X
    Categories: MoreViews

തായ്‌ലന്‍ഡില്‍ ഗുഹക്കുളളില്‍ കുടുങ്ങിയ ആറ് കുട്ടികളെ പുറത്തെത്തിച്ചു

ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ ഗുഹക്കുളളില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീമിലെ ആറ് കുട്ടികളെ പുറത്തെത്തിച്ചതായി റിപ്പോര്‍ട്ട്. 12 കുട്ടികളും ഫുട്‌ബോള്‍ പരിശീലകനും അടക്കം 13 പേരാണ് രണ്ടാഴ്ചയോളമായി ഗുഹക്കുളളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരെ പുറത്തെത്തിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും വിഫലമായിരുന്നു. എന്നാല്‍ തുടര്‍ച്ചയായുള്ള പരിശ്രമത്താല്‍ നാലുകുട്ടികളെ പുറത്തെത്തിച്ചുവെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനത്തിലുളള ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 

ഇന്നു പുലര്‍ച്ചെയോടെയാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമായത്. രാജ്യാന്തര മുങ്ങല്‍ വിദഗ്ധരുടെ സംഘം ഗുഹക്കുളളിലേക്ക് പ്രവേശിച്ചിട്ടുണ്ട്. തായ് നേവിയിലെ 5 പേരടക്കം 18 പേരടങ്ങിയ രാജ്യാന്തര മുങ്ങല്‍ വിദഗ്ധ സംഘമാണ് ഗുഹയില്‍ പ്രവേശിച്ചത്. ബഡ്ഡി ഡൈവിങ്ങിലൂടെ കുട്ടികളെ രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഓരോ കുട്ടിക്കൊപ്പം ഓരോ മുങ്ങല്‍ വിദഗ്ധന്‍ നീന്തുന്ന രീതിയാണ് ബഡ്ഡി ഡൈവിങ്. മഴ ശക്തി പ്രാപിക്കും മുന്‍പ് കുട്ടികളെ പുറത്തെത്തിക്കാനാണ് ശ്രമം.

അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിനായി ആംബുലന്‍സുകളും ഹെലികോപ്ടറുകളും മെഡിക്കല്‍ സംഘവും സജ്ജമാണ്. ഗുഹയ്ക്കുളളില്‍നിന്ന് വെളളം പമ്പ് ചെയ്ത് കളയുന്നത് തുടരുകയാണ്. ഗുഹക്ക് അകത്തേക്കുളള വഴികളെല്ലാം ഇടുങ്ങിയതും ദുര്‍ഘടമേറിയതുമാണ്. ചില ഭാഗങ്ങളില്‍ വായുസഞ്ചാരം കുറവാണ്. കുട്ടികള്‍ കഴിയുന്ന പാറക്കെട്ടില്‍നിന്നുള്ള ഒരു കിലോമീറ്റര്‍ ദൂരമാണ് ഏറ്റവും അപകടം പിടിച്ചത്. വെള്ളവും ചെളിയും നിറഞ്ഞ വീതി കുറഞ്ഞ ഇടുക്കുകള്‍ ഇവിടെയുണ്ട്. ഇവ താണ്ടുകയാണ് ഏറ്റവും ദുര്‍ഘടമേറിയത്. 12 കുട്ടികളെയും കോച്ചിനെയും സുരക്ഷിതമായി പുറത്തെത്തിക്കാന്‍ 24 ദിവസം വേണ്ടിവരുമെന്നാണ് വൃത്തങ്ങള്‍ പറയുന്നത്.

ഫുട്‌ബോള്‍ പരിശീലനം കഴിഞ്ഞ് കുട്ടികള്‍ വരാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ടീം ഗുഹയില്‍ കുടുങ്ങിയതായി തിരിച്ചറിഞ്ഞത്. ഗുഹയുടെ പുറത്ത് കുട്ടികളുടെ സൈക്കിളുകളും ബൂട്ടുകളും കണ്ടെത്തിയതാണ് നിര്‍ണായകമായത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ഒരു ഉദ്യോഗസ്ഥന്‍ മരിച്ചിരുന്നു.


chandrika: