കണ്ണൂര്‍: തലശ്ശേരി പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലായിരുന്ന തമിഴ്‌നാട് സേലം സ്വദേശി മരിച്ചു. മോഷണശ്രമം ആരോപിച്ച് കസ്റ്റഡിയിലെടുത്ത കാളിമുത്തുവാണ് മരിച്ചത്. ഇന്നലെ രാത്രി സെല്ലില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട ഇയാളെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

രണ്ടുദിവസം മുമ്പ് കാളിമുത്തു,രാജു എന്നിവരെ മോഷണശ്രമം ആരോപിച്ച് നാട്ടുകാര്‍ പിടികൂടുകയും പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കസ്റ്റഡി മരണമാണെന്ന് ആരോപിച്ച് ചില സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിനുശേഷവും അറസ്റ്റ് രേഖപ്പെടുത്തുകയോ കോടതിയില്‍ ഹാജരാക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍ കസ്റ്റഡിയിലെടുത്ത കാളിമുത്തുവിനെ ഉപദ്രവിച്ചിട്ടില്ലെന്നും നാട്ടുകാര്‍ കയ്യേറ്റം ചെയ്തിരുന്നതായും പോലീസ് അറിയിച്ചു.