കാബൂള്‍: കാബൂളിലെ ഷിയാ ആരാധനാലയത്തിന് സമീപമുണ്ടായ ചാവേറാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരിക്കേറ്റു. പേര്‍ഷ്യന്‍ പുതുവര്‍ഷാഘോഷത്തിന് എത്തിച്ചേര്‍ന്നവരെ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായത്. കാബൂള്‍ നഗരം ഇപ്പോഴും അരക്ഷിതമാണെന്നാണ് ആക്രമണം തെളിയിക്കുന്നത്. ജനുവരിയിലുണ്ടായ ഭീകരാക്രമണത്തില്‍ നൂറിലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തതായി ഇറാഖിലെ അമഖ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആരാധനാലയത്തിന് കനത്ത സുരക്ഷയൊരുക്കിയിരുന്നുവെന്ന് ആഭ്യന്തരവകുപ്പിന്റെ വക്താവ് നജീബ് ഡാനിഷ് മാധ്യമങ്ങളോട് പറഞ്ഞ്. സമീപത്തെ റോഡിലൂടെ നടന്നുപോകുന്നവരാണ് ആക്രമണത്തിനിരയായതെന്നും അദ്ദേഹം പറഞ്ഞു.

നൗറസ് എന്നറിയപ്പെടുന്ന പേര്‍ഷ്യന്‍ പുതുവര്‍ഷാഘോഷം അഫ്ഗാനിസ്ഥാനില്‍ വ്യാപകമായി ആഘോഷിക്കാറുണ്ട്. എന്നാല്‍ ഇതിനോട് വിയോജിപ്പുള്ള സംഘടനകളും അഫ്ഗാനിലുണ്ട്. ആഘോഷം ഇസ്ലാമിക വിരുദ്ധമാണെന്നാണ് ഇവരുടെ നിലപാട്.