ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി സുഷമാസ്വരാജിനെ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ചില മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. സുഷമാ സ്വരാജിനു പുറമെ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മു എന്നിവരുടെ പേരുകളും പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായും ഇടതുനേതാവ് സീതാറാം യെച്ചൂരിയുമായും നടക്കുന്ന ചര്‍ച്ചയില്‍ സുഷമ സ്വരാജിന്റെ പേര് ബി.ജെ.പി മുന്നോട്ടുവെക്കും. ആര്‍.എസ്.എസ്-ബി.ജെ.പി സ്രോതസ്സുകളെ അടിസ്ഥാനപ്പെടുത്തിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. സുഷമയെപ്പോലുള്ള ജനകീയ നേതാവിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ ആര്‍.എസ്.എസിനും പൂര്‍ണ്ണപിന്തുണ ഉണ്ടെന്നാണ് സൂചനകള്‍. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കള്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ സുഷമാ സ്വരാജിന്റെ പേര് സജീവമായി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാനോ പ്രസ്താവനകളിറക്കാനോ സുഷമയുമായി ബന്ധമുള്ള അടുത്തവൃത്തങ്ങള്‍ തയ്യാറായിട്ടില്ല. ബി.ജെ.പിയുടെ നേതാവായിരിക്കുമ്പോഴും സോണിയാഗാന്ധിയുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ് സുഷമസ്വരാജ്. നിലവില്‍ വിദേശകാര്യമന്ത്രിയായ സുഷമയുടെ പ്രവര്‍ത്തനങ്ങളും ഏറെ പ്രശംസനീയമാണ്.