X

‘വടക്കന്‍ കേരളം ഭീകരവാദ ശൃംഖല’: വിവാദ പരാമര്‍ശവുമായി കേരള സ്‌റ്റോറി സംവിധായകന്‍

കേരളത്തെപ്പറ്റി വിവാദ പരാമര്‍ശവുമായി ‘ദി കേരള സ്‌റ്റോറി’ സംവിധായകന്‍ സുദിപ്‌തോ സെന്‍. കേരളത്തില്‍ മലപ്പുറവും കാസര്‍ഗോഡും കോഴിക്കോടും ഭീകരവാദത്തിന്റെ കേന്ദ്രമാണെന്ന് സുദിപ്‌തോ സെന്‍ ആരോപിച്ചു. മുംബൈയില്‍ ഈ മാസം 17നു നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സെന്‍.

രണ്ട് കേരളമാണ് ഉള്ളതെന്ന് സെന്‍ പറഞ്ഞു. ഒരു കേരളം സുന്ദരമാണ്. സുന്ദരമായ സ്ഥലങ്ങളുണ്ട്. കളരിപ്പയറ്റ്, നൃത്തം, സംസ്‌കാരം, കളരിപ്പയറ്റ് ആനകള്‍ എന്നിങ്ങനെ പുറം ലോകത്തിനറിയുന്ന കാര്യങ്ങളവിടെയുണ്ട്. എന്നാല്‍, രണ്ടാം കേരളം മംഗലാപുരം അടക്കമുള്ള വടക്കന്‍ കേരളമാണ്. ഇതൊരു ഭീകരവാദ കേന്ദ്രമാണ്. കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ് എത്ര കൂടുതല്‍ അവിടം സന്ദര്‍ശിക്കുന്നോ അത്രയധികം കഥകള്‍ അവിടെനിന്ന് ലഭിക്കും. അത്രയധികം വിവരങ്ങള്‍ ലഭിക്കും. സാക്ഷരതയിലും മാനവവികസന സൂചികയിലും ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനത്ത് രഹസ്യമായി എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. സിനിമാക്കാരെ ചോദ്യം ചെയ്യുന്നതിനു പകരം മാധ്യമപ്രവര്‍ത്തകര്‍ കേരളത്തില്‍ പോയി കാസര്‍കോട് പോലുള്ള സ്ഥലങ്ങളില്‍ എന്താണ് നടക്കുന്നതെന്ന് നിരീക്ഷിക്കണമെന്നും സുദീപ്‌തോ സെന്‍ പറഞ്ഞു.

രാജ്യം മുഴുവന്‍ കേരള സ്‌റ്റോറിയുടെ ടിക്കറ്റ് നിരക്കില്‍ കുറവ് വരുത്തണം എന്ന് സെന്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇതിനായി നികുതിയില്‍ ഇളവ് വരുത്തണം. പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. അതിനായി ലോകം മുഴുവന്‍ കേരള സ്‌റ്റോറി പ്രദര്‍ശിപ്പിക്കണം. കൂടാതെ സിനിമ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും സിനിമയുടെ സംവിധായകന്‍ സുദീപ്‌തോ സെന്‍ പറഞ്ഞു.

32,000 സ്ത്രീകളെ മതംമാറ്റി ഐഎസില്‍ ചേര്‍ത്തെന്ന ദുഷ്പ്രചാരം നടത്തുന്ന രീതിയിലുള്ള ടീസര്‍ ഇറങ്ങിയതിനെ തുടര്‍ന്നാണ് ദ കേരള സ്‌റ്റോറി വിവാദത്തിലായത്. സിനിമയെ എതിര്‍ത്ത് നിരവധിപേരാണ് രാജ്യത്തിന്റെ പലയിടങ്ങളിലായി രാഷ്ട്രിയ പാര്‍ട്ടികള്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു.

webdesk14: