ന്യൂഡല്‍ഹി: മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ സുരഭി ലക്ഷ്മിയോട് അവസാന റൗണ്ടില്‍ മത്സരിച്ചത് ബോളിവുഡ് താരം ഐശ്വര്യറായി ബച്ചന്‍. സരബ്ജിത് എന്ന സിനിമയില്‍ ഐശ്വര്യറായിക്ക് അവാര്‍ഡ് നല്‍കണമെന്ന് ജൂറി അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍ മറ്റ് അംഗങ്ങള്‍ മിന്നാമിനുങ്ങ് ചിത്രത്തിലെ മികച്ച പ്രകടനത്തില്‍ സുരഭിക്കു നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അതേസമയം വിനായകന് ദേശീയ പുരസ്‌കാരം നഷ്ടമായത് കമ്മട്ടിപ്പാടം ചിത്രത്തിലെ നായകനല്ലെന്ന പേരിലാണ്. നായകന്‍ ദുല്‍ക്കര്‍ സല്‍മാന്‍ ആണെന്നും വിനായകന്‍ സൈഡ് റോളില്‍ ആണെന്നും പറയുകയായിരുന്നു. ദേശീയ അവാര്‍ഡ് നിയമപ്രകാരം നായകനെ മാത്രമേ മികച്ച നടനായി പരിഗണിക്കാനാവൂ എന്നാണ് ജൂറി അംഗങ്ങള്‍ പറയുന്നത്. വിനായകന്‍ സഹനടനായി അവസാന റൗണ്ട് വരെ എത്തിയിരുന്നു. വോട്ടെടുപ്പ് നടത്തിയാണ് മികച്ച സഹനടനുള്ള അവാര്‍ഡ് തീരുമാനിച്ചത്. മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ട മനോജ് ജോഷിയേക്കാള്‍ രണ്ടു വോട്ടു കുറവു ലഭിച്ചതാണ് വിനായകന് അവാര്‍ഡ് നഷ്ടമായത്.
ബോളിവുഡ് താരം ആമിര്‍ഖാനെ മികച്ച നടനായി പരിഗണിക്കാന്‍ സാധ്യതയുണ്ടായിരുന്നെങ്കിലും നേരത്തെ അദ്ദേഹം നടത്തിയ പ്രസ്താവനകളാണ് അവാര്‍ഡ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. താന്‍ അവാര്‍ഡില്‍ വിശ്വസിക്കുന്നില്ലെന്നും സ്വീകരിക്കില്ലെന്നുമായിരുന്നു ആമിറിന്റെ പ്രസ്താവന.