X

അനസ് എടത്തൊടികക്കും റിനോ ആന്റോക്കും ജോലി നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ 

ഷഹബാസ് വെള്ളില
മലപ്പുറം
മുന്‍ ഇന്ത്യന്‍ ഫുട്‌ബോളര്‍മാരായ  അനസ് എടത്തൊടികക്കും റിനോ ആന്റോക്കും ജോലി നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി തന്നെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കത്ത് കഴിഞ്ഞ ദിവസങ്ങളില്‍ അനസും റിനോയും കൈപറ്റി. കായിക യുവജനകാര്യ വകുപ്പാണ് ഇരുവര്‍ക്കും ജോലി നല്‍കാനാവില്ലെന്ന് അറിയിച്ചത്. കായിക താരങ്ങള്‍ക്ക് സ്‌പോട്‌സ് ക്വാട്ട മുഖേന നിയമനം നല്‍കുന്നതിനുള്ള ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ ദേശീയ ഫുട്‌ബോളിന് നിരവധി സംഭാവനകള്‍ നല്‍കിയ അനസും റിനോയും ലിസ്റ്റില്‍ നിന്നും പുറത്തായിരുന്നു. ഇതിനെതിരെ ഇരുവരും സര്‍ക്കാറിനെ സമീപിച്ചിരുന്നു. ലോകകപ്പില്‍ പങ്കെടുക്കണം തുടങ്ങിയ വിചിത്ര മാനദണ്ഡങ്ങളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഇതിനെതിരെ വലിയ വിവാദങ്ങളുണ്ടായിരുന്നു. ദേശീയ സീനിയര്‍ ഫുട്‌ബോള്‍ ടീമിനൊപ്പം മികച്ച പ്രകടനം നടത്തി സംസ്ഥാനത്തിന് തന്നെ മാതൃകയായ ഇരുവരെയും സര്‍ക്കാര്‍ ജോലിക്ക് പരിഗണിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ ജോലി നല്‍കാന്‍ കഴിയിലെന്ന ഉറച്ച നിലപാടില്‍ തന്നെ സര്‍ക്കാര്‍ തുടരുകയായിരുന്നു.  ഇതിന് തെളിവായിരുന്നു സര്‍ക്കാര്‍ ഇരുവര്‍ക്കും നേരിട്ട് അയച്ച കത്ത്. ഇരുവരുടെയും അപേക്ഷയില്‍ കായിക യുവജനകാര്യ സെക്രട്ടറി ബന്ധപ്പെട്ട എല്ലാവരുമായി ചേര്‍ന്ന് വിശദമായ ചര്‍ച്ച ചെയ്‌തെന്ന് കത്തില്‍ പറയുന്നു. യോഗ തീരുമാനപ്രകാരം നിലവിലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ സ്‌പോട്‌സ് ക്വാട്ട നിയമനത്തിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലായതിനാല്‍ മാനദണ്ഡങ്ങള്‍ പുനപരിശോധിക്കുന്നത് പരിഗണിക്കാന്‍ കഴിയില്ലെന്നുമാണ് സര്‍ക്കാര്‍ കത്തില്‍ സൂചിപ്പിക്കുന്നത്.
ഇതോടെ ഇരുവര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമായി. വര്‍ഷങ്ങള്‍ക്ക് മുന്നെ കൊണ്ടുവന്ന മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണമെന്നുമുള്ള ആവശ്യം കാലങ്ങളായി ഉയരുന്നതാണ്. എന്നാല്‍ അതിന് സംസ്ഥാന സര്‍ക്കാറിന് താല്‍പര്യമില്ല എന്നതാണ് പ്രധാന പ്രശ്‌നം. അനസിനടക്കം ജോലി നല്‍കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് വകുപ്പ് മന്ത്രിയും കൈമലര്‍ത്തുകയായിരുന്നു. 2015-2019 കാലഘട്ടത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 250 പേര്‍ക്കാണ്  സ്‌പോട്‌സ് ക്വാട്ടയില്‍ സര്‍ക്കാര്‍ ജോലി നല്‍കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ വിചിത്രമായ ഉത്തരവാണ് അനസിനും റിനോക്കും തടസ്സമായി നില്‍ക്കുന്നത്.
അംഗീകൃത അന്താരാഷ്ട്ര ഫെഡറേഷനുകള്‍ നടത്തിയിട്ടുള്ള ഒളിമ്പിക്‌സ്, ലോകകപ്പ്, ലോക യൂണിവേഴ്‌സിറ്റി ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, സാഫ് ഗെയിംസ് എന്നിവയില്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയോടെ രാജ്യത്തെ പ്രതിനിധാനം ചെയ്യുകയും ഒന്നോ രണ്ടോ മൂന്നോ സ്ഥാനങ്ങള്‍ നേടുകയോ ചെയത താരങ്ങളെ മാത്രമേ സര്‍ക്കാര്‍ ജോലിക്ക്  പരിഗണിക്കൂ. ഇത് പ്രകാരം കേരളത്തില്‍ നിന്നുള്ള ഒരു ദേശീയ താരത്തിനും സ്‌പോട്‌സ് ക്വാട്ടയില്‍ ജോലി ലഭിക്കില്ല. ഇത്തവണ ഇന്ത്യന്‍ സീനിയര്‍ ഫുട്‌ബോള്‍ ടീമിന് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടീം ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നത്. ഏഷ്യന്‍ ഗെയിംസിനുളള ടീമില്‍ ഇടംപിടിക്കുന്ന  കേരള താരങ്ങള്‍ക്ക് ഇതുകൊണ്ടുതന്നെ ജോലി ലഭിച്ചേക്കും. നേരത്തെ സാഫ് ഗെയിംസില്‍ എല്ലാം ദേശീയ ഫുട്‌ബോള്‍ ടീം കളിച്ചിരുന്നെങ്കിലും  ഇപ്പോഴത്തെ ഇന്ത്യന്‍ സീനിയര്‍ ടീം സാഫ് ഗെയിംസില്‍ പങ്കെടുക്കുന്നില്ല. നിലവില്‍ ലോകകപ്പ്, ഒളിംപിക്‌സ്, സാഫ് ഗെയിംസ് , കോമണ്‍വെല്‍ത്ത് ഗെയിംസ്, വേള്‍ഡ് യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് മീറ്റ് ഇവയൊക്കെയാണ്  മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുന്ന ടൂര്‍ണമെന്റുകള്‍. ഇവയിലൊന്നും തന്നെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മത്സരിക്കുന്നില്ല. മാനദണ്ഡങ്ങള്‍ സംസ്ഥാനത്തിന് പരിഷ്‌കരിക്കാമെന്നിരിക്കെ ഇതിന് നില്‍ക്കാതെ കായിക താരങ്ങളെ അവഗണിക്കുകയും അപമാനിക്കുകയുമാണ് സംസ്ഥാന സര്‍ക്കാരും കായിക മന്ത്രിയും  ചെയ്യുന്നത്.

webdesk11: