X
    Categories: Newsworld

തായ്‌വാന്‍ യു.എസിന്റെ ഭാവി കൊയ്ത്തുപാടം-എഡിറ്റോറിയല്‍

തായ്‌വാനു ചുറ്റും ഉരുണ്ടുകൂടിയ യുദ്ധ മേഘങ്ങള്‍ പൂര്‍ണമായി നീങ്ങിയെന്ന് പറയാനാവില്ല. ചൈനീസ് ഭീഷണിയെത്തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥ ഇപ്പോഴും മേഖലയില്‍ കരിനിഴല്‍ വീഴ്ത്തിനില്‍ക്കുന്നുണ്ട്. യുക്രെയ്ന്‍ യുദ്ധ പശ്ചാത്തലത്തില്‍ ലോകം ഏറെ ഭീതിയോടെയാണ് ചൈന-തായ്‌വാന്‍ തര്‍ക്കങ്ങളെ കാണുന്നത്. യു.എസ് കോണ്‍ഗ്രസ് സ്പീക്കര്‍ നാന്‍സി പെലോസി കൊളുത്തിവെച്ചുപോയ സംഘര്‍ഷം വലിയൊരു സായുധ പോരാട്ടത്തിലേക്ക് വഴിമാറിയേക്കുമെന്ന ആശങ്ക പരക്കെയുണ്ട്. ചൈനയെ പ്രകോപിപ്പിക്കുന്നതില്‍ കവിഞ്ഞ് മറ്റൊരു ലക്ഷ്യവും പെലോസിയുടെ സന്ദര്‍ശനത്തിന് ഉണ്ടായിരുന്നില്ല. അവരുടെ ഏഷ്യന്‍ പര്യടന പട്ടികയില്‍നിന്ന് ആദ്യം തായ്‌വാനെ ഒഴിവാക്കിയിരുന്നു. സിംഗപ്പൂരും മലേഷ്യയും സന്ദര്‍ശിച്ച് മടങ്ങാനായിരുന്നു പദ്ധതി. അപ്രതീക്ഷിതമായാണ് തായ്‌വാനിലേക്ക് പെലോസിയുമായി യു.എസ് വിമാനം പറക്കുമെന്ന വിവരം വന്നത്. ചൈനയുടെ അതൃപ്തി സമ്പാദിക്കുമെന്ന് ഉറപ്പുണ്ടായിട്ടും യു.എസ് ഭരണകൂടം അവരെ എന്തിന് അവിടേക്ക് അയച്ചുവെന്ന ചോദ്യം പ്രസക്തമാണ്.

വിമാന വാഹിനികള്‍ ഉള്‍പ്പെടെ അയച്ചും മൂര്‍ച്ചയുള്ള വാക്കുകള്‍ എറിഞ്ഞും ചൈനയെ നിരന്തരം ചൊറിയുന്ന അമേരിക്ക തായ്‌വാനെ സ്വതന്ത്ര രാജ്യമായി ഇതുവരെയും അംഗീകരിച്ചിട്ടില്ലെന്നതാണ് പ്രധാന വസ്തുത. ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള പ്രതിരോധ സഹകരണവും മറ്റും അനൗദ്യോഗികമാണ്. തായ്‌വാന്‍ തങ്ങളുടെ ഭാഗമാണെന്ന ചൈനീസ് അവകാശവാദത്തെ പരോക്ഷമായി അംഗീകരിക്കുന്നതോടൊപ്പം ഉരസലുണ്ടാക്കി തീ ആളിപ്പടര്‍ത്താന്‍ പ്രത്യക്ഷ ശ്രമങ്ങള്‍ക്ക് ശ്രമിക്കുകയും ചെയ്യുന്നു. സ്വതന്ത്ര രാഷ്ട്രമായി കാണാന്‍ യു.എസ് ആഗ്രഹിക്കുന്നില്ലെന്ന് ചുരുക്കം. എങ്കില്‍ മറ്റെന്തോക്കെയോ താല്‍പര്യങ്ങള്‍ അമേരിക്കയെ തായ്‌വാന്‍ വിഷയത്തില്‍ ഇടപെടാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്ന് വ്യക്തം. അതില്‍ സാമ്പത്തിക ലാഭം തന്നെയാണ് മുഖ്യം. ഇറാഖ് അധിനിവേശം അതിന് മാത്രമായിരുന്നു. ഇപ്പോള്‍ യുക്രെയ്ന്‍ യുദ്ധത്തില്‍ ഇടപെടുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. സദ്ദാം ഹുസൈന്റെ കാലത്ത് ഇറാഖിനെയും നിലവില്‍ ഇറാനെയും ചൂണ്ടി ഗള്‍ഫില്‍ ആയുധക്കച്ചവടം പൊടിപൊടിക്കുന്നു.

റഷ്യക്കെതിരെ പോരാടാന്‍ യുക്രെയ്‌ന് അത്യാധുനിക ആയുധങ്ങള്‍ നല്‍കുന്നതുകൊണ്ടുള്ള ലാഭവും ആത്യന്തികമായി യു.എസിനാണ്. കോടിക്കണക്കിന് ഡോളര്‍ ചെലവിട്ട് എന്തിനാണ് യുക്രെയ്‌നെ സഹായിക്കുന്നതെന്ന് ചോദിച്ചാല്‍ മുടക്കുമുതലിന്റെ പത്തിരട്ടി തിരിച്ചുകിട്ടുമെന്നാണ് ഉത്തരം. അമേരിക്ക ഭൂഖണ്ഡത്തില്‍ ഇരുന്ന് യൂറോപ്പില്‍ ആര്‍ക്കെതിരെയും ഉപരോധങ്ങള്‍ പ്രഖ്യാപിക്കാം. അതുകൊണ്ട് യു.എസിന് ഒന്നും സംഭവിക്കാനില്ല. പ്രകൃതി വാതകത്തിനും ഭക്ഷ്യധാന്യത്തിനും യുക്രെയ്‌നെയും റഷ്യയെയും ആശ്രയിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്കാണ് നഷ്ടമെല്ലാം. വാതക വിതരണം നിര്‍ത്തിവെച്ച് റഷ്യ യൂറോപ്യന്‍ രാജ്യങ്ങളെ വീര്‍പ്പുമുട്ടിക്കുമ്പോള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന കച്ചവട സാധ്യതകളെക്കുറിച്ച് അമേരിക്കക്ക് നല്ല ബോധ്യമുണ്ട്. വരും വര്‍ഷങ്ങളില്‍ നൂറുകണക്കിന് ബില്യണ്‍ ഡോളറിന്റെ ലിക്വിഫൈഡ് പ്രകൃതി വാതകമാണ് അറ്റ്‌ലാന്റിക് കടന്ന് യൂറോപ്പിലേക്ക് ഒഴുകാനിരിക്കുന്നത്. അതിന്റെ ഭാഗമായി വെനസ്വേലയുമായുള്ള വ്യാപാര കരാര്‍ പുതുക്കാന്‍ മുന്‍നിര എണ്ണക്കമ്പനിയായ ചെവ്‌റോണിന് യു.എസ് അനുമതി നല്‍കിക്കഴിഞ്ഞു. നിലവില്‍ അമേരിക്കയുടെ ഉപരോധം നേരിടുന്ന രാജ്യമാണ് വെനസ്വേല. എന്നിട്ടും അവരുടെ എണ്ണയും പ്രകൃതി വാതകവും വാങ്ങാന്‍ തയാറെടുക്കുന്നത് യൂറോപ്പിലെ വിപണന സാധ്യത മുന്നില്‍കണ്ടാണ്. യുക്രെയ്‌നില്‍ റഷ്യ ആക്രമണം തുടങ്ങിയതിന് പിന്നാലെ പ്രമുഖ എണ്ണക്കമ്പനികള്‍ ഇന്ധനത്തിന് വില കൂട്ടിയതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്. റഷ്യന്‍ എണ്ണക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ലഭ്യത കുറഞ്ഞത് അമേരിക്കന്‍ കമ്പനികള്‍ക്കാണ് മുതല്‍ക്കൂട്ടായത്. എക്‌സോണ്‍, ചെവ്‌റോണ്‍, ഷെല്‍, ടോട്ടല്‍ തുടങ്ങിയ എണ്ണക്കമ്പനികള്‍ മൂന്ന് മാസത്തിനിടെ 5100 ഡോളറിന്റെ ലാഭമാണ് കൊയ്തത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടി നേട്ടം. എണ്ണക്കമ്പനികളുടെ അത്യാര്‍ത്തിക്ക് ഇരകളാകുന്നത് പാവങ്ങളാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടിറസിന് വെട്ടിത്തുറന്ന് പറയേണ്ടിവന്നു.

അതോടൊപ്പം ഹിമാര്‍സ് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ക്ക് ഭാവിയില്‍ അമേരിക്ക യുക്രെയ്‌നില്‍നിന്ന് കണക്കു പറഞ്ഞ് പണമോ മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളോ വാങ്ങുമെന്ന് ഉറപ്പാണ്. തായ്‌വാനിലും യു.എസ് കളിക്കുമ്പോള്‍ വരാനിരിക്കുന്ന ചാകര മുന്നില്‍ കാണുന്നുണ്ട്. ചൈനയുമായി അകന്നുകഴിയുമ്പോഴും സാമ്പത്തികമായി തായ്‌വാന്‍ ഒട്ടും മോശമല്ലാത്ത അവസ്ഥയിലാണ്. ചൈനീസ് ഭീഷണിയുടെ പേരില്‍ തായ്‌വാന് ആയുധങ്ങള്‍ വില്‍ക്കാമെന്നതോടൊപ്പം സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച് ഏഷ്യയെ ഊറ്റിയെടുക്കാമെന്നും അമേരിക്ക സ്വപ്‌നം കാണുന്നുണ്ട്. തല്‍ക്കാലം യു.എസിന്റെ വലയില്‍ വീണ് തായ്‌വാനെ കടന്നാക്രമിക്കാന്‍ ചൈനക്ക് പദ്ധതിയില്ലെന്നാണ് റിപ്പോര്‍ട്ട്. തായ്‌വാനെ ആക്രമിച്ചതിന്റെ പേരിലുള്ള ഉപരോധങ്ങളോടെ ചൈനീസ് വിപണികള്‍ ഒന്നൊന്നായി പൂട്ടേണ്ടിവരും. അതോടെ ചൈനീസ് ഭീഷണി അവസാനിക്കുമെന്ന കണക്കുകൂട്ടലും യു.എസിനുണ്ട്. യുദ്ധം ആര്‍ക്കും ഗുണം ചെയ്യില്ല. തായ്‌വാന്‍ മറ്റൊരു യുക്രെയ്‌നായി മാറിയാല്‍ ആഗോളതലത്തില്‍ നഷ്ടങ്ങള്‍ ചൈനക്കും ഏഷ്യന്‍ രാജ്യങ്ങള്‍ക്കും മാത്രമായിരിക്കും.

web desk 3: