X

കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി വിജയിച്ചു

കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് ചൊവ്വാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബംഗളൂരു അധ്യാപക മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി. പുട്ടണ്ണ വിജയിച്ചു. ബി.ജെ.പി-ജെ.ഡി.എസ് സഖ്യത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥി എ.പി. രംഗനാഥിനെ 1,507 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പുട്ടണ്ണ പരാജയപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുട്ടണ്ണ എം.എല്‍.സി സ്ഥാനത്തുനിന്നും രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

ജെ.ഡി.എസ് എന്‍.ഡി.എ സഖ്യത്തില്‍ ചേര്‍ന്ന ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യത്തിന് വന്‍ തിരിച്ചടിയായി. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയിലെ വോട്ടര്‍മാരുടെ നിലവിലുള്ള മാനസികാവസ്ഥയായിട്ടാണ് കോണ്‍ഗ്രസ് ഫലത്തെ വിശേഷിപ്പിച്ചത്.

കോണ്‍ഗ്രസിന്റെ പുട്ടണ്ണ 8260 വോട്ടുകള്‍ നേടിയപ്പോള്‍ ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി രംഗനാഥിന് 6753 വോട്ടുകളാണ് ലഭിച്ചത്. പുട്ടണ്ണ ഈ മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി അഞ്ചാം തവണയാണ് വിജയിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബാംഗ്ലൂര്‍ ടീച്ചേഴ്സ് മണ്ഡലം സീറ്റ് ജെ.ഡി.എസിന് ബി.ജെ.പി വിട്ടുകൊടുക്കുകയായിരുന്നു. ഇരുപാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കളുടെ യോഗത്തെ തുടര്‍ന്നാണ് ജനുവരിയില്‍ സീറ്റ് ജെ.ഡി.എസിന് നല്‍കിയത്.

കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ശുഭ സൂചകമാണെന്ന് പറഞ്ഞു. വിദ്യാസമ്പന്നരായ വോട്ടര്‍മാര്‍ ബി.ജെ.പി-ജെ.ഡി.എസ് സഖ്യം നിരസിച്ച് കോണ്‍ഗ്രസിന് വോട്ട് ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിലും ഇതേ മാനസികാവസ്ഥ സംസ്ഥാനത്ത് നിലനില്‍ക്കുമെന്ന് ശിവകുമാര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

 

webdesk13: