X

ഖത്തറില്‍ പന്തുരുളും; ഇവിടെ മനസും

മലപ്പുറം: മുമ്പെങ്ങുമില്ലാത്ത ആവേശമാണ് ഇത്തവണ ലോകകപ്പ് ഫുട്‌ബോളിന്. മലയാളി പ്രവാസികള്‍ ഏറെയുള്ള ഖത്തറിലാണ് ഇത്തവണത്തെ ലോകകപ്പ് ഫുട്‌ബോള്‍ എന്നതിനാല്‍ ഗള്‍ഫിലുള്ള മക്കളുടെ ഫോണ്‍ വിളികളില്‍ വരെ ലോകകപ്പ് വിശേഷണങ്ങളാണ്. കുട്ടികളും മുതിര്‍ന്നവരും ഉമ്മമാരുമെല്ലാം കാത്തിരിക്കുന്ന ലോകകപ്പാണ് വരുന്നത്. മലപ്പുറത്തു നിന്നുതന്നെ നൂറുകണക്കിനാളുകള്‍ ഇത്തവണത്തെ ലോകകപ്പ് നേരിട്ടും കാണും. ഇതെല്ലാം കൂടെയായതോടെ ഇത്തവണത്തെ ലോകകപ്പ് ഇത്തിരി കളറാണ്.

നാലുകൊല്ലത്തില്‍ ഒരിക്കല്‍ വിരുന്നെത്തുന്ന ഫുട്‌ബോള്‍ വിപണിയും ഇത്തവണ അടിപൊളിയായിട്ടുണ്ട്. ഫ്‌ളക്‌സ്, കൊടി, തോരണങ്ങള്‍, പടക്കം, സ്‌ക്രീന്‍ തുടങ്ങിയവക്ക് ആവശ്യക്കാരേറെയാണ്. ഫ്‌ളക്‌സുകളില്‍ നിന്നും മാറി കട്ടൗട്ടുകളാണ് ഇത്തവണ ട്രെന്റ്. റോഡ് മുഴുവന്‍ മൂടുന്ന കൊടി തോരണങ്ങളും ഇത്തവണ കൂടുതല്‍ കാണാനാകും. നഗര ഗ്രാമ വ്യത്യാസമില്ലാതെ ജില്ലയില്‍ മുഴുവന്‍ ഫുട്‌ബോള്‍ ഫാന്‍സുകാര്‍ കയ്യേറിയിരിക്കുകയാണ്. ഫാന്‍ ഫൈറ്റ് ശക്തിപ്പെട്ടതോടെ നാടും നഗരവും ലോകകപ്പ് ടീമുകളുടെ താരങ്ങളും കൊടികളുമായി തിളങ്ങി നില്‍ക്കുകയാണ്.

കട്ടൗട്ടാണ് താരം

കൊടിയും തോരണങ്ങളും കിട്ടാനില്ല. ഫ്‌ളക്‌സ് കടകളിലാണെങ്കില്‍ തിരക്കോട് തിരക്ക്. മത്സരങ്ങള്‍ ആരംഭിക്കുന്നതോടെ ആവശ്യക്കാരേറുന്ന പടക്കവിപണിയും സെറ്റ്. ആദ്യം കുറച്ച് മന്തഗതിയിലായിരുന്നു ലോകകപ്പ് ഫുട്‌ബോള്‍ വിപണി വ്യാപാരികളുടെ പ്രതീക്ഷികള്‍ പോലും തെറ്റിച്ച് മുന്നേറുകയാണ്. കോവിഡ് തകര്‍ച്ചക്ക് ശേഷം കരകയറാനുള്ള പിടിവള്ളി കൂടിയായിട്ടാണ് വ്യാപാരികള്‍ ലോകകപ്പിനെ കാണുന്നത്. ഫ്‌ളക്‌സുകളും കട്ടൗട്ടുകളുമായി ഇത്തവണ വ്യാപാരം വര്‍ധിച്ചിരിക്കുകയാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. ആവശ്യങ്ങള്‍ക്കനുസരിച്ച് സമയബന്ധിതമായി പ്രിന്റ് ചെയ്തുകൊടുക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയും വ്യാപാരികള്‍ പങ്കുവെച്ചു.

അത്രയുമാണ് ഓരോ ദിവസവും ഓര്‍ഡര്‍ വരുന്നത്. ഫ്‌ളക്‌സുകള്‍ ഉണ്ടെങ്കിലും മുമ്പത്തെ അപേക്ഷിച്ച് കട്ടൗട്ടുകളുടെ ആവശ്യക്കാര്‍ വര്‍ധിച്ചുവെന്നും കോഴിക്കോട്ട് വൈറലായ കട്ടൗട്ട് യുദ്ധം ഇതിന് കാരണമായിട്ടുണ്ടാകാമെന്നുമാണ് വ്യാപാരികള്‍ പറയുന്നത്. ജഴ്‌സിയും കൊടികളും തോരണങ്ങളും വലിയ തോതിലാണ് വിറ്റുപോകുന്നത്. മത്സരം ആരംഭിക്കുന്നതോടെ പടക്ക വിപണിയും സജ്ജീവമാകുമെന്ന് തന്നെയാണ് വ്യാപാരികളുടെയും പ്രതീക്ഷ. പലരും ഇതിനോടകം തന്നെ പടക്കങ്ങളും വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. വലിയ തോതില്‍ പടക്കങ്ങളും അനുബന്ധ സാധനങ്ങളും വലിയ തോതില്‍ വാങ്ങി വെച്ചിട്ടുണ്ട് ഓരോ പടക്ക കച്ചവടക്കാരനും. ഗ്രാമങ്ങളില്‍ പോലും ലക്ഷങ്ങളാണ് ഫുട്‌ബോള്‍ ആരാധകര്‍ സ്വന്തം ടീമിനായി ചിലവഴിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങള്‍ കൂടുതല്‍ സജീവമായതും ഫാന്‍ ഫൈറ്റിന് ആക്കം കൂട്ടിയിട്ടുണ്ട്.

സ്‌ക്രീനിനായി
നെട്ടോട്ടം

എല്ലാവര്‍ക്കും കൂടെ ഒരുമിച്ചിരുന്ന കളി കാണാനുള്ള സൗകര്യത്തിനായി വലിയ ബിഗ് സ്‌ക്രീന്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പലരും. എന്നാല്‍ സ്‌ക്രീനുകളുടെ ലഭ്യത കുറവ് ഇത്തരക്കാരെ നിരാശരാക്കിയിട്ടുണ്ട്. പ്രൊജക്ടര്‍ ഉപയോഗിച്ചാല്‍ വീഡിയോക്ക് വേണ്ടത്ര വ്യക്തതയുണ്ടാവില്ല എന്നത് കൊണ്ടുതന്നെ എല്‍.ഇ.ഡി ഡിസ്‌പ്ലേകള്‍ക്കാണ് ആവശ്യക്കാരേറെ. പാനലുകള്‍ കോര്‍ത്തിണക്കിയാണ് ഇത് ഒരുക്കുന്നത്. ചതുരശ്രയടിക്ക് 130 മുതല്‍ 180 വരെയാണ് വാടകയായി നല്‍കേണ്ടത്. ആവശ്യക്കാര്‍ ഏറിയതോടെ വാടക വര്‍ധിപ്പിച്ചതായും പരാതിയുണ്ട്. എന്നാല്‍ ഇതുതന്നെ കിട്ടാനില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ തവണ പല തീയ്യേറ്ററുകളിലും കളി പ്രദര്‍ശിപ്പിച്ചിരുന്നു. ഇത്തവണയും അത് പ്രതീക്ഷിക്കാം.

web desk 3: