X

സുശാന്തിന്റെ മരണം ‘കൊലപാതക’മാക്കിയത് ബിജെപി

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംങിന്റെ മരണം കൊലപാതകമെന്ന സംശയങ്ങളിലേക്ക് ചര്‍ച്ച നയിച്ചതിനു പിന്നില്‍ ബിജെപിയെന്ന് റിപ്പോര്‍ട്ട്. മിഷിഗന്‍ യൂണിവേഴ്‌സിറ്റിയുടെ പഠനത്തിലൂടെയാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ സുശാന്തിന്റെ മരണം സംബന്ധിച്ച വിവാദത്തിനായെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. സുശാന്തിന്റെ മരണം കൊലപാതകമല്ലെന്നും അദ്ദേഹം ജീവനൊടുക്കിയതാണെന്നും ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) വിദഗ്ധ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ജൂണ്‍ 14 നാണ് മുംബൈയിലെ വസതിയില്‍ സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന്, അതൊരു കൊലപാതകമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയയിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം വന്‍തോതില്‍ പ്രചരിച്ച കൊലപാതക അഭ്യൂഹത്തിനു പിന്നില്‍ ബിജെപിക്കു നിര്‍ണായക പങ്കുണ്ടെന്നാണ് ‘അനാട്ടമി ഓഫ് എ റൂമര്‍: സോഷ്യല്‍ മീഡിയ ആന്‍ഡ് ദ് സൂയിസൈഡ് ഓഫ് സുശാന്ത് സിങ് രാജ്പുത്’ എന്ന പഠനം പറയുന്നത്.

ജൂണ്‍ 14 മുതല്‍ സെപ്റ്റംബര്‍ 12 വരെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച കാര്യങ്ങള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. അക്കാലയളവില്‍ മറ്റേതു വിഷയത്തേക്കാളും സുശാന്തിന്റെ മരണത്തെക്കുറിച്ചുള്ള ട്വീറ്റുകള്‍ക്കാണു കൂടുതല്‍ റീട്വീറ്റുകള്‍ ഉണ്ടായിരിക്കുന്നത്. നടന്റെ വിഷാദരോഗത്തെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും ബോളിവുഡില്‍ സുശാന്ത് നേരിട്ട വെല്ലുവിളികളെക്കുറിച്ചുമാണ് ആദ്യഘട്ടത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നത്.

ദിവസങ്ങള്‍ പിന്നിട്ടതോടെ ചര്‍ച്ചകള്‍ പലതരം ഗൂഢാലോചനാ സിദ്ധാന്തങ്ങളിലേക്കു വഴിമാറി. കൊലപാതകമാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ പ്രചരിപ്പിച്ചതിലും വിവാദങ്ങളുയര്‍ത്തിയതിലും സജീവമായിരുന്നു ബിജെപി നേതാക്കളെന്നും പഠനം വിശദീകരിക്കുന്നു. സുശാന്തിന്റെ മരണത്തിനു പിന്നില്‍ പാക്കിസ്ഥാനു പങ്കുണ്ടെന്നും ദാവൂദ് ഇബ്രാഹിമും ബോളിവുഡ് താരങ്ങളും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.’-പഠനത്തില്‍ പറയുന്നു.

ബിജെപി നേതാക്കള്‍ മുംബൈ പൊലീസിനെ ലക്ഷ്യമിട്ടതെങ്ങിനെയെന്ന് ചാര്‍ട്ടുകള്‍ സഹിതം പഠനം വ്യക്തമാക്കുന്നുണ്ട്. കോവിഡ് കാലത്ത് പല രാഷ്ട്രീയ നേതാക്കളും ജനശ്രദ്ധ നേടാനായി സുശാന്ത് കേസ് ഉപയോഗിച്ചെന്ന് പഠനത്തില്‍ പറയുന്നു. ലഹരിമരുന്നു കേസില്‍ സ്ത്രീകളെ മാത്രം ലക്ഷ്യമിട്ടുള്ള നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണത്തെക്കുറിച്ചും പഠനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇവരെ മാത്രം ലക്ഷമിട്ടാണു ട്രോളുകളും സമൂഹമാധ്യമ ചര്‍ച്ചകളുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

 

chandrika: