X

പുതുവര്‍ഷ പുലരിയില്‍ വിശ്വാസിയുടെ വിചാരങ്ങള്‍

Taj Mahal Agra India

പി.മുഹമ്മദ് കുട്ടശ്ശേരി

ഒരു പുതുവര്‍ഷത്തിന്റെ പിറവിയുമായി ബന്ധപ്പെട്ട ചിന്തകളിലാണ് ഇപ്പോള്‍ വിശ്വാസികള്‍. നിങ്ങള്‍ക്കിപ്പോള്‍ വയസെത്രയായി? എത്രകാലം ജീവിച്ചു എന്നതിലുപരി എങ്ങനെ ജീവിച്ചു എന്നതാണ് പ്രധാനം. എന്തെല്ലാം നന്മകള്‍ ചെയ്തു? തിന്മകള്‍ വല്ലതും സംഭവിച്ചിട്ടുണ്ടോ? ഭൗതികമായ സൗകര്യങ്ങള്‍ എത്രയും സമ്പാദിക്കാം. ദൈവത്തോടും സമൂഹത്തോടുമുള്ള കടമകള്‍ യഥാവിധി നിര്‍വഹിക്കണം. പണം സമ്പാദിക്കാന്‍ ന്യായരഹിതമായ ഒരു മാര്‍ഗവും സ്വീകരിച്ചുകൂട. ആയുസ് ദൈവം മനുഷ്യന് നല്‍കുന്ന ഏറ്റവും വിലപിടിപ്പുള്ള ദാനമാണ്. ദൈവം എപ്പോഴാണ് ഒരു മനുഷ്യന്റെ ആയുസ് അവസാനിപ്പിക്കുകയെന്ന് ഒരാള്‍ക്കും മുന്‍കൂട്ടി അറിയുക സാധ്യമല്ല. ആയുസിന്റെ നീളമല്ല, വണ്ണമാണ് പ്രധാനം. 130 വയസു വരെ ജീവിച്ച അബുല്‍ഖാസിം ബഗവി മരണം വരെയും ക്ലാസെടുക്കുമായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസ പുരുഷനായ സഊദി മന്ത്രിയും മുഫ്തിയുമായിരുന്ന ശൈഖ് ഇബ്‌നുബാസ് 90 ാം വയസിലും എഴുതുകയും പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുമായിരുന്നു. ഈ മഹാ പുരുഷന് ചെറുപ്പത്തില്‍ കാഴ്ച ശക്തി നഷ്ടപ്പെട്ടിരുന്നുവെങ്കിലും കാഴ്ചയുള്ളവര്‍ക്കെല്ലാം വെളിച്ചമായി അദ്ദേഹം വര്‍ത്തിച്ചു. സ്‌പെയിന്‍ ജയിച്ചടക്കിയ മൂസാബ്‌നു നുസൈര്‍ 80 വയസ് വരെയും ഒരു യുദ്ധത്തിലും തോല്‍ക്കാതെ മുന്നോട്ടു നീങ്ങി. മഹാപണ്ഡിതനായ ഇമാം ശാഫിഈ ജീവിച്ചത് അമ്പത്തിമൂന്ന് വര്‍ഷം മാത്രം. സഹീഹ് മുസ്്‌ലിം എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ വ്യാഖ്യാനമെഴുതിയ ഇമാം നവവി ജീവിച്ചത് നാല്‍പത്തഞ്ച് വര്‍ഷം.

മനുഷ്യന് എപ്പോഴും ഈ ജീവിതം അവനാനിപ്പിക്കേണ്ടിവരുമെന്ന ബോധമുണ്ടായിരിക്കണം. അവധി എത്തിക്കഴിഞ്ഞാല്‍ പിന്നെ ഒട്ടും കാലതാമസമുണ്ടാവുകയില്ല. ഇവിടെയാണ് മരണത്തെപ്പറ്റിയുള്ള ചിന്ത ഉയര്‍ന്നുവരുന്നത്. പ്രസിദ്ധ പണ്ഡിതനും ദാര്‍ശനികനുമായ ഇമാം ഇബ്‌നുല്‍ ജൗസി മരണത്തെപറ്റി എഴുതിയത് വളരെ ചിന്താര്‍ഹമാണ്. ‘മരണം എപ്പോള്‍ വരുമെന്നറിയാത്ത മനുഷ്യന്‍ എപ്പോഴും യാത്രക്കു തയാറായിരിക്കണം. താന്‍ ആരോഗ്യവാനായ യുവാവായതിനാല്‍ ഇപ്പോഴൊന്നും മരിക്കുകയില്ല എന്ന വിചാരം മനുഷ്യനെ വഞ്ചനയില്‍ വീഴ്ത്തരുത്. കാരണം മരണമടയുന്നവര്‍ അധികവും പ്രായമായവരല്ല. തെറ്റുകള്‍ പ്രവര്‍ത്തിക്കാന്‍ മനുഷ്യന്‍ ധൃതി കാണിക്കുന്നു. പശ്ചാത്താപ ചിന്ത ഇല്ലതാനും. ഒരു പിഴവ് സംഭവിച്ചാല്‍ പശ്ചാത്താപം കൊണ്ട് അതിനെ മായ്ച്ചുകളയണം. പെണ്ണും പണവുമാണ് അധിക മനുഷ്യരെയും വഞ്ചനയുടെ വലയില്‍ കുടുക്കുന്നത്’.

ആത്മഹത്യാശ്രമങ്ങള്‍ പെരുകുകയാണ്. ചിലര്‍ അല്ലാഹു അനുഗ്രഹിച്ചേകിയ ജീവന്‍ സ്വന്തം കൈകൊണ്ട് നശിപ്പിക്കാന്‍ ഒരുമ്പിടുന്നു. മനുഷ്യന് പല ആഗ്രഹങ്ങളും പ്രതീക്ഷകളുമുണ്ടാകും. അവ നിറവേറ്റപ്പെടാതിരിക്കുമ്പോള്‍ അല്ലെങ്കില്‍ ഏതെങ്കിലും ശ്രമം പൂവണിയാതിരിക്കുമ്പോള്‍ മനസില്‍ വേദനയും നിരാശയും അനുഭവപ്പെടുന്നു. നിരാശരായി ജീവിതം തന്നെ അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നു. യഥാര്‍ഥത്തില്‍ ആത്മഹത്യ ഭീരുത്വമാണ്. നിരാശ ദൈവ വിശ്വാസത്തിനെതിരാണ്. അവിശ്വാസികളേ ദൈവത്തിന്റെ കാരുണ്യത്തെപറ്റിയുള്ള പ്രതീക്ഷയറ്റവരാവുകയുള്ളുവെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ആത്മഹത്യ ഭീരുത്വമാണെങ്കിലും ചിലര്‍ അതിനെ ധീരകൃത്യമായി കണക്കാക്കുന്നു. ഒരു ഫ്രഞ്ച് ശാസ്ത്രജ്ഞന്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച് ആത്മഹത്യക്ക് പുറപ്പെട്ടു. പരാജയപ്പെട്ടു. താങ്കള്‍ എന്തിനീ പണിക്ക് പോയി? ചിലര്‍ ചോദിച്ചു. ‘മരണം എന്നെ വിളിക്കും മുമ്പായി ഞാന്‍ മരണത്തെ വിളിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചതാണ്’. ‘മരണത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിച്ചിട്ടു കാര്യമില്ല. മരണം പിടികൂടുക തന്നെ ചെയ്യും’ ഖുര്‍ആന്‍ വ്യക്തമാക്കുന്നു.

ഈ ഭൗതിക ജീവിതത്തില്‍ മനുഷ്യന്റെ വിജയത്തിനാധാരം കഠിനാധ്വാനമാണ്. മഹാന്മാരായ പൂര്‍വികന്മാര്‍ സമയം വെറുതെ കളയുന്നതില്‍ വളരെ ഉത്കണ്ഠ പ്രകടിപ്പിക്കുന്നവരായിരുന്നു. ഇബ്‌നു അബ്ബാസ് പറയുന്നു: ‘ഒരു പകല്‍ സൂര്യന്‍ അസ്തമിച്ച് അത്രയും തന്റെ ആയുസില്‍ നിന്ന് കുറയുക എന്നാല്‍ അന്നു ഞാന്‍ ഒരു നല്ല കാര്യവും ചെയ്തിട്ടില്ല – ഞാന്‍ ഈ പകലിനെ ഒര്‍ത്താണ് ഏറ്റവും അധികം വേദനിക്കുക’. ഇമാം ഇബ്‌നുല്‍ ജൗസി പറയുന്നു: ‘മനുഷ്യന്‍ എത്ര സമയമാണ് വെറുതെ കളയുന്നത്’. അരിസ്റ്റോട്ടല്‍ കൃതികളുടെ വ്യാഖ്യാതാവ് എന്ന പേരില്‍ പ്രസിദ്ധനായ ഫിഖ്ഹ് വിജ്ഞാന പണ്ഡിതന്‍ ഇബ്‌നു റുശ്ദ് പറയുന്നു: ‘ഞാന്‍ വിജ്ഞാനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിഞ്ഞുനിന്നത് രണ്ട് ദിവസം മാത്രം. ഒന്നാമത്തേത് എന്റെ പിതാവ് മരണമടഞ്ഞ ദിവസം. രണ്ടാമത്തേത് എന്റെ മധുവിധു രാത്രിയും. മകന്‍ മരണമടഞ്ഞ ദിവസും എഴുത്ത് തുടര്‍ന്ന പണ്ഡിതന്മാരുണ്ട്.

ഇക്കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി കൊറോണ ബാധിച്ച് എത്രയോ പേരുടെ ജീവന്‍ പൊലിഞ്ഞു. സാമ്പത്തിക രംഗത്ത് വലിയ തകര്‍ച്ചയുണ്ടായി. മറ്റു നാശനഷ്ടങ്ങള്‍ നിരവധി. ഇത് സംഭവിക്കുന്നത് തടയാനോ പരിഹാരം കണ്ടെത്താനോ കഴിഞ്ഞില്ല. മനുഷ്യന്റെ നേട്ടങ്ങളില്‍ അഹങ്കരിച്ചവര്‍ക്ക് കൈയ്യും കെട്ടി നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളു. വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവിതത്തില്‍ അവിചാരിതങ്ങളായത് സംഭവിക്കുമെന്നവിചാരം അനിവാര്യമാണ്.

മുഹറം എന്തെല്ലാം സംഭവങ്ങളുടെ സ്മരണകളാണ് ഉണര്‍ത്തുന്നത്. ഏത് പ്രതികൂല പരിതസ്ഥിതിയെയും അനുകൂലമാക്കിമാറ്റാന്‍ ഒരു വിശ്വാസിക്കു കഴിയുമെന്ന മഹത്തായ പാഠം മുഹറം പ്രദാനംചെയ്യുന്നു. ദൈവ സഹായത്തില്‍ വിശ്വാസമര്‍പ്പിച്ച് വിജയപ്രതീക്ഷയോടെ ലക്ഷ്യപ്രാപ്തിക്കായി മുന്നോട്ടുനീങ്ങുക. അല്ലാഹുവിനോടും സ്വന്തേേത്താടുമുള്ള കടമകള്‍ ഒരേ സമയം ഭംഗിയായി നിര്‍വഹിക്കുക. വിജയം സുനിശ്ചിതം. മൂസാ നബിക്ക് ചെങ്കടല്‍ പിളര്‍ന്ന് അക്കര പറ്റാന്‍ രക്ഷാമാര്‍ഗം ഒരുക്കിയ പോലെ ദൈവം സഹായിക്കും. മക്കയില്‍ എത്ര പ്രതികൂലമായ പരിതസ്ഥിതിയാണുണ്ടായിരുന്നത്. അചഞ്ചല മനസ്‌കനായ മുഹമ്മദ് നബിക്ക് അല്ലാഹു അവിടെ വിജയം നേടിക്കൊടുത്തു. ഇന്ത്യയില്‍ വളരെ ഉത്കണ്ഠാകുലമായ ഒരന്തരീക്ഷം നിലവില്‍ വന്നിരിക്കുന്നു. മുസ്്‌ലിംകള്‍ ഭീരുക്കളും നിരാശരുമാകാതെ യഥാര്‍ഥ വിശ്വാസികളായി, ഐക്യത്തോടും ഇതര സമുദായങ്ങളുമായുള്ള സൗഹുദം ശക്തിപ്പെടുത്തിയും മുന്നോട്ടുനീങ്ങിയാല്‍ അവര്‍ക്കും ഇവിടെ അനുകൂലാന്തരീക്ഷം തെളിഞ്ഞുവരും, തീര്‍ച്ച.

web desk 3: