കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ബാള്‍ക് പ്രവിശ്യയില്‍ സൈനിക ആസ്ഥാനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 140 പേര്‍ മരിച്ചു. 160ലധികം പേര്‍ക്ക് പരിക്കേറ്റു. ബാള്‍ക് തലസ്ഥാനമായ മസാറെ ഷരീഫില്‍നിന്ന് ഏതാനും കിലോമീറ്റര്‍ മാത്രം അകലെയാണ് സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. സൈനിക ക്യാമ്പിനകത്തെ പള്ളിയില്‍നിന്ന് വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങുന്ന സൈനികര്‍ക്കു നേരെയാണ് ആക്രമണമുണ്ടായതെന്ന് പ്രവിശ്യാ കൗണ്‍സില്‍ തലവന്‍ മുഹമ്മദ് ഇബ്രാഹീം ഖാന്‍ ആന്ദേശ് സ്ഥിരീകരിച്ചു.

പള്ളിയില്‍നിന്നിറങ്ങുന്ന സൈനികര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയ രണ്ട് ചാവേറുകള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. തൊട്ടു പിന്നാലെ എട്ട് ഭീകരര്‍ സൈന്യത്തിനു നേരെ ആക്രമണം അഴിച്ചു വിടുകയും ചെയ്തു. ഏഴു ഭീകരര്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ കൊല്ലപ്പെട്ടു. ഒരാള്‍ ജീവനോടെ പിടിയിലാവുകയും ചെയ്തു. സ്‌ഫോടനത്തെതുടര്‍ന്ന് മേഖലയില്‍ വന്‍തോതിലുള്ള അഗ്നിബാധയുണ്ടായതായി ഗുലാം ഹസ്‌റത് എന്ന ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
സൈനിക ക്യാമ്പിലേക്കുള്ള വഴിയില്‍ രണ്ടിടത്ത് ചെക് പോസ്റ്റുകളുണ്ട്. ഇവിടെനിന്നെല്ലാം തന്ത്രപരമായി രക്ഷപ്പെട്ടാണ് അക്രമികള്‍ സൈനിക ക്യാമ്പിനകത്ത് കടന്നത്. സൈന്യത്തിന്റേതെന്ന് തോന്നിക്കുന്ന മൂന്ന് വാഹനങ്ങളിലായാണ് അക്രമികള്‍ എത്തിയത്. വ്യാജ തിരിച്ചറിയല്‍ രേഖകളും ഇവരില്‍ നിന്ന് കണ്ടെടുത്തു.
ആളൊഴിഞ്ഞ പ്രദേശത്താണ് സൈനിക ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ വെള്ളിയാഴ്ച ഉച്ചയോടെ നടന്ന സംഭവം വൈകിയാണ് പുറംലോകമറിഞ്ഞത്. ആക്രമണ വിവരം രഹസ്യമാക്കിവെക്കാന്‍ അധികൃതര്‍ ശ്രമിച്ചത് ദുരൂഹത വര്‍ധിപ്പിച്ചിട്ടുണ്ട്. 60 പേര്‍ സംഭവ സ്ഥലത്തുതന്നെ കൊല്ലപ്പെട്ടതായാണ് വിശദീകരണം. പരിക്കേറ്റ പലരുടേയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് താലിബാന്‍ രംഗത്തെത്തി. 500ലധികം സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് താലിബാന്‍ അവകാശ വാദം. ക്യാമ്പിനകത്ത് പ്രവര്‍ത്തിക്കുന്ന നാല് സൈനികരും ആക്രമണം നടത്തിയ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നതായി താലിബാന്‍ വക്താവ് സബീഉല്ല മുജാഹിദ് പറഞ്ഞു. സൈനിക വേഷത്തില്‍ മുഖം മറച്ച നിലയില്‍ അക്രമികളുടെ ഫോട്ടോകളും താലിബാന്‍ പുറത്തുവിട്ടു.