Connect with us

News

അനസ് എടത്തൊടികക്കും റിനോ ആന്റോക്കും ജോലി നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ 

മുന്‍ ഇന്ത്യന്‍ ഫുട്‌ബോളര്‍മാരായ  അനസ് എടത്തൊടികക്കും റിനോ ആന്റോക്കും ജോലി നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി തന്നെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കത്ത് കഴിഞ്ഞ ദിവസങ്ങളില്‍ അനസും റിനോയും കൈപറ്റി.

Published

on

ഷഹബാസ് വെള്ളില
മലപ്പുറം
മുന്‍ ഇന്ത്യന്‍ ഫുട്‌ബോളര്‍മാരായ  അനസ് എടത്തൊടികക്കും റിനോ ആന്റോക്കും ജോലി നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി തന്നെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കത്ത് കഴിഞ്ഞ ദിവസങ്ങളില്‍ അനസും റിനോയും കൈപറ്റി. കായിക യുവജനകാര്യ വകുപ്പാണ് ഇരുവര്‍ക്കും ജോലി നല്‍കാനാവില്ലെന്ന് അറിയിച്ചത്. കായിക താരങ്ങള്‍ക്ക് സ്‌പോട്‌സ് ക്വാട്ട മുഖേന നിയമനം നല്‍കുന്നതിനുള്ള ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ ദേശീയ ഫുട്‌ബോളിന് നിരവധി സംഭാവനകള്‍ നല്‍കിയ അനസും റിനോയും ലിസ്റ്റില്‍ നിന്നും പുറത്തായിരുന്നു. ഇതിനെതിരെ ഇരുവരും സര്‍ക്കാറിനെ സമീപിച്ചിരുന്നു. ലോകകപ്പില്‍ പങ്കെടുക്കണം തുടങ്ങിയ വിചിത്ര മാനദണ്ഡങ്ങളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഇതിനെതിരെ വലിയ വിവാദങ്ങളുണ്ടായിരുന്നു. ദേശീയ സീനിയര്‍ ഫുട്‌ബോള്‍ ടീമിനൊപ്പം മികച്ച പ്രകടനം നടത്തി സംസ്ഥാനത്തിന് തന്നെ മാതൃകയായ ഇരുവരെയും സര്‍ക്കാര്‍ ജോലിക്ക് പരിഗണിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ ജോലി നല്‍കാന്‍ കഴിയിലെന്ന ഉറച്ച നിലപാടില്‍ തന്നെ സര്‍ക്കാര്‍ തുടരുകയായിരുന്നു.  ഇതിന് തെളിവായിരുന്നു സര്‍ക്കാര്‍ ഇരുവര്‍ക്കും നേരിട്ട് അയച്ച കത്ത്. ഇരുവരുടെയും അപേക്ഷയില്‍ കായിക യുവജനകാര്യ സെക്രട്ടറി ബന്ധപ്പെട്ട എല്ലാവരുമായി ചേര്‍ന്ന് വിശദമായ ചര്‍ച്ച ചെയ്‌തെന്ന് കത്തില്‍ പറയുന്നു. യോഗ തീരുമാനപ്രകാരം നിലവിലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ സ്‌പോട്‌സ് ക്വാട്ട നിയമനത്തിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലായതിനാല്‍ മാനദണ്ഡങ്ങള്‍ പുനപരിശോധിക്കുന്നത് പരിഗണിക്കാന്‍ കഴിയില്ലെന്നുമാണ് സര്‍ക്കാര്‍ കത്തില്‍ സൂചിപ്പിക്കുന്നത്.
ഇതോടെ ഇരുവര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമായി. വര്‍ഷങ്ങള്‍ക്ക് മുന്നെ കൊണ്ടുവന്ന മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണമെന്നുമുള്ള ആവശ്യം കാലങ്ങളായി ഉയരുന്നതാണ്. എന്നാല്‍ അതിന് സംസ്ഥാന സര്‍ക്കാറിന് താല്‍പര്യമില്ല എന്നതാണ് പ്രധാന പ്രശ്‌നം. അനസിനടക്കം ജോലി നല്‍കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് വകുപ്പ് മന്ത്രിയും കൈമലര്‍ത്തുകയായിരുന്നു. 2015-2019 കാലഘട്ടത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 250 പേര്‍ക്കാണ്  സ്‌പോട്‌സ് ക്വാട്ടയില്‍ സര്‍ക്കാര്‍ ജോലി നല്‍കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ വിചിത്രമായ ഉത്തരവാണ് അനസിനും റിനോക്കും തടസ്സമായി നില്‍ക്കുന്നത്.
അംഗീകൃത അന്താരാഷ്ട്ര ഫെഡറേഷനുകള്‍ നടത്തിയിട്ടുള്ള ഒളിമ്പിക്‌സ്, ലോകകപ്പ്, ലോക യൂണിവേഴ്‌സിറ്റി ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, സാഫ് ഗെയിംസ് എന്നിവയില്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയോടെ രാജ്യത്തെ പ്രതിനിധാനം ചെയ്യുകയും ഒന്നോ രണ്ടോ മൂന്നോ സ്ഥാനങ്ങള്‍ നേടുകയോ ചെയത താരങ്ങളെ മാത്രമേ സര്‍ക്കാര്‍ ജോലിക്ക്  പരിഗണിക്കൂ. ഇത് പ്രകാരം കേരളത്തില്‍ നിന്നുള്ള ഒരു ദേശീയ താരത്തിനും സ്‌പോട്‌സ് ക്വാട്ടയില്‍ ജോലി ലഭിക്കില്ല. ഇത്തവണ ഇന്ത്യന്‍ സീനിയര്‍ ഫുട്‌ബോള്‍ ടീമിന് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടീം ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നത്. ഏഷ്യന്‍ ഗെയിംസിനുളള ടീമില്‍ ഇടംപിടിക്കുന്ന  കേരള താരങ്ങള്‍ക്ക് ഇതുകൊണ്ടുതന്നെ ജോലി ലഭിച്ചേക്കും. നേരത്തെ സാഫ് ഗെയിംസില്‍ എല്ലാം ദേശീയ ഫുട്‌ബോള്‍ ടീം കളിച്ചിരുന്നെങ്കിലും  ഇപ്പോഴത്തെ ഇന്ത്യന്‍ സീനിയര്‍ ടീം സാഫ് ഗെയിംസില്‍ പങ്കെടുക്കുന്നില്ല. നിലവില്‍ ലോകകപ്പ്, ഒളിംപിക്‌സ്, സാഫ് ഗെയിംസ് , കോമണ്‍വെല്‍ത്ത് ഗെയിംസ്, വേള്‍ഡ് യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് മീറ്റ് ഇവയൊക്കെയാണ്  മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുന്ന ടൂര്‍ണമെന്റുകള്‍. ഇവയിലൊന്നും തന്നെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മത്സരിക്കുന്നില്ല. മാനദണ്ഡങ്ങള്‍ സംസ്ഥാനത്തിന് പരിഷ്‌കരിക്കാമെന്നിരിക്കെ ഇതിന് നില്‍ക്കാതെ കായിക താരങ്ങളെ അവഗണിക്കുകയും അപമാനിക്കുകയുമാണ് സംസ്ഥാന സര്‍ക്കാരും കായിക മന്ത്രിയും  ചെയ്യുന്നത്.

india

നിമിഷപ്രിയയുടെ മോചനം; പരിമിതികളുണ്ട്, വധശിക്ഷ ഒഴിവാക്കാന്‍ കൂടുതലൊന്നും ചെയ്യാനാകില്ല: കേന്ദ്രം സുപ്രീംകോടതിയില്‍

നിമിഷപ്രിയയുടെ മോചനത്തിന് നയതന്ത്ര മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.

Published

on

മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി. നിമിഷപ്രിയയുടെ മോചനത്തിന് നയതന്ത്ര മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

അതേസമയം, നിമിഷപ്രിയയുടെ മോചനത്തിനായി പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മോചനവുമായി ബന്ധപ്പെട്ട് എല്ലാവിധ ചര്‍ച്ചകളും നടന്നു കഴിഞ്ഞു. വധശിക്ഷ ഒഴിവാക്കാന്‍ കൂടുതലൊന്നും ചെയ്യാനാകില്ലെന്നും എ.ജി വ്യക്തമാക്കി.

ജൂലൈ 16ന് യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയെ മോചിപ്പിക്കാന്‍ നയതന്ത്ര മാര്‍ഗങ്ങളുടെ സാധ്യത എത്രയും വേഗം ഉപയോഗിക്കണമെന്ന് അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജൂലൈ 10ന് വിഷയം അടിയന്തരമായി സുപ്രീംകോടതി പരിഗണിക്കാന്‍ തീരുമാനിച്ചത്. ശരീഅത്ത് നിയമപ്രകാരം മരിച്ചയാളുടെ കുടുംബത്തിന് ദിയാധനം നല്‍കുന്ന കാര്യം പരിശോധിക്കാമെും അഭിഭാഷകന്‍ വാദിച്ചിരുന്നു.

ദിയാധനം നല്‍കിയാല്‍ മരിച്ചയാളുടെ കുടുംബം നിമിഷപ്രിയക്ക് മാപ്പ് നല്‍കിയേക്കാമെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഹരജിയുടെ പകര്‍പ്പ് അറ്റോണി ജനറലിന് നല്‍കാന്‍ ബെഞ്ച് അഭിഭാഷകനോട് നിര്‍ദേശിച്ചിട്ടുണ്ട്. സേവ് നിമിഷപ്രിയ ഇന്റര്‍നാഷനല്‍ ആക്ഷന്‍ കൗണ്‍സില്‍ സംഘടനയാണ് ഹരജി നല്‍കിയത്.

2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആഗസ്റ്റില്‍ നിമിഷ പ്രിയയെ പൊലീസ് അറസ്റ്റ് ചെയ്തു. യമന്‍ പൗരനായ അബ്ദുമഹ്ദിയെ പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനി നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിന് മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്.

ജൂലൈ പതിനാറിന് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാനാണ് യെമനിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടത്. ഉത്തരവ് ജയിലധികൃതര്‍ക്ക് കൈമാറിയിരുന്നു. 2017 മുതല്‍ സനായിലെ ജയിലിലാണ് നിമിഷപ്രിയ. അതിനിടെ മോചനശ്രമങ്ങള്‍ പലപ്പോഴായി നടന്നെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയില്ല.

Continue Reading

india

പഹല്‍ഗാം ഭീകരാക്രമണം; ‘സുരക്ഷാ വീഴ്ചയുണ്ടായി, ഉത്തരവാദിത്തം ഏറ്റെടുക്കുന്നു’: ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ

സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യം മേഖലയില്‍ ഉണ്ടായിരുന്നില്ലെന്നും വിനോദസഞ്ചാരികളെ ഭീകരര്‍ ലക്ഷ്യമിടില്ലെന്നാണ് കരുതിയതെന്നും മനോജ് സിന്‍ഹ പറഞ്ഞു.

Published

on

പഹല്‍ഗാം ഭീകരാക്രമണം നടന്ന സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യം മേഖലയില്‍ ഉണ്ടായിരുന്നില്ലെന്നും വിനോദസഞ്ചാരികളെ ഭീകരര്‍ ലക്ഷ്യമിടില്ലെന്നാണ് കരുതിയതെന്നും മനോജ് സിന്‍ഹ പറഞ്ഞു. പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം മനോജ് സിന്‍ഹ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ 82 ദിവസം വേണ്ടി വന്നുവെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.

‘പഹല്‍ഗാമില്‍ നടന്നത് നിര്‍ഭാഗ്യകരമായ കാര്യമാണ്. നിഷ്‌കളങ്കരായ മനുഷ്യര്‍ ക്രൂരമായി കൊല്ലപ്പെട്ടു. നടന്നത് സുരക്ഷാവീഴ്ചയാണ്. എല്ലാ ഉത്തരവാദിത്തവും ഞാന്‍ ഏറ്റെടുക്കുന്നു. തീവ്രവാദികള്‍ വിനോദസഞ്ചാരികളെ ആക്രമിക്കില്ലെന്നായിരുന്നു ഇവിടുത്തെ പൊതുവെയുള്ള വിശ്വാസം. ആക്രമണം നടന്ന സ്ഥലം തുറസായ ഒരു മൈതാനമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നില്‍ക്കാനുള്ള മുറിയോ സൗകര്യമോ അവിടെയില്ല’, എന്നായിരുന്നു മനോജ് സിന്‍ഹയുടെ പ്രതികരണം.

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

പവന് 120 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 120 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. പവന് ഇന്ന് 73,240 രൂപയാണ് വില. ട്രംപിന്റെ താരിഫ് നയങ്ങളിലെ അനശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിലാണ് സ്വര്‍ണവില കുതിച്ചുയരുന്നത്.

ഇന്ന് ഗ്രാമിന് 15 രൂപയും വര്‍ധിച്ചു. ഇതോടെ ഗ്രാമിന് 9155 എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം സ്വര്‍ണവില 1240 രൂപയാണ് വര്‍ധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ പവന് 72160 രൂപയായിരുന്നു വില.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

Continue Reading

Trending