X

തെരുവുനായ നിയന്ത്രണം; കേന്ദ്ര ചട്ടങ്ങളില്‍ ഭേദഗതി വേണം: മന്ത്രി എം ബി രാജേഷ്

തെരുവുനായ നിയന്ത്രണം കാര്യക്ഷമമാക്കാന്‍ കേന്ദ്ര ചട്ടങ്ങളില്‍ ഭേദഗതി വേണമെന്നും ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. മലപ്പുറം പ്ലാനിങ് സെക്രട്ടറിയേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള കേന്ദ്ര നിയമം തെരുവുനായ നിയന്ത്രണത്തിന് ഒട്ടും പര്യാപ്തമല്ല. 2001 ല്‍ കൊണ്ടു വന്ന നിയമം തെരുവുനായ നിയന്ത്രണം ദുഷ്‌കരമാക്കുന്നതായിരുന്നു. 2023 മാര്‍ച്ചില്‍ നിയമത്തില്‍ ഭേദഗതി വരുത്തിയതോടെ തെരുവുനായ നിയന്ത്രണം അസാധ്യമാക്കുന്ന സ്ഥിതിവിശേഷമാണുണ്ടായത്. അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ അനുവദിക്കുന്ന സി.ആര്‍.പി.സി 133 എഫിന്റെ അടിസ്ഥാനത്തില്‍ തെരുവുനായകളെ കൊല്ലാനുള്ള സാധ്യത സര്‍ക്കാര്‍ ആലോചിക്കും. തെരുവുനായ വന്ധ്യംകരണത്തിനുള്ള നിര്‍വഹണ ഏജന്‍സിയായി കുടുംബശ്രീയെ തിരിച്ചു കൊണ്ട് വരുന്നതിനും സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് മന്ത്രി പറഞ്ഞു.

തെരുവുനായ നിയന്ത്രണം ഫലപ്രദമാകാന്‍ കേന്ദ്ര ചട്ടങ്ങളില്‍ അടിമുടി മാറ്റം അനിവാര്യമാണ്. ഈ വര്‍ഷം ചട്ടത്തില്‍ ഭേദഗതി വരുത്തിയതോടെ നിയന്ത്രണം കൂടുതല്‍ കടുപ്പിക്കുകയാണ് ഉണ്ടായത്. എ ബി സി കേന്ദ്രങ്ങള്‍ തുടങ്ങാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡിന്റെ സെര്‍ട്ടിഫിക്കറ്റ് ഓഫ് പ്രൊജക്ട് റെക്കഗനൈസേഷന്‍, ഓരോ കേന്ദ്രങ്ങളിലും ചുരുങ്ങിയത് 2,000 ശസ്ത്രക്രിയകള്‍ നടത്തിയ ഡോക്ടര്‍മാരുടെ സേവനം, ഓപ്പറേഷന്‍ തീയേറ്റര്‍, പ്രീ ഓപ്പറേറ്റീവ്-പോസ്റ്റ് ഓപ്പറേറ്റീവ് കെയര്‍ തുടങ്ങിയവ ഉറപ്പാക്കണം. സിസിടിവി ദൃശ്യങ്ങള്‍ പകര്‍ത്തി ചുരുങ്ങിയത് 30 ദിവസം സൂക്ഷിക്കണം. ശരിയായി നിര്‍മിച്ച പാചകപ്പുര, ഐസൊലേഷന്‍ വാര്‍ഡ്, റഫ്രിജറേറ്റര്‍, നീക്കം ചെയ്ത അവയവങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യം എന്നിവ വേണം. അവയവങ്ങള്‍ നാലംഗ സമിതി രാണ്ടാഴ്ച കൂടുമ്പോള്‍ എണ്ണിത്തിട്ടപ്പെടുത്തണം. ആറ് വയസ്സിന് താഴെയുള്ള നായകളെയും കുട്ടികളുള്ള പട്ടികളെയും പിടികൂടാന്‍ പാടില്ല തുടങ്ങിയ അപ്രായോഗിക നിര്‍ദ്ദേശങ്ങടങ്ങിയ പുതുക്കിയ ചട്ടങ്ങളാണ് 2023 മാര്‍ച്ച് പത്തിന് നിലവില്‍ വന്നത്. ഇവ പാലിച്ച് എ ബി സി കേന്ദ്രങ്ങള്‍ തുടങ്ങല്‍ സാധ്യമാകാത്ത അവസ്ഥയാണ്. ഇതിനകത്ത് നിന്നുകൊണ്ട് പരമാവധി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. 2022 സെപ്തംബര്‍ ഒന്ന് മുതല്‍ 2023 ജൂണ്‍ 11 വരെ 4,70,534 വളര്‍ത്തു നായകളെ വാക്സിനേറ്റ് ചെയ്യാന്‍ സാധിച്ചു. നേരത്തെ കുടുംബശ്രീക്ക് തെരുവുനായ വന്ധ്യംകരണത്തിനുള്ള നിര്‍വഹണ ഏജന്‍സിയായി പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നു. എട്ട് ജില്ലകളില്‍ ഇവരുടെ പ്രവര്‍ത്തനം സജീവമായിരുന്നു. ഇവിടെ 2017 മുതല്‍ 2021 വരെ 79,426 വന്ധ്യംകരണ ശസ്ത്രക്രിയകള്‍ നടത്താന്‍ കടുംബശ്രീക്ക് സാധിച്ചു. എന്നാല്‍ 2021ല്‍ അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ കുടുംബശ്രീയുടെ ഈ അംഗീകാരം എടുത്തുകളഞ്ഞു. ഇതോടെയാണ് വന്ധ്യംകരണം പ്രതിസന്ധിയിലായത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂലമായ നടപടികളുണ്ടായില്ല. ഈ വിലക്ക് നീക്കാനും കോടതിയെ സമീപിക്കും. അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ അനുവദിക്കുന്ന സി ആര്‍ പി സി 133 എഫിന്റെ അടിസ്ഥാനത്തില്‍ തെരുവുനായകളെ കൊല്ലാനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഉപാധികളോടെ മാത്രമെ ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍ പ്രവര്‍ത്തികമാക്കുകയൊള്ളു. നിലവില്‍ 428 പേര്‍ക്ക് നായപിടുത്തത്തിന് പരിശീലനം നല്‍കിയിട്ടുണ്ട്. 1000 പേര്‍ക്ക് കൂടി ഉടന്‍ പരിശീലനം നല്‍കും.. തദ്ദേശസ്ഥാപനങ്ങളില്‍ യുദ്ധകാലടിസ്ഥാനത്തില്‍ എ.ബി.സി കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഇതിന് സ്ഥലം കണ്ടെത്താനും എതിര്‍പ്പ് ഒഴിവാക്കാനും ആവശ്യമെങ്കില്‍ പോലീസിന്റെ സഹായവും നല്‍കും. എ.ബി.സി കേന്ദ്രങ്ങളൊരുക്കാന്‍ തദ്ദേശസ്ഥാനങ്ങള്‍ക്ക് 10.36 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. തുക നീക്കിവെക്കാത്തവര്‍ക്ക് പദ്ധതി ഭേദഗതി വരുത്തി തുക അടിയന്തരമായി നീക്കിവെക്കാനും അനുമതി നല്‍കിയിട്ടുണ്ട്. അറവ് മാലിന്യം പൊതു സ്ഥലത്ത് തള്ളുന്നത് കര്‍ശനമായി നിരോധിക്കും. ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ഇക്കാര്യം പരിശോധിച്ച് കര്‍ശനമായി നടപടിയെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

webdesk11: