ജീവിതത്തിലെ ദമ്പതികള്‍ സിനിമയിലും ദമ്പതികളായത് പ്രേക്ഷകര്‍ക്ക് കൗതുകമായി. തിരുവോണ ദിനത്തില്‍ നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്ത സിനിമയാണ് ജേക്കബ് ഗ്രിഗറി നായകനായ ‘മണിയറയിലെ അശോകന്‍. ഈ ചിത്രത്തിലാണ് നടന്‍ സണ്ണിവെയ്‌നും ഭാര്യ രഞ്ജിനിയും ഭാര്യാഭര്‍ത്താക്കന്‍മാരായി എത്തിയത്. വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ജേക്കബ് ഗ്രിഗറിയും ചേര്‍ന്ന് നിര്‍മ്മിച്ചതാണ് ചിത്രം. നവാഗതനായ ഷംസു സായ്ബാ സംവിധാനം നിര്‍വഹിച്ച ചിത്രം സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ്. ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് നായകനും നായികയുമായി സിനിമയിലുള്ളത്.

ദുല്‍ഖര്‍ സല്‍മാന്‍, അനു സിത്താര ഉള്‍പ്പെടെ നിരവധി ഗസ്റ്റ് റോളുകളും സിനിമയിലുണ്ട്. ഇവയൊക്കെ കൂടാതെ മറ്റൊരു കിടിലന്‍ ഗസ്റ്റ് റോളുമുണ്ട്. അതോടൊപ്പം മറ്റൊരു ഗസ്റ്റ് റോളുമുണ്ട് സിനിമയില്‍. ചിത്രത്തില്‍ നടന്‍ സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്ന അജയന്‍ എന്ന കഥാപാത്രം. അജയന്റെ ഭാര്യയായി എത്തിയിരിക്കുന്നത് യഥാര്‍ത്ഥ ജീവിതത്തില്‍ സണ്ണിയുടെ ഭാര്യ തന്നെയായ രഞ്ജിനിയാണ്.

ഇവരുടെ പോസ്റ്റര്‍ സിനിമയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. സിനിമയുടെ ഏറെ രസകരമായ രംഗമാണ് ഭാര്യയും ഭര്‍ത്താവും ഒന്നിച്ചെത്തുന്ന ഈ രംഗം. പ്രേക്ഷകര്‍ക്കും ഇത് ഏറെ കൗതുകം നിറച്ച രംഗമായി അനുഭവപ്പെട്ടുവെന്നാണ് അറിയാന്‍ കഴിയുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത്.

ഗ്രിഗറിക്ക് പുറമെ ഷൈന്‍ ടോം ചാക്കോ, കൃഷ്ണശങ്കര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ്, ഒനിമ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. വിനീത് കൃഷ്ണന്‍ തിരക്കഥയും സജാദ് കാക്കു ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും ശ്രീഹരി കെ നായര്‍ സംഗീതവും നിര്‍വഹിക്കുന്നതാണ് ചിത്രം.