്ചിമംബംഗാളില്‍ എന്‍.ആര്‍.എസ് മെഡിക്കല്‍ കോളേജില്‍ നാല് ദിവസമായി ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നു. സമരത്തിന് പിന്നില്‍ ബി.ജെ.പി ഗൂഢാലോചനയുണ്ടെന്നും മമത ആരോപിച്ചു. സമരത്തിന് പിന്നില്‍ ബിജെപിയാണെന്നും ആസ്പത്രി നടപടികളെ ഇവര്‍ മനപൂര്‍വം അട്ടിമറിക്കുകയാണെന്നും ഇത് അനുവദിക്കാനാവില്ലെന്നും മമത പറഞ്ഞു.
കഴിഞ്ഞദിവസം എന്‍.ആര്‍.എസ് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തില്‍ രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ കയ്യേറ്റം ചെയ്തിരുന്നു. അക്രമത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് നീതി ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. സമരം പിന്നീട് മറ്റ് മെഡിക്കല്‍ കോളേജുകളിലേക്കും വ്യാപിക്കുകയായിരുന്നു. എമര്‍ജന്‍സി വാര്‍ഡുകളില്‍ അടക്കം കൂടുതല്‍ സുരക്ഷ ആവശ്യപ്പെട്ടാണ് ഡോക്ടര്‍മാരുടെ സമരം.
സമരം നടക്കുന്ന ആശുപത്രിയിലെ ഡോക്ടര്‍മാരുമായി മമത കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ മുദ്രാവാക്യം മുഴക്കുകയായിരുന്നു.
സമരത്തെ തുടര്‍ന്ന് നിരവധി രോഗികളാണ് ചികിത്സ കിട്ടാതെ പ്രയാസപ്പെടുന്നതെന്നും എത്രയും പെട്ടെന്ന് സമരം അവസാനിപ്പിക്കണമെന്നും മമത പറഞ്ഞു.

chandrika: