X
    Categories: MoreViews

പാര്‍ലമെന്റിലെ സെലിബ്രിറ്റി ഹാജര്‍; രേഖയെ പിന്തള്ളി സചിന്‍

ന്യൂഡല്‍ഹി: സെലിബ്രിറ്റി എം.പിമാരുടെ ഹാജറില്‍ ക്രിക്കറ്റ് താരം സചിന്‍ ടെണ്ടുല്‍ക്കറും നടി രേഖയും ഏറെ പിന്നിലെന്ന് രാജ്യസഭാ വെബ്‌സൈറ്റ് രേഖകള്‍. 2017 മാര്‍ച്ച് 31 വരെയുള്ള കണക്കുപ്രകാരം അംഗങ്ങളില്‍ ഏറ്റവും മോശം ഹാജര്‍ രേഖയുടേതാണ്. സചിന്‍ തൊട്ടു പിന്നിലും. നാമനിര്‍ദേശം ചെയ്യപ്പെട്ട ശേഷം സഭ ചേര്‍ന്ന 348 ദിവസങ്ങളില്‍ 23 ദിവസം മാത്രമാണ് ക്രിക്കറ്റ് ഇതിഹാസം സഭയില്‍ ഹാജരായത്. 348ല്‍ 18 ദിവസം മാത്രാണ് ബോളിവുഡ് സുന്ദരിയുടെ ഹാജര്‍. കേരളത്തില്‍ നിന്ന് സഭയിലെത്തിയ സുരേഷ് ഗോപിയുടെ ഹാജര്‍ 64.56 ശതമാനമാണ്.

അഞ്ചുവര്‍ഷത്തോട് അടുത്തിട്ടും രേഖയും സചിനും സഭയില്‍ ഇതുവരെ ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ലെന്നും രേഖകള്‍ പറയുന്നു. ഇരുവരുടെയും കൂടെ നാമനിര്‍ദേശം ചെയ്യപ്പെട്ട വ്യവസായി അനു ആഗയും ഇതുവരെ ചോദ്യങ്ങളൊന്നും ചോദിച്ചിട്ടില്ല. ഏറ്റവും കൂടുതല്‍ ചോദ്യം ചോദിച്ചത് അഭിഭാഷകന്‍ കെ.ടി.എസ് തുളസിയാണ്- 134 എണ്ണം. സുരേഷ് ഗോപിയും ഇതുവരെ ചോദ്യം ചോദിച്ചിട്ടില്ല. (2016ലാണ് നടന്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടത്)
രേഖയും സചിനും ഇതുവരെ ഒരു ചര്‍ച്ചയുടെയും ഭാഗമായിട്ടില്ല. 2016ല്‍ സഭയിലെത്തിയ സുരേഷ് ഗോപി മൂന്ന് ചര്‍ച്ചയിലും ബോക്‌സര്‍ മേരി കോം രണ്ട് ചര്‍ച്ചയിലും പങ്കെടുത്തിട്ടുണ്ട്. ഇതിലും തുളസി തന്നെയാണ് മുമ്പില്‍. പങ്കെടുത്തത് 54 ചര്‍ച്ചയില്‍.
അതേസമയം, എം.പിമാരുടെ പദ്ധതി നിര്‍വഹണത്തില്‍ രേഖയേക്കാള്‍ ഏറെ മുമ്പിലാണ് സചിന്‍. മൊത്തം അനുവദിച്ച 25 കോടിയില്‍ 17.65 കോടി രൂപയും സചിന്‍ ചെലവഴിച്ചിട്ടുണ്ട്. 21.9 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. രേഖ 7.6 കോടി രൂപയെ ചെലവഴിച്ചുള്ളൂ. 9.8 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് ഇവര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. 2012ല്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട എം.പിമാരില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചതും സചിനാണ്. വര്‍ഷം പ്രതി അഞ്ചു കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ എം.പിമാരുടെ വികസന ഫണ്ടിലേക്ക് അനുവദിക്കാറുള്ളത്.
ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വാങ്ങുന്നതില്‍, മോശം ഹാജര്‍ നിലയുള്ള രേഖയാണ് മുമ്പിലെന്നും വെബ്‌സൈറ്റ് രേഖകള്‍ പറയുന്നു. 65 ലക്ഷം രൂപയാണ് ഇതുവരെ അവര്‍ക്ക് ഈയിനത്തില്‍ ലഭിച്ചത്. സചിന് 58.8 ലക്ഷം രൂപയും അനു ആഗയ്ക്ക് 61.8 ലക്ഷവും ലഭിച്ചു.
ഉപരിസഭയായ രാജ്യസഭയിലേക്ക് 12 അംഗങ്ങളെയാണ് നാമനിര്‍ദേശം ചെയ്യുന്നത്. ഭരണഘടനയുടെ 80(3) വകുപ്പു പ്രകാരം രാഷ്ട്രപതിക്കാണ് ഇതിനുള്ള അധികാരം. സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന വ്യക്തികളെയാണ് സാധാരണഗതിയില്‍ രാഷ്ട്രപതിമാര്‍ എം.പിമാരായി നിശ്ചയിക്കുന്നത്. സാഹിത്യം, കല, സാമൂഹ്യസേവനം, ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ അനുഭവജ്ഞാനമുള്ളവരെയാണ് ഇതിനായി പരിഗണിക്കാറുള്ളത്.
അനു ആഗ (വ്യവസായി), രേഖ (നടി), സചിന്‍ ടെണ്ടുല്‍ക്കര്‍ (ക്രിക്കറ്റ് താരം), കെ. പരാശരന്‍ (അഭിഭാഷകന്‍), കെ.ടി.എസ് തുളസി (അഭിഭാഷകന്‍), സംഭാജി ഛത്രപതി (സാമൂഹിക പ്രവര്‍ത്തകന്‍-ബി.ജെ.പി), സ്വപന്‍ ദാസ് ഗുപ്ത (മാധ്യമപ്രവര്‍ത്തകന്‍), രാപാ ഗാംഗുലി (നടി-ബി.ജെ.പി), നരേന്ദ്രയാദവ് (സാമ്പത്തിക ശാസ്ത്രജ്ഞന്‍), മേരി കോം (ഗുസ്തി താരം), സുരേഷ് ഗോപി (നടന്‍-ബി.ജെ.പി), സുബ്രഹ്മണ്യന്‍ സ്വാമി (രാഷ്ട്രീയനേതാവ്-ബി.ജെ.പി) എന്നിവരാണ് നിലവില്‍ രാജ്യസഭയിലുള്ള നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍.

chandrika: