X

മിച്ചഭൂമി കേസ്; 5 വര്‍ഷത്തിനിടയില്‍ 17 ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി; സര്‍ക്കാരില്‍ നിന്ന് വഴിവിട്ട സഹായം ലഭിച്ചെന്ന ആക്ഷേപം

മിച്ചഭൂമി കേസ് അട്ടിമറിക്കാന്‍ പി.വി അന്‍വറിന് സര്‍ക്കാരില്‍ നിന്ന് വഴിവിട്ട സഹായം കിട്ടിയെന്ന വിമര്‍ശനം ശക്തം. മിച്ചഭൂമി തിരിച്ചു പിടിക്കേണ്ട ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ തസ്തികയില്‍ അടിക്കടി സ്ഥലംമാറ്റം നടത്തിയായിരുന്നു റവന്യൂ വകുപ്പ് അന്‍വറിന് ഒത്താശ ചെയ്തത്. അഞ്ച് വര്‍ഷത്തിനിടെ 17 ഉദ്യോഗസ്ഥരാണ് താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തെത്തിയത്.

ഭൂപരിഷ്‌കരണ നിയമം അനുസരിച്ച് ഒരു വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന പരമാവധി ഭൂമിയുടെ പരിധി 15 ഏക്കര്‍ ആണ്. എന്നാല്‍ പി വി അന്‍വറിന്റെ പേരില്‍ പരിധിയില്‍ കവിഞ്ഞ ഭൂമിയുണ്ട്. പിവി അന്‍വര്‍ തന്നെ സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലം ഇതിന് തെളിവെന്ന് കാട്ടി വിവരാവകാശ പ്രവര്‍ത്തകനായ കെ വി ഷാജിയാണ് പരാതി നല്‍കിയത്.

പിന്നാലെ സ്‌റ്റേറ്റ് ലാന്‍ഡ് ബോര്‍ഡ് താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡിന് 2017 ല്‍ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കി. അന്നത്തെ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ ആയിരുന്ന എന്‍.കെ എബ്രഹാം പ്രാഥമിക അന്വേഷണം നടത്തി. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ട് ലാന്‍ഡ് സീലിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്‍വറിന് നോട്ടീസ് അയച്ചു. തൊട്ടു പിന്നാലെ ഉദ്യോഗസ്ഥനെ കണ്ണൂരിലേക്ക് സ്ഥലംമാറ്റി. പിന്നീട് ഈ തസ്തികയില്‍ മാറിമാറി വന്നത് 17 ഉദ്യോഗസ്ഥരാണ്. ഇതില്‍ രണ്ടാഴ്ച മാത്രം ചുമതലയില്‍ ഇരുന്ന ഉദ്യോഗസ്ഥരും ഉണ്ട്.

അന്‍വര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അന്വേഷണം പ്രഹസനമായി മാറുകയാണെന്നും ആരോപിച്ചാണ് ഷാജി ഹൈക്കോടതിയെ സമീപിച്ചത്. പരിധിയില്‍ കവിഞ്ഞ ഭൂമി വിവിധ കമ്പനികളുടെ പേരിലാണെന്ന വാദമായിരുന്നു അന്‍വറിന്റെ അഭിഭാഷകന്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡില്‍ ഉന്നയിച്ചത്. എന്നാല്‍ കമ്പനികള്‍ക്ക് ഭൂപരിഷ്‌കരണ നിയമ പ്രകാരം ഭൂപരിധിയില്‍ ഇളവുണ്ടെങ്കിലും അന്‍വറിന്റെ കമ്പനികള്‍ പലതും കടലാസ് കമ്പനികള്‍ മാത്രമാണെന്നും ഇത് ഭൂപരിധി നിയമം അട്ടിമറിക്കാന്‍ വേണ്ടി തട്ടിക്കൂട്ടിയതാണെന്നുമായിരുന്നു ഷാജിയുടെ വാദം.

അന്‍വറിന്റെയും കുടുംബാംഗങ്ങളുടെയും പേരില്‍ പരിധിയില്‍ കവിഞ്ഞ ഭൂമി ഉള്ളതിന്റെ രേഖകള്‍ ഷാജി കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ പരിശോധനയില്‍ 22 ഏക്കര്‍ ഭൂമി മാത്രമാണ് കണ്ടെത്താനായതെന്ന് താമരശ്ശേരി ലാന്‍ഡ് ബോര്‍ഡ് കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കൂടുതല്‍ അന്വേഷണത്തിന് സാവകാശം അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്. കോടതി ഈ ആവശ്യം തള്ളുകയായിരുന്നു.

webdesk13: