ചെന്നൈ: തമിഴ്‌നാട്ടില്‍ ജെല്ലിക്കട്ട് മത്സരത്തിനിടെ 22 പേര്‍ക്ക് പരിക്കേറ്റു. മത്സരത്തില്‍ പങ്കെടുത്ത ആറ് പേര്‍ക്കും കാണാനെത്തിയ 16 പേര്‍ക്കുമാണ് പരിക്കേറ്റത്. തമിഴ്‌നാട്ടുകാരുടെ കൊയ്ത്തുത്സവമായ തൈപ്പൊങ്കല്‍ ദിനമായ ഇന്ന് നടന്ന ആവണിയപുരം ജെല്ലിക്കെട്ട്് മത്സരത്തിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

മധുരയിലെ ഏറ്റവും പ്രസിദ്ധമായ മൂന്ന് ജെല്ലിക്കട്ട് മത്സരങ്ങളിലൊന്ന് നടക്കുന്നത് ആവണിയപുരത്താണ്. ഈ ജെല്ലിക്കെട്ട് നടക്കുന്നതിനിടെയാണ് പരിക്ക് പറ്റിയത്. എന്നാല്‍ ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. മൃഗക്ഷേമ ബോര്‍ഡിന്റെ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ജെല്ലിക്കട്ട് മത്സരങ്ങള്‍ നടക്കുന്നത്. മത്സരാര്‍ഥികള്‍ക്കായി വേദിയില്‍ ചികിത്സാസൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. 500 പൊലീസുദ്യോഗസ്ഥരടക്കം കര്‍ശനസുരക്ഷാ സന്നാഹങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.