X

ലൈഫ് മിഷനിലെ കമ്മീഷന്‍; അന്വേഷണം മന്ത്രി പുത്രനിലേക്ക്

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയിലെ കമ്മീഷനായി നല്‍കപ്പെട്ടെന്നു കരുതപ്പെടുന്ന നാല് കോടി രൂപയുടെ പങ്കുപറ്റിയവരുടെ പട്ടികയില്‍ സംസ്്ഥാന മന്ത്രിസഭയിലെ മുതിര്‍ന്ന അംഗത്തിന്റെ മകനും ഉണ്ടെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചു. സ്വര്‍ണ കടത്തു കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷും ഈ മന്ത്രി പുത്രനും തമ്മിലുള്ള അടുത്ത ബന്ധം വ്യക്തമാക്കുന്ന ചില ചിത്രങ്ങളും അന്വേഷണ ഏജന്‍സിക്ക് ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്.

തലസ്ഥാനത്തെ ഒരു വന്‍കിട ഹോട്ടലില്‍ വെച്ചുള്ളതാണ് ചിത്രങ്ങളെന്നാണ് നിഗമനം. ഇത് അന്വേഷണ സംഘം പരിശോധിക്കുകയാണെന്നും മന്ത്രി പുത്രന് സ്വപ്‌നയുമായുള്ള ഇടപാടുകളുടെ വിവരം ലഭിക്കുന്ന മുറയ്ക്ക് ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെ ഉണ്ടാകുമെന്നുമാണ് വിവരം. ലൈഫ് മിഷനിലെ കമ്മീഷന്‍ കൈമാറ്റത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്.

സ്വപ്‌നയ്ക്കും മന്ത്രി പുത്രനും പുറമേ മറ്റൊരു ഇടനിലക്കാരന്‍ കൂടി ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്നും ഇയാള്‍ക്ക് നല്‍കാമെന്നേറ്റ കമ്മീഷന്‍ തുക നല്‍കാതെ വന്നതോടെയാണ് ചിത്രങ്ങള്‍ പുറത്തായതെന്നുമാണ് വിവരം. ലൈഫ്മിഷന്‍ ഇടപാടില്‍ യുണിടാക്കിന്റേയും റെഡ്ക്രസന്റിന്റേയും ഇടനിലക്കാരനായി നിന്നത് ഈ മന്ത്രിപുത്രനാണെന്നും വിവരങ്ങളുണ്ട്. കണ്ണൂരില്‍ ഒരു പ്രമുഖ റിസോര്‍ട്ടിന്റെ ചെയര്‍മാന്‍ കൂടിയാണ് ഇയാളെന്നും വിവരമുണ്ട്.

chandrika: