മൊസൂള്‍: ഇറാഖിലെ ദുരന്തമുഖത്തേക്ക് ചെന്നാല്‍ കുട്ടികളുടെ കണ്ണീരും തേങ്ങലും കേള്‍ക്കാനാകും. വിടരും മുന്‍പെ കൊഴിഞ്ഞവര്‍. കൈകാലുകള്‍ അറ്റു പോയവര്‍. ഗുരുതരപരിക്കുകളുമായി ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍. മാതാപിതാക്കള്‍ നഷ്ടപെട്ടു തെരുവോരങ്ങളില്‍ രാപ്പാര്‍ക്കുന്നവര്‍. പഠനം ഉപേക്ഷിച്ചു വീടുകളില്‍ മാത്രം കഴിയുന്നവര്‍. എന്നിങ്ങനെ നീളുന്നു ഇറാഖിലെ കുട്ടികളുടെ ദുരന്ത ചിത്രങ്ങള്‍.
ഇറാഖ് സംഘര്‍ഷത്തില്‍ ആയിരത്തിലധികം കുരുന്നുകള്‍ കൊല്ലപ്പെട്ടതായി യുഎന്‍ വ്യക്തമാക്കി. കുട്ടികളുടെ അവസ്ഥ അതീവഗുരുതരമെന്നും ഐക്യരാഷ്ട്ര സംഘടന സൂചിപ്പിച്ചു. ആറ് മാസത്തിനിടെ 152 കുട്ടികളാണ് ഇറാഖില്‍ വെച്ച് കൊല്ലപ്പെട്ടത്. യുണിസെഫ് ആണ് ഇക്കാര്യം പുറത്തു വിട്ടത്.
2014ന് ശേഷമുള്ള കണക്കുകളാണിത്. ഇക്കാലയളവിലാണ് ഇറാഖ് സംഘര്‍ഷഭരിതമായത്. യുദ്ധത്തില്‍പെട്ട് 1130 കുട്ടികള്‍ക്ക് അംഗവൈകല്യവും പരിക്കേല്‍ക്കുകയും ഉണ്ടായി. കഴിഞ്ഞ ആറ് മാസത്തിനിടെ 255 പേര്‍ക്കാണ് അംഗവൈകല്യം സംഭിച്ചത്. യുദ്ധത്തില്‍ 4650 കുട്ടികള്‍ക്ക് ഉറ്റവരെയും ബന്ധുക്കളെയും നഷ്ടപ്പെട്ടു. കുട്ടികളെ ലക്ഷ്യമാക്കി ആക്രമണങ്ങള്‍ നടന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 138 ആക്രമണങ്ങളാണ് കുട്ടികള്‍ക്ക് നേരെ നടന്നത്. സ്‌കൂളുകള്‍ക്ക് നേരെയായിരുന്നു ഈ ആക്രമണങ്ങളോരോന്നും. 58 കുട്ടികളുടെ ആസ്പത്രികള്‍ അക്രമത്തില്‍ തകര്‍ന്നു. യുദ്ധം സമ്മാനിച്ചത് മറ്റൊരു ദുരന്തം കൂടിയാണ്. ഒട്ടേറെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. മൂന്ന് മില്യണ്‍ കുട്ടികളാണ് തുടര്‍പഠനങ്ങള്‍ നടത്താനാവാകെ രാജ്യത്ത് കഴിയുന്നത്. ഇവര്‍ സ്‌കൂളില്‍ പോയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. 1.2 മില്യണ്‍ കുട്ടികള്‍ ഇപ്പോഴും വിദ്യാഭ്യാസത്തിനു പുറത്താണ്. നാലില്‍ ഒരു കുട്ടി വീതം മോശമായ അന്തരീക്ഷത്തില്‍ കഴിയുന്നു എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അക്രമണങ്ങളുടെ തുടര്‍ച്ചയെന്നോണം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയും ഒപ്പം ദാരിദ്ര്യത്താല്‍ പൊറുതിമുട്ടുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
മൊസൂളിലാണ് കുട്ടികള്‍ ഏറെ ദുരവസ്ഥ അനുഭവിക്കുന്നത്. ദുരന്തമുഖത്താണ് ഇവിടുത്തെ കുട്ടികള്‍ കഴിയുന്നതു തന്നെ. രണ്ട് മാസങ്ങള്‍ക്കിടെ 23 കുട്ടികള്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. 123 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മാത്രമല്ല, ഇറാഖില്‍ ജീവിക്കുന്ന കുട്ടികളുടെ അവസ്ഥയും ദുരിതപൂര്‍ണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ അഞ്ച് മില്യണ്‍ കുട്ടികള്‍ മാനുഷിക പരിഗണനയ്ക്കായി കേഴുകയാണ്. ഇറാഖിലുടനീളം പരിധി വിട്ടുള്ള അക്രമണങ്ങള്‍ക്കും സ്‌ഫോടനങ്ങള്‍ക്കും കുട്ടികള്‍ പലപ്പോഴും ദൃക്‌സാക്ഷികളാകുന്നു. പലരും വിടരും മുന്‍പേ കൊഴിഞ്ഞു വീഴുകയാണ്. ഒട്ടേറെ കുരുന്നുകള്‍ക്ക് പരിക്കേല്‍ക്കുന്നു. അംഗവൈകല്യം സംഭവിക്കുന്നവരും കുറവല്ല. കുട്ടികള്‍ക്ക് നേരെ ഇത്രയധികം ആക്രമണങ്ങളുണ്ടായ യുദ്ധം ഇതുവരെയുണ്ടായിട്ടില്ല’. യുണിസെഫ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.