ചെന്നൈ: ഉയര്‍ന്ന ജാതിക്കാരന്റെ പറമ്പില്‍ ആട് കയറിയതിന്റെ പേരില്‍ ദളിതനെ കാലുപിടിച്ചു മാപ്പ് പറയിച്ച സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം.

ദളിത് വിഭാഗത്തില്‍ ഉള്‍പ്പെട്ട പോള്‍ രാജ് എന്ന വ്യക്തി വളര്‍ത്തുന്ന ആട് ഉയര്‍ന്ന ജാതിയില്‍ പെട്ട സങ്കിലി തേവരുടെ പറമ്പില്‍ മേഞ്ഞുവെന്നതായിരുന്നു കുറ്റം. കയര്‍ അഴിഞ്ഞുപോയതോടെയാണ് ആട് ഇവരുടെ പറമ്പിലേക്ക് എത്തിയത്. എന്നാല്‍ പോള്‍ രാജും സങ്കിലി തേവരും തമ്മില്‍ ഇതിന്റെ പേരില്‍ വാക്കു തര്‍ക്കമുണ്ടായി.

പിന്നാലെ തന്റെ ആളുകളേയും കൂട്ടി പോയി സിങ്കിലി തേവര്‍ പോള്‍ രാജിനെ മര്‍ദിച്ചു. ഈ സമയം പോള്‍ രാജും തിരിച്ച് അടിച്ചു. ദളിതനായ പോള്‍ രാജ് മര്‍ദിച്ചത് തേവര്‍ സമുദായത്തിന് അപമാനമായെന്ന് പറഞ്ഞാണ് പോള്‍ രാജിനെ കൊണ്ട് കാലില്‍ വീണ് മാപ്പ് പറയിച്ചത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പോള്‍ രാജ് പൊലീസില്‍ പരാതി നല്‍കി. ഇതോടെയാണ് സിങ്കിലി തേവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റിലായത്.