ഛണ്ഡീഗഡ്: വിവാഹചടങ്ങിനിടെ ആള്‍ദൈവവും ബോഡിഗാര്‍ഡും വെടിവെച്ചതിനെ തുടര്‍ന്ന് വരന്റെ അമ്മായി കൊല്ലപ്പെട്ടു. വരന്റെ മൂന്ന് ബന്ധുക്കള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഹരിയാനയിലെ കര്‍ണാലിലാണ് സംഭവം.

വിവാഹ ചടങ്ങിനെത്തിയ ആള്‍ദൈവം സാധ്വി ദേവ താക്കൂര്‍ ആണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. ചടങ്ങിനിടെ നൃത്തവേദിയില്‍വെച്ച് താക്കൂറും അനുയായികളും വെടിയുതിര്‍ക്കുകയായിരുന്നു. താക്കൂരിനൊപ്പം 12അനുയായികളാണ് ഉണ്ടായിരുന്നത്. വരന്റെ ബന്ധുക്കള്‍ മാത്രമാണ് അപ്പോള്‍ വേദിയിലുണ്ടായിരുന്നത്. വരന്റെ അമ്മായി വെടിയേറ്റയുടനെ മരിച്ചുവീഴുകയായിരുന്നു. മൂന്ന് ബന്ധുക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിന്നീട് താക്കൂറും സംഘവും സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

താക്കൂറിനെതിരെ കൊലപാതകത്തിനും ആയുധം കൈവശം വെച്ചതിനും പൊലീസ് കേസെടുത്തു. കാവി നിറത്തിലുള്ള വസ്ത്രങ്ങളും തലപ്പാവും ധരിച്ച് ആകാശത്തേക്ക് വെടിയുതിര്‍ക്കുന്ന താക്കൂരിന്റേയും അനുയായികളുടേയും ചിത്രം ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.