X
    Categories: Views

നികുതി വെട്ടിപ്പിലേക്ക് വെളിച്ചം വീശി പാരഡൈസ് രഹസ്യ രേഖകള്‍, വീണ്ടും രഹസ്യച്ചോര്‍ച്ച

 

ന്യൂഡല്‍ഹി: നികുതി വെട്ടിപ്പിന്റെ കാണാപ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്ന പാരഡൈസ് രഹസ്യചോര്‍ച്ചയില്‍ പേരു പരാമര്‍ശിക്കുന്നത് 714 ഇന്ത്യന്‍ സ്ഥാപനങ്ങളും വ്യക്തികളും. കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ, ബി.ജെ.പി എം.പി ആര്‍.കെ സിന്‍ഹ തുടങ്ങിയവരും ഇതില്‍ ഉള്‍പ്പെടും. നികുതി വെട്ടിപ്പും കള്ളപ്പണവും തടയാനെന്ന പേരില്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ടു നിരോധനത്തിന് നാളെ ഒരു വര്‍ഷം തികയാനിരിക്കെയാണ്, നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട രഹസ്യ രേഖകളില്‍ കേന്ദ്രമന്ത്രിയുടെ തന്നെ പേര് പരാമര്‍ശിക്കപ്പെട്ടത്. നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന വിശദീകരണവുമായി ജയന്ത് സിന്‍ഹ രംഗത്തെത്തിയെങ്കിലും വരും ദിവസങ്ങളില്‍ ഇത് ബി.ജെ.പിയേയും കേന്ദ്ര സര്‍ക്കാറിനെയും പ്രതിക്കൂട്ടിലാക്കിയേക്കും.
അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ ആഗോള കൂട്ടായ്മയും(ഐ.സി.ഐ.ജെ) ജര്‍മ്മന്‍ പത്രമായ സെഡ്യൂസെ സിറ്റിങും ചേര്‍ന്ന് 96 കമ്പനികളുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് 13.4 ദശലക്ഷം രഹസ്യ രേഖകള്‍ പുറത്തുവിട്ടത്. ഇതില്‍ ഏറെയും ബര്‍മുഡ നിയമസ്ഥാപനമായ ആപ്പിള്‍ബൈയില്‍നിന്നുള്ളതാണ്. നികുതി വെട്ടിപ്പും കുറഞ്ഞ നികുതി അടക്കാനുള്ള മാര്‍ഗങ്ങളും സംബന്ധിച്ച് ഉപദേശവും നിയമസഹായവും നല്‍കുന്ന സ്ഥാപനമാണ് ആപ്പിള്‍ബൈ.
ജയന്ത് സിന്‍ഹ മാനേജിങ് ഡയരക്ടര്‍ ആയിരുന്ന ഇന്ത്യന്‍ കമ്പനി ഒമിധ്യാര്‍ നെറ്റ്‌വര്‍ക്കിന് യു.എസ് ആസ്ഥാനമായ കമ്പനി ഡിലൈറ്റ് ഡിസൈനില്‍ നിക്ഷേപമുണ്ടെന്നാണ് രഹസ്യ രേഖകള്‍ വ്യക്തമാക്കുന്നത്. സൈമണ്‍ ഐലന്റ് എന്ന നെതര്‍ലന്റ് കമ്പനിയുടെ സഹസ്ഥാപനമായി 2006ല്‍ സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി രൂപീകരിച്ചതാണ് ഡിലൈറ്റ് ഡിസൈന്‍. മൂന്ന് ദശലക്ഷം ഡോളര്‍ (20 കോടിയോളം രൂപ) ആണ് ഡിലൈറ്റ് ഡിസൈനിലെ ഒമിധ്യാര്‍ നെറ്റ് വര്‍ക്കിന്റെ നിക്ഷേപം. 2009ലാണ് ജയന്ത് സിന്‍ഹ ഒമിധ്യാര്‍ നെറ്റ്‌വര്‍ക്കില്‍ ചേര്‍ന്നത്. 2013ല്‍ രാജിവെച്ചിരുന്നു. ഇതിനു ശേഷവും ഡിലൈറ്റ് ഡിസൈനില്‍ സിന്‍ഹ ഡയരക്ടറായി പ്രവര്‍ത്തിച്ചിരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു. 2014ല്‍ ഝാര്‍ഖണ്ഡിലെ ഹസാരിബാഗ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചാണ് സിന്‍ഹ പാര്‍ലമെന്റില്‍ എത്തുന്നതും കേന്ദ്രമന്ത്രിയാകുന്നതും. എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലോ പിന്നീട് ലോക്‌സഭാ സെക്രട്ടറിയേറ്റിനോ കേന്ദ്രമന്ത്രിയെന്ന നിലയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോ നല്‍കിയ സ്വത്തു വിവരങ്ങളുടെ കണക്കിലോ വിദേശകമ്പനിയായ ഡിലൈറ്റ് ഡിസൈനില്‍ ഡയരക്ടര്‍ പദവി വഹിക്കുന്നതായി വ്യക്തമാക്കിയിരുന്നില്ലെന്ന് അന്വേഷണത്തില്‍ പങ്കാളികളായ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യസഭയിലെ സമ്പന്നനും ബി.ജെ.പി എം.പിയുമായ രവീന്ദ്ര കിഷോര്‍ സിന്‍ഹ എന്ന ആര്‍.കെ സിന്‍ഹക്ക് രണ്ട് വിദേശ കമ്പനികളില്‍ നിക്ഷേപമുണ്ടെന്നാണ് രേഖകള്‍ പറയുന്നത്. മാള്‍ട്ടയില്‍ രജിസ്റ്റര്‍ ചെയ്ത എസ്.ഐ.എസ് ഏഷ്യ പസഫിക് ഹോള്‍ഡിങ്‌സ് ലിമിറ്റഡ് ആണ് ഇതില്‍ ഒന്ന്. സിന്‍ഹ രൂപീകരിച്ച സ്വകാര്യ സുരക്ഷാ സ്ഥാപനമാണ് എസ്.ഐ.എസ്. ഇതിന്റെ ഉപസ്ഥാപനമാണ് മാള്‍ട്ടയില്‍ രജിസ്റ്റര്‍ ചെയ്ത എസ്.ഐ.എസ് ഏഷ്യാ- പസഫിക് ഹോള്‍ഡിങ്‌സ് ലിമിറ്റഡ് എന്നാണ് വിവരം. ഇതിന്റെ ഭൂരിഭാഗം ഓഹരികളും ആര്‍.കെ സിന്‍ഹയുടെ പേരിലാണുള്ളത്. ഭാര്യ റിത കിഷോര്‍ സിന്‍ഹ കമ്പനിയില്‍ ഡയരക്ടറുമാണ്.
പൊതുമേഖലാ ബാങ്കുകളില്‍ 9,000 കോടി രൂപയുടെ വായ്പാകുടിശ്ശിക വരുത്തി മുങ്ങിയ മദ്യരാജാവ് വിജയ് മല്യ, ബോളിവുഡ് താരം അമിതാഭ് ബച്ചന്‍, സഞ്ജയ് ദത്തിന്റെ ഭാര്യ മന്യതാ ദത്ത്, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി, കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണ എന്നിവരുടെ പേരുകളും രേഖകളില്‍ പരാമര്‍ശിക്കുന്നുണ്ട്. ബ്രിട്ടനിലെ എലിസബത് രാജ്ഞിയും യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും ഉള്‍പ്പെടെ 180 രാജ്യങ്ങളില്‍നിന്നുള്ള പ്രമുഖര്‍ ഇടംപിടിച്ച ലിസ്റ്റില്‍ ഇന്ത്യ 19ാം സ്ഥാനത്താണ്. ജിന്‍ഡാല്‍ സ്റ്റീല്‍സ് ആന്റ് പവര്‍, എസ്സാര്‍ ഷിപ്പിങ്, വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ്, സണ്‍ ടി.വി നെറ്റ്‌വര്‍ക്ക്, അപ്പോളോ ടയേഴ്‌സ് എന്നിവയാണ് ലിസ്റ്റിലുള്ള പ്രമുഖ ഇന്ത്യന്‍ കമ്പനികള്‍.

chandrika: