X
    Categories: indiaNews

സ്വാമി അഗ്‌നിവേശ്; മതന്യൂനപക്ഷങ്ങളുടെ പോരാളി, മതേതരത്വത്തിന്റെ കാവലാള്‍

ന്യൂഡല്‍ഹി: ആര്യ സമാജം പണ്ഡിതനും സാമൂഹ്യ പ്രവര്‍ത്തകനും സ്ത്രീ വിമോചന പോരാളിയുമായിരുന്നു സ്വാമി അഗ്നിവേശ്. 1939ല്‍ ഇന്നത്തെ ഛത്തീസ്ഗഢിലെ ജന്‍ജ്ഗീര്‍ചമ്പ ജില്ലയില്‍ ജനിച്ച സ്വാമി അഗ്നിവേശ് എന്ന ശ്യാം വേപ റാവു എണ്‍പതാം വയസ്സില്‍ കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്റ് ബൈലറി സയന്‍സില്‍ വെച്ചാണ് ഇന്ന് മരണപ്പെട്ടത്.

നിയമത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദധാരിയായ അദ്ദേഹം 1963 മുതല്‍ 1968 വരെ കല്‍ക്കട്ടയിലെ സെന്റ് സേവ്യര്‍ കോളേജില്‍ ബിസ്സിനസ്സ് മാനാജ്മെന്റില്‍ അധ്യാപകനായിരുന്നു. 1968 ല്‍ വീടും ജോലിയും ഉപേക്ഷിച്ച് ഹരിയാനയിലേക്ക് വന്നു. അവിടെ ആര്യസമാജത്തില്‍ ചേരുകയും സന്യാസം സ്വീകരിക്കുകയും ചെയ്തു. ആര്യസഭ എന്ന രാഷ്ട്രീയ സംഘടനയും അദ്ദേഹം അവിടെ വെച്ച് രൂപീകരിച്ചു. തുടര്‍ന്ന് 1977 ല്‍ ഹരിയാനയിലെ നിയമസഭാംഗമാവുകയും വിദ്യാഭ്യാസ മന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നാലെ പാര്‍ലമെന്ററി രാഷ്ട്രീം ഉപേക്ഷിക്കുകയായിരുന്നു അദ്ദേഹം.

മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങള്‍, ജാതി വിരുദ്ധ സമരങ്ങള്‍, തൊഴില്‍ സമരങ്ങള്‍, മദ്യത്തിനെതിരായുള്ള പ്രചരണം, സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രത്യാകിച്ചും അവരുടെ വിദ്യാഭ്യാസത്തിനും വേദപാരയണത്തിനുമുള്ള അവകാശത്തിനായുള്ള പോരാട്ടം തുടങ്ങി നിരവധി സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് അഗ്‌നിവേശ് ചുക്കാന്‍ പിടിച്ചിട്ടുണ്ട്. 2011ൽ രണ്ടാം യുപിഎ സര്‍ക്കാരിൻ്റെ തോൽവിയ്ക്ക് മുന്നോടിയായി, ജൻ ലോക് പാൽ ബിൽ പാസാക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന ഇന്ത്യ എഗൈൻസ്റ്റ് കറപ്ഷൻ പ്രക്ഷോഭത്തിൽ അണ്ണാ ഹസാരെയ്ക്കൊപ്പം സ്വാമി അഗ്നിവേശ് നേതൃനിരയിലുണ്ടായിരുന്നു.

തന്റെ എഴുത്തുകളിലൂടെയും നിലപാടുകളിലൂടെ സംഘ്പരിവാര്‍-ഹിന്ദു തീവ്രവാദത്തിനെതിരെ പോരാട്ടം നടത്തിയ സ്വാമി അഗ്‌നിവേശ്. ഹിന്ദു തീവ്ര ഗ്രൂപ്പുകളുടെ കണ്ണിലെ കരടായി മറിയിരുന്നു. സ്വാമിയുടെ നിലപാടുകള്‍ക്കെതിരെ പലവട്ടം പരസ്യമായ സംഘ്പരിവാര്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. ഇത്തരത്തിലൊരു ഭീഷണി അവഗണിച്ച് അദ്ദേഹം നടത്തി ജാര്‍ഖണ്ഡ് സന്ദര്‍ശനം വലിയ വാര്‍ത്തയായിരുന്നു. ബിജെപി ആര്‍എസ്എസും വിശ്വഹിന്ദു പരിഷത്ത് ടീം അദ്ദേഹത്തെ കൈയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. ജാര്‍ഖണ്ഡിലെ പാകുര്‍ മേഖലയില്‍ വച്ചായിരുന്നു ആക്രമണം.

നരേന്ദ്ര ദബോല്‍ക്കര്‍ മുതല്‍ ഗൗരി ലങ്കേഷ് വരെ രാജ്യത്ത് മതനിരപേക്ഷവാദികളായ എഴുത്തുകാര്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും നേരെ വലിയ രീതിയിലുള്ള ആക്രമണം നടന്നുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു അഗ്‌നിവേശിനെതിരേയുമുള്ള ആക്രമണം. കടുത്ത ക്രൂരതയാണ് സ്വാമിയോട് സംഘ്പരിവാര്‍ കാണിച്ചത്. മര്‍ദിച്ചതിന് പുറമേ അഗ്‌നിവേശിന്റെ വസ്ത്രങ്ങള്‍ ഇവര്‍ വലിച്ചുകീറുകയും ചെയ്തു. ജാര്‍ഖണ്ഡില്‍ അഗ്‌നിവേശിന്റെ സന്ദര്‍ശനത്തിനെതിരെ ബിജെപി നേരത്തെ തന്നെ പ്രതിഷേധത്തിലായിരുന്നു. അതിന് പിന്നാലെയുണ്ടായ ആക്രമണം ആസൂത്രിതമായിരുന്നു.

തനിക്കെതിരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്ന് സ്വാമി അഗ്‌നിവേശ് പറഞ്ഞിരുന്നു. ഹിന്ദുത്വ ഗ്രൂപ്പുകള്‍ തനിക്കെതിരെ നേരത്തെ ആക്രമണം നടത്തുമെന്ന് പറഞ്ഞിരുന്നു. ദൈവത്തിന്റെ സഹായം കൊണ്ടാണ് താന്‍ രക്ഷപ്പെട്ടത്. കൊല്ലാന്‍ ഉദ്ദേശിച്ച് തന്നെയായിരുന്നു ആക്രമണം. എന്നാല്‍ അതിന്റെ കാരണമറിയില്ല. ഇത്ര വലിയൊരു ആക്രമണം ഉണ്ടാവുമെന്ന് അറിഞ്ഞിട്ടും പോലീസ് തനിക്ക് സുരക്ഷ ഒരുക്കിയിരുന്നില്ലെന്നും സ്വാമി പറഞ്ഞു. സുരക്ഷ ഒരുക്കാതിരുന്നതില്‍ ഗൂഢാലോചനയുണ്ടെന്നും അഗ്‌നിവേശ് ആരോപിച്ചിരുന്നു.

സ്വാമി അഗ്‌നിവേശ് ക്രിസ്തീയ സഭകളും പാകിസ്താനുമായി ചേര്‍ന്ന് ആദിവാസികളെ ഇളക്കി വിടാനാണ് സംസ്ഥാനത്തെത്തിയതെന്ന് ബിജെപി ആരോപിക്കുന്നു. ക്രിസ്ത്യന്‍ സഭകള്‍ സംസ്ഥാനത്ത് വര്‍ഗീയത അഴിച്ചുവിടുകയാണ്. ഇതിന് ഒത്താശ ചെയ്യുന്നത് അഗ്‌നിവേശാണ്. രാജ്യത്തെ വിഘടിപ്പിക്കാന്‍ ശ്രമിക്കുന്ന പാകിസ്താനുമായി അഗ്‌നിവേശിന് ബന്ധമുണ്ടെന്നും ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പാകൂറില്‍ അഗ്‌നിവേശിന്റെ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധം നടത്തിയ ശേഷമായിരുന്നു ആക്രമണം.

ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന്റെ സ്ഥിരമായിട്ടുള്ള ഇരയാണ് സ്വാമി അഗ്‌നിവേശ്. 2011ല്‍ അഗ്‌നിവേശിനെതിരെ പൊതുമധ്യത്തില്‍ ആക്രമണമുണ്ടായിരുന്നു. അമര്‍നാഥ് തീര്‍ത്ഥാടനത്തെ കുറിച്ചുള്ള പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു ഇത്. അമര്‍നാഥിലെ ശിവലിംഗം ഭൗമശാസ്ത്രപരമായ പ്രതിഭാസമാണെന്നും അല്ലാതെ അതൊരു വിശ്വാസത്തിന്റെ ഭാഗമല്ലെന്നും അഗ്‌നിവേശ് പറഞ്ഞു. അവിടേക്ക് തീര്‍ത്ഥാടകര്‍ എന്തിനാണ് പോകുന്നതെന്നും അഗ്‌നിവേശ് ചോദിച്ചിരുന്നു. ഇതിലാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രകോപിതരായത്. അഗ്‌നിവേശിന് സുരക്ഷ ഒരുക്കാതിരുന്നത് പോലും ഇതിന്റെ ഭാഗമാണെന്നും വിലയിരുത്തിയിരുന്നു.

അഗ്നിവേശിന്‍റെ നിര്യാണത്തോടെ മതനിരപേക്ഷതയുടെ ശക്തമായ ഒരു ശബ്ദം കൂടിയാണ് മറയുന്നത്….
‘വേദിക സോഷ്യലിസം’ (1974), ‘റിലീജിയണ്‍ റെവല്യൂഷണ്‍ ആന്‍ഡ് മാര്‍ക്സിസം’, വല്‍സന്‍ തമ്പുവുമായി ചേര്‍ന്നെഴുതിയ ‘ഹാര്‍വസ്റ്റ് ഓഫ് ഹൈറ്റ്:ഗുജറാത്ത് അന്‍ഡര്‍ സീജ്’,’ഹിന്ദുയിസം ഇന്‍ ന്യൂ ഏജ്'(2005) എന്നിവയാണ് പ്രധാന കൃതികള്‍.

 

chandrika: