X

കോവളത്ത് തെരുവുനായ ആക്രമണം; നിരവധി പേര്‍ക്ക് കടിയേറ്റു

കോവളത്ത് തെരുവുനായ ആക്രമണം. ഇതര സംസ്ഥാന തൊഴിലാളി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് കടിയേറ്റു. കോവളം തീരത്തുവെച്ചാണ് നായകളുടെ ആക്രമണം ഉണ്ടായത്. ബീച്ചില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന സുകു, കളിപ്പാട്ട കട നടത്തുന്ന മുത്താര്‍ തുടങ്ങി നിരവധി പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. സഞ്ചാരികളായി എത്തിയ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും കടിയേറ്റതായി പ്രദേശവാസികള്‍ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് 11 പേര്‍ക്ക് ഇന്ന് തെരുവ് നായയുടെ അക്രമത്തില്‍ കടിയേറ്റതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വടകരയില്‍ ഏഴ് പേര്‍ക്കും തളിപ്പറമ്പില്‍ മൂന്ന് പേര്‍ക്കും തൃശൂരില്‍ ഒരാള്‍ക്കുമാണ് ഇന്ന് നായയുടെ ആക്രമണം ഉണ്ടായത്. വടകര നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണ്. വടകരയില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്കും മറ്റ് അഞ്ച് പേര്‍ക്കുമാണ് കടിയേറ്റത്.

വെള്ളിയാഴ്ച രാവിലെ നഗരത്തിലെ സ്‌കൂളിലേക്ക് പോകുന്നതിനിടയിലാണ് വിദ്യാര്‍ത്ഥികളെ നായ ആക്രമിച്ചത്. മറ്റുള്ള അഞ്ചു പേര്‍ക്ക് പുതിയ ബസ് സ്റ്റാന്റ്, മേപ്പയില്‍, പാര്‍ക്ക് റോഡ്, എടോടി എന്നിവിടങ്ങളില്‍ നിന്നാണ് കടിയേറ്റത്. ആക്രമണത്തില്‍ പരിക്കേറ്റവര്‍ വടകരയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിലാണ് മറ്റൊരു തെരുവ് നായ ആക്രമണം ഉണ്ടായത്. പരിക്കേറ്റയാളെ തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

webdesk13: