X

ടി.പി വധക്കേസ്: ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ കീഴടങ്ങി

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. കേസിലെ പത്താം പ്രതി കെ കെ കൃഷ്ണന്‍, പന്ത്രണ്ടാം പ്രതി ജ്യോതി ബാബു എന്നിവരാണ് കീഴടങ്ങിയത്. സിപിഎം നേതാക്കളായ പ്രതികള്‍ മാറാട് പ്രത്യേക കോടതിയിലാണ് കീഴടങ്ങിയത്. പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി.

ആംബുലന്‍സിലാണ് ജ്യോതി ബാബു കോടതിയിലെത്തിയത്. ഈ മാസം 26 ന് കേസിലെ ശിക്ഷയിന്മേലുള്ള വാദത്തിന് പ്രതികളെ കോടതിയില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആരോഗ്യപ്രശ്നങ്ങളുള്ളതിനാലാണ് ജ്യോതി ബാബുവിനെ ആംബുലന്‍സിലെത്തിച്ചത്.

മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി കെ കെ കൃഷ്ണനെയും ജ്യോതി ബാബുവിനെയും റദ്ദാക്കിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം തെളിഞ്ഞതായി കണ്ടെത്തിയ ഹൈക്കോടതി, രണ്ടു പ്രതികളെയും വെറുതെ വിട്ട വിചാരണക്കോടതി വിധി റദ്ദാക്കുകയും ചെയ്തു.

ഈ രണ്ടു പ്രതികള്‍ ഉള്‍പ്പെടെ ഏഴു പേരുടെ പേരിലാണ് അന്വേഷണസംഘം ഗൂഢാലോചനക്കേസ് ചുമത്തിയത്. ഇതില്‍ എട്ടാംപ്രതി കെ സി രാമചന്ദ്രന്‍, 11-ാം പ്രതി ട്രൗസര്‍ മനോജ്, 13-ാം പ്രതി പി കെ കുഞ്ഞനന്തന്‍ എന്നിവരെ വിചാരണക്കോടതി അന്നുതന്നെ ശിക്ഷിച്ചിരുന്നു.

കെ കെ കൃഷ്ണന്‍, ജ്യോതിബാബു എന്നിവര്‍ക്ക് പുറമെ, സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍, സി എച്ച് അശോകന്‍, എന്നിവരെയും വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. മോഹനനെ വെറുതെ വിട്ടത് ഹൈക്കോടതി ശരിവെച്ചിട്ടുണ്ട്.

 

 

webdesk13: