X
    Categories: CultureNewsViews

തമിഴ്‌നടന്‍ സിംബുവിന്റെ സഹോദരന്‍ കുരലരസന്‍ ഇസ്ലാം മതം സ്വീകരിച്ചു

ചെന്നൈ: തമിഴ് സംഗീതജ്ഞനും ചലച്ചിത്ര താരവുമായ കുരലരസന്‍ ഇസ്‌ലാം മതം സ്വീകരിച്ചു. തമിഴ് വെറ്ററന്‍ താരം ടി. രാജേന്ദറിന്റെ മകനും സിലംബരസന്റെ (സിംബു) സഹോദരനുമായ കുരല്‍ പിതാവിന്റെയും അമ്മ ഉഷയുടെയും സാന്നിധ്യത്തിലാണ് മതപണ്ഡിതനില്‍ നിന്ന് ശഹാദത്ത് കലിമ ഏറ്റുചൊല്ലിയതെന്ന് ‘ഇന്ത്യാ ഗ്ലിറ്റ്‌സ്’ റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈ മൗണ്ട് റോഡിലുള്ള മക്കാ മസ്ജിദിലായിരുന്നു ചടങ്ങ്.

അലൈ, ഒരു വസന്തഗീതം, തായ് തങ്കൈ പാസം തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ച കുരലരസന്‍ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. സഹോദരന്‍ സിംബു നായകനായ 2016-ല്‍ ഇതു നമ്മ ആള് എന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധാകയനായി അറങ്ങേറിയത്.

ഇസ്ലാം സ്വീകരിക്കാനുള്ള മകന്റെ തീരുമാനത്തെ പൂര്‍ണമനസ്സോടെ അംഗീകരിക്കുന്നുവെന്ന് ടി. രാജേന്ദര്‍ പറഞ്ഞു: ‘ഏതു മതവും സമ്മതം, ഒരേ കുലും, ഒരു ദൈവം എന്നതാണ് എന്റെ നയം. സ്വന്തം മതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഞാന്‍ മക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. എന്റെ മൂത്തമകന്‍ സിംബു ശിവഭക്തനാണ്. മകള്‍ ഇലക്കിയ ക്രിസ്തുമതമാണ് വിശ്വസിക്കുന്നത്. ഇപ്പോള്‍ കുരലരസന്‍ ഇസ്ലാം സ്വീകരിച്ചിരിക്കുന്നു.’

തമിഴ് ചലച്ചിത്ര പ്രവര്‍ത്തകര്‍ ഇസ്ലാമിലേക്ക് മതംമാറുന്നത് പുതിയ സംഭവമല്ല. ഓസ്‌കര്‍ ജേതാവ് എ.ആര്‍ റഹ്മാന്‍, യുവാന്‍ ശങ്കര്‍ രാജ എന്നിവര്‍ ഇസ്ലാമിലേക്ക് മതം മാറിയ തമിഴ് സംഗീതജ്ഞരില്‍ പ്രസിദ്ധരാണ്. നടന്‍ ജയ്, അന്തരിച്ച സംവിധായകന്‍ ജീവ തുടങ്ങിയവരും ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: