മുംബൈ: യാത്രക്കാര്‍ നോക്കി നില്‍ക്കെ ഗുഡ്‌സ് ട്രെയിന്‍ തട്ടിയ പത്തൊമ്പതുകാരി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മെയ് 13ന് കുര്‍ള റെയില്‍വേ സ്റ്റേഷനിലെ ഏഴാം നമ്പര്‍ പ്ലാറ്റ്‌ഫോമിലാണ് അത്യത്ഭതകരമായ സംഭവം നടന്നത്.

19 വയസ്സുകാരിയായ യുവതി ട്രെയിന്‍ വരുന്നതറിയാതെ പാളത്തിലൂടെ നടക്കുകയായിരുന്നു. ചെവിയില്‍ ഇയര്‍ ഫോണ്‍ വെച്ചതിനാല്‍ ട്രെയിന്‍ വരുന്ന ശബ്ദവും കുട്ടിക്ക് കേള്‍ക്കാനായില്ല.

ഗുഡ്‌സ് ട്രെയിന്‍ വരുന്നത് കണ്ട് നിലവിളിച്ച യാത്രക്കാരുടെ അലമുറ കേട്ട പത്തൊമ്പതുകാരി പരിഭ്രാന്തിയില്‍ ഓടിയടുത്തത് നേരെ ട്രെയിനിന്റെ മുന്നിലേക്ക്. കണ്ടു നിന്നവരെ സ്തബ്ധരാക്കി പെണ്‍കുട്ടി നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ആരോ മുന്നില്‍ ചാടിയിട്ടുണ്ടെന്ന് തോന്നിയ ലോകോ പൈലറ്റ് വണ്ടി വേഗം നിറുത്തി.
ട്രെയിനിന്റെ താഴെ നിന്ന് പൊടിയുംതട്ടി പെണ്‍കുട്ടി ചെറുപുഞ്ചിരിയോടെ എഴുന്നേറ്റു വന്നതു കണ്ട യാത്രക്കാരാണ് യഥാര്‍ഥത്തില്‍ ആശ്ചര്യപ്പെട്ടത്.