X
    Categories: MoreViews

നെഹ്‌റയ്ക്ക് വിജയത്തോടെ മടങ്ങാം; കിവീസിനെതിരെ ഇന്ത്യയ്ക്ക് ആദ്യ ട്വന്റി20 ജയം

ഡല്‍ഹി: സ്വന്തം മൈതാനത്ത് വിജയ രാജകീയതയില്‍ ആശിഷ് നെഹ്‌റ ക്രിക്കറ്റിനോട് വിട പറഞ്ഞു. ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി-20 മല്‍സരം ഇന്ത്യ 53 റണ്‍സിന് അനായാസം നേടിയപ്പോള്‍ കോട്‌ലയിലെ തിങ്ങിനിറഞ്ഞ ആരാധകരോട് നെഹ്‌റ വിടചൊല്ലി. വിരാത് കോലിയും സഹതാരങ്ങളും നല്‍കിയ അകമ്പടിയില്‍ അദ്ദേഹം സ്റ്റേഡിയം വലം വെച്ച് എല്ലാവര്‍ക്കും നന്ദി പറഞ്ഞു. മല്‍സരത്തിന്റെ അവസാന ഓവര്‍ നെഹ്‌റയാണ് എറിഞ്ഞത്. ആദ്യം ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ച ഇന്ത്യ ഗംഭീര പ്രകടനമാണ് നടത്തിയത്. ബാറ്റിംഗിന് അവസരം ലഭിച്ച അഞ്ച് പേരില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ മാത്രമാണ് നിരാശപ്പെടുത്തിയത്. നേരിട്ട രണ്ടാം പന്തില്‍ തന്നെ യുവതാരം പുറത്തായെങ്കിലും അത് ടീമിനെയോ സ്‌ക്കോറിംഗിനേയോ കാര്യമായി ബാധിച്ചില്ല.

രോഹിത് ശര്‍മയും ശിഖര്‍ ധവാനും തമ്മിലുള്ള ഒന്നാം വിക്കറ്റ് സംഖ്യം റെക്കോര്‍ഡ് സ്‌ക്കോറാണ് ആദ്യ വിക്കറ്റില്‍ നേടിയത്-158. രണ്ട് പേരും അസാധ്യ ഫോമിലായിരുന്നു. പതുക്കെ തുടങ്ങി പിന്നെ കോട്‌ലയുടെ സൗന്ദര്യം ആസ്വദിച്ചുള്ള പ്രകടനം. ബൗണ്ടറിക്കും സിക്‌സറിനും ഇരുവരും മല്‍സരിച്ചപ്പോള്‍ കിവി ബൗളിംഗ് നിരയിലെ അതിവേഗക്കാര്‍ പെട്ടെന്ന് രംഗത്ത് നിന്ന് മടങ്ങി. സ്പിന്നര്‍മാര്‍ക്ക് അവസരം നല്‍കിയപ്പോല്‍ മാത്രമാണ് കിവി ക്യാമ്പിന് വിക്കറ്റ് ലഭിച്ചത്.

ബൗണ്ടറികളുടെ കാര്യത്തില്‍ ഡല്‍ഹിക്കാരന്‍ ധവാനായിരുന്നു ടോപ്. പത്ത് തവണ അദ്ദേഹം പന്തിനെ അതിര്‍ത്തി കടത്തിയപ്പോള്‍ മുംബൈക്കാരന്‍ രോഹിത് ആറ് ബൗണ്ടറികളാണ് നേടിയത്. പക്ഷേ സിക്‌സറിന്റെ കാര്യത്തില്‍ രോഹിതിന്റെ വലത് കൈ മികവാണ് കോട്‌ലയില്‍ കണ്ടത്- ഗ്യാലറിയിലേക്ക് പന്ത് പാഞ്ഞത് നാല് തവണ. ആറ് തവണ അതിര്‍ത്തി കടത്തി പന്തിനെ രോഹിത്. ഇരുവരുടെയും വ്യക്തിഗത സ്‌ക്കോര്‍ തുല്യമായിരുന്നു-80. ആദ്യം പുറത്തായത് ധവാന്‍. സ്പിന്നര്‍ സോഥി വന്നപ്പോല്‍ കൂറ്റനടിക്കായുള്ള ശ്രമമായിരുന്നു. പക്ഷേ വിക്കറ്റ് കീപ്പര്‍ പിടിച്ചു. അതേ സ്‌ക്കോറില്‍ പാണ്ഡ്യയും മടങ്ങിയപ്പോള്‍ ഗ്യാലറി നിശബ്ദമായി. എന്നാല്‍ രോഹിതിന് നിര്‍ത്താന്‍ ഭാവമുണ്ടായിരുന്നില്ല. അദ്ദേഹം തകര്‍ത്തു നിന്നു. നായകന്‍ വിരാത് കോലി വന്നത് തന്നെ പടുകൂറ്റന്‍ സിക്‌സറുമായാണ്. പന്തിനെ ഗ്യാലറിക്ക് പുറത്തെത്തിച്ച ഷോട്ട് കാണികല്‍ ശരിക്കും ആസ്വദിച്ചു. പതിനൊന്ന് പന്തില്‍ പുറത്താവാതെ 26 റണ്‍സാണ് അദ്ദേഹം നേടിയത്. രണ്ട് പന്തില്‍ ഏഴ് റണ്‍സുമായി മഹേന്ദ്രസിംഗ് ധോണിയും കത്തിയപ്പോള്‍ മൂന്ന് വിക്കറ്റിന് 202 റണ്‍സാണ് പിറന്നത്.

കിവി ബാറ്റിംഗ് ലൈനപ്പില്‍ 39 റണ്‍സ് നേടിയ ലതാം മാത്രമാണ് പൊരുതിയിത്. ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്ടിലും മണ്‍ട്രോയും നിരാശയിലാണ് തുടങ്ങിയത്. ഗുപ്ടിലിനെ പുറത്താക്കാന്‍ ഹാര്‍ദിക് പാണ്ഡ്യ എടുത്ത മിന്നും ക്യാച്ച് മല്‍സരത്തിലെ സുന്ദര മുഹൂര്‍ത്തമായിരുന്നു.
നായകന്‍ വില്ല്യംസണ്‍ പൊരുതിയെങ്കിലും വാലറ്റത്ത് ആരും പിടിച്ചുനിന്നില്ല. അവസാന മല്‍സരം കളിച്ച നെഹ്‌റ നാല് ഓവറുകള്‍ എറിഞ്ഞെങ്കിലും വിക്കറ്റ് ലഭിച്ചില്ല. ചാഹല്‍ രണ്ട് വിക്കറ്റ് നേടി. എട്ട് വിക്കറ്റിന് 149 റണ്‍സാണ് കിവീസിന് നേടാനായത്.

കിവി നായകന്‍ കെയിന്‍ വില്ല്യംസണായിരുന്നു ടോസ്. മഞ്ഞ് വീഴ്ച്ചാ സാധ്യത കണക്കിലെടുത്ത് അദ്ദേഹം ബൗളിംഗിന് തീരുമാനിക്കുകയായിരുന്നു. ബൗളിംഗ് ശക്തിപ്പെടുത്തിയായിരുന്നു ഇന്ത്യ അവസാന ഇലവനെ തെരഞ്ഞെടുത്തത്.
ആശിഷ് നെഹ്‌റക്ക് അദ്ദേഹത്തിന്റെ സ്വന്തം മൈതാനത്ത് അവസാന മല്‍സരം കളിക്കാന്‍ അവസരം നല്‍കിയപ്പോല്‍ ശ്രേയാംസ് അയ്യര്‍ക്ക് കന്നി രാജ്യാന്തര മല്‍സരത്തിനും അവസരം നല്‍കി.

 

 

 

chandrika: