കാര്‍ഷിക മേഖലയിലെ പെണ്‍കരുത്തിന് മുസ്‌ലിംലീഗിന്റെ അംഗീകാരം. പാടത്ത് ട്രാക്ടറോടിക്കുന്ന സുനീറ പൊറ്റമ്മല്‍ ഇനി മൊറയൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ഭരണ ചക്രം തിരിക്കും. യു.ഡി.എഫിന്റെ ഉരുക്കുകോട്ടയായ മൊറയൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് അരിമ്പ്രയില്‍ നിന്ന് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായി വിജയിച്ച സുനീറ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റു. തുടര്‍ച്ചായായി മൂന്നാം തവണയാണ് പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്.

മഹിള കിസാന്‍ ശാക്തീകരണ പരിയോജന മലപ്പുറം ബ്ലോക്ക് പ്രസിഡന്റായ സുനീറ സ്വന്തം അധ്വാനത്തിലൂടെ കാര്‍ഷിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കാര്‍ഷിക വൃത്തിയ്ക്ക് ഉപയോഗിക്കുന്ന ട്രാക്ടര്‍, കൊയ്ത്ത് യന്ത്രം തുടങ്ങിയവ സ്വയം ഓടിക്കുകയും മറ്റു കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുന്നുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ ഒട്ടേറെ സഹായങ്ങള്‍ ഇതുവഴി കര്‍ഷകരിലെത്തിക്കാന്‍ മിടുക്കിയാണ് സുനീറ.

മലപ്പുറം നോര്‍ത്ത് വുമണ്‍ ലേബര്‍ ബാങ്ക് ഫെഡറേഷന്‍ കോര്‍ഡിനേറ്റര്‍, മൊറയൂര്‍ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് അംഗം, വനിതാ ലീഗ് ജില്ലാ കമ്മിറ്റി അംഗം, നിര്‍മാണ തൊഴിലാളി എസ്.ടി.യു യൂണിറ്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരുന്നു. സുനീറയുടെ പരിചയ സമ്പത്തില്‍ മൊറയൂരിന്റെ മുഖച്ഛായ മാറുന്ന വികസനം ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. ഡിഗ്രിക്ക് പഠിക്കുന്ന ജസീല്‍, ബിന്‍സി റിഫ് ലി എന്നിവര്‍ മക്കളാണ്. ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. മൊറയൂരിന്റെ വൈസ് പ്രസിഡന്റായി പതിനെട്ടാം വാര്‍ഡ് ഒഴുകൂര്‍ കുന്നക്കാട് നിന്നുള്ള ജലീലാണ് ചുമതലയേറ്റത്. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് നിറ സാന്നിദ്ധ്യമായ ജലീല്‍ ജിദ്ദ കെ.എം.സി.സി മൊറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയുടെ വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍, ഒഴുകൂര്‍ സി.എച്ച് സെന്റര്‍ സൗദി ചാപ്റ്റര്‍ പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ച വ്യക്തിയാണ്.