X
    Categories: CultureNewsViews

നിഖാബ് നിരോധനം സ്വാഗതാര്‍ഹം; ലെഗ്ഗിന്‍സ് നിരോധനം പ്രതിഷേധാര്‍ഹം: സുനില്‍ പി ഇളയിടം

കോഴിക്കോട്: എം.ഇ.എസ് നേതൃത്വം തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിഖാബ് നിരോധിച്ചതിനെ സ്വാഗതം ചെയ്തുകൊണ്ടും ലെഗ്ഗിന്‍സ് നിരോധിച്ചതിനെ എതിര്‍ത്തുകൊണ്ടും ഇടതുപക്ഷ ചിന്തകന്‍ സുനില്‍ പി.ഇളയിടം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. നിഖാബ് ധരിക്കുന്നത് സ്ത്രീയുടെ സ്വന്തം ഇഷ്ടപ്രകാരമല്ലെന്നും അത് സ്ത്രീ വിരുദ്ധമായ വസ്ത്രമാണെന്നും സുനില്‍ പി ഇളയിടം പറയുന്നു. മതജീവിതത്തിലോ ചരിത്രത്തിലോ അതിന് യഥാര്‍ത്ഥ വേരുകളില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ നിഖാബിനൊപ്പം ലെഗ്ഗിന്‍സ് നിരോധിച്ച എം.ഇ.എസ് നിലപാടിനെ അദ്ദേഹം വിമര്‍ശിക്കുന്നു. സ്ത്രീകളുടെ സ്വാതന്ത്രബോധത്തിന്റെയും സ്വാധികാരത്തിന്റെയും ആവിഷ്‌കാരമാണ് ലെഗ്ഗിന്‍സ്. അത് ധരിക്കുന്നതിനെ എതിര്‍ക്കുന്നത് സ്ത്രീ വിരുദ്ധ നിലപാടാണെന്നാണ് സുനില്‍ പി ഇളയിടം പറയുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനുള്ള എം.ഇ. എസ്. മാനേജ്മെന്റിന്റെ തീരുമാനം സാർവത്രികമായി സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. സ്വന്തം വസ്ത്രം തെരഞ്ഞെടുക്കാനുള്ള വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രശ്നം ഇതിൽ ഉന്നയിക്കാമെങ്കിലും , മുഖാവരണമടക്കമുള്ള വസ്ത്രങ്ങൾ അത്തരം തെരഞ്ഞെടുപ്പിന്റെ ഫലമായല്ല കേരളത്തിൽ വ്യാപിച്ചത്.നമ്മുടെ മതജീവിതത്തിലോ ചരിത്രത്തിലോ അതിന് യഥാർത്ഥമായ വേരുകളില്ല. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ മതയാഥാസ്ഥിതികത്വവും മതതീവ്രതയും കൈകോർത്ത് സ്ത്രീജീവിതത്തിൽ അടിച്ചേൽപ്പിച്ച പല നിയന്ത്രണങ്ങളിൽ ഒന്നാണത്. സ്ത്രീയുടെ സ്വാധികാരത്തിനു മേലുള്ള മതാധികാരത്തിന്റെയും പുരുഷാധിപത്യത്തിന്റെയും കടന്നുകയറ്റം മാത്രമേ അതിലുള്ളൂ.

മുഖാവരണ നിരോധനത്തോടൊപ്പം ജീൻസും ലെഗ്ഗിൻസും പോലുള്ള വസ്ത്രങ്ങളും തങ്ങളുടെ സ്ഥാപനങ്ങളിൽ നിരോധിക്കാൻ എം.ഇ. എസ്. തീരുമാനിച്ചതായാണ് വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത്. ആ വാർത്ത ശരിയാണെങ്കിൽ അങ്ങേയറ്റം അസ്വീകാര്യവും ശക്തമായി എതിർക്കപ്പെടേണ്ടതുമായ തീരുമാനമാണത്. ഇന്ന് ജീൻസ് ഉൾപ്പെടെയുള്ളവ തങ്ങളുടെ സൗകര്യത്തിന്റെയും സ്വാതന്ത്ര്യബോധത്തിന്റെയും സ്വാധികാരത്തിന്റെയും ആവിഷ്കാരമെന്ന നിലയിൽ സ്ത്രീകൾ ധരിക്കുന്ന വസ്ത്രങ്ങളാണ്. മധ്യവർഗ്ഗത്തിന്റെ കൃത്രിമസദാചാരമാണ് അവയ്ക്ക് എതിരായ നിലപാടിന് പിന്നിലുള്ളത്. മത യാഥാസ്ഥിതികത്വത്തിന്റെ വീക്ഷണഗതികൾ പോലെ തന്നെ എതിർക്കപ്പെടേണ്ടതാണ് ഇത്തരം കാഴ്ചപ്പാടുകളും.

ഇതിലെ അടിസ്ഥാനപ്രശ്നം സ്ത്രീ ശരീരത്തിനു മേലുള്ള പുരുഷാധിപത്യത്തിന്റെയും മതാധികാരത്തിന്റെയും നിയന്ത്രണങ്ങൾ അവസാനിപ്പിക്കുക എന്നതാണ്. സ്ത്രീയെ സമ്പൂർണ്ണയായ സ്വതന്ത്രവ്യക്തിയായി കാണാനും അംഗീകരിക്കാനും തയ്യാറാവുക എന്നതാണ്.
അതിനു സഹായകമായ ഏതു നിലപാടും എത്രയും സ്വാഗതാർഹമാണ്.
അതിനെതിരായ ഏതു നിലപാടും
അത്രതന്നെ എതിർക്കപ്പെടേണ്ടതുമാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: