X

ശമ്പള ഉത്തരവില്‍ അപാകതയില്ല; വിവാദമുണ്ടാക്കേണ്ട ആവശ്യമില്ലെന്ന് ഗതാഗതമന്ത്രി, തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജീവനക്കാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പുതിയ ശമ്പള ഉത്തരവില്‍ അപാകതകളില്ലെന്നും അനാവശ്യ വിവാദം സൃഷ്ടിക്കേണ്ട ആവശ്യകതയില്ലെന്നും ഗതാഗത മന്ത്രി ആന്റണി രാജു. യൂണിയനുകള്‍ ആവശ്യപ്പെട്ടാല്‍ ചര്‍ച്ചയാകാമെന്നും മന്ത്രി പറഞ്ഞു. മാനേജ്‌മെന്റ് തീരുമാനത്തില്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ഇതുവരെ ആരും ആശങ്കയുണ്ടെന്ന് പറഞ്ഞിട്ടില്ല. അംഗീകൃത യൂണിയനുകള്‍ ഇക്കാര്യം ആവശ്യപ്പെട്ടാല്‍ ചര്‍ച്ച ചെയ്യുന്നതിന് തടസമൊന്നുമില്ല. ടാര്‍ഗറ്റും പുതിയ ഉത്തരവും തമ്മില്‍ ബന്ധമില്ല. പ്രായോഗിക തീരുമാനത്തെ തള്ളിക്കളയേണ്ട ആവശ്യവുമില്ല’; മന്ത്രി പറഞ്ഞു.

എന്നാല്‍ ശമ്പള വിതരണത്തിലെ പുതിയ ഉത്തരവിനെതിരെ എതിര്‍പ്പിലാണ് ജീവനക്കാര്‍. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ ശമ്പള വിതരണം പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചതിന് പിന്നാലെയാണ് ജീവനക്കാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്. ശമ്പളത്തിന്റെ 65 ശതമാനം ആദ്യ ഗഡുവായി വിതരണം ചെയ്യും. ബാക്കി തുക അടുത്ത ഗഡുക്കളായും നല്‍കുമെന്നാണ് പുതിയ ഉത്തരവ്.

മാനേജ്‌മെന്റിന്റെ തീരുമാനത്തെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ജീവനക്കാര്‍. മുഴുവന്‍ ശമ്പളവും അഞ്ചാം തീയതി തന്നെ നല്‍കണമെന്നാണ് യൂണിയന്റെ ആവശ്യം.

അതേസമയം, ശമ്പളം ഗഡുക്കളായി വിതരണം ചെയ്യുമെന്ന പിടിവാശിയിലാണ് മാനേജ്‌മെന്റ്. സാമ്പത്തിക പ്രതിസന്ധി അത്രത്തോളം രൂക്ഷമാണെന്നും സര്‍ക്കാര്‍ സഹായം ലഭിക്കുന്ന മുറയ്ക്കല്ലാതെ മുഴുവന്‍ ശമ്പളവും നല്‍കാനാവില്ലെന്നുമാണ് മാനേജ്‌മെന്റ് വിശദീകരണം.

നിലവിലെ പശ്ചാത്തലത്തില്‍ സമരം കടുപ്പിക്കുക എന്ന നീക്കത്തിലേക്ക് കടക്കുകയാണ് തൊഴിലാളി സംഘടനകള്‍. 28ാം തീയതി ചീഫ് ഓഫീസുകളിലേക്ക് സിഐടിയും മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനവ്യാപകമായി പ്രതിഷേധം വിപുലപ്പെടുത്തതിനുള്ള ആലോചനയിലാണ് ടിഡിഎസും ബിഎംഎസും. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം മാത്രം കേന്ദ്രീകരിച്ച് നടന്നിരുന്ന പ്രതിഷേധം സംസ്ഥാനമാകെ വ്യാപിപ്പിക്കാനാണ് സംഘടനകളുടെ തീരുമാനം.

webdesk13: