X

പൊളിഞ്ഞുവീണത് ഗുജറാത്ത് മോഡല്‍ നുണ

അഡ്വ. ഫൈസല്‍ ബാബു

അത്യഗാധമായ ദുഃഖത്തോടെയാണ് ഗുജറാത്തിലെ മോര്‍ബിയില്‍നിന്നുള്ള വാര്‍ത്ത കേട്ടത്. നൂറ്റാണ്ട് പഴക്കമുള്ള മോര്‍ബിയിലെ തൂക്കുപാലം മരണത്തിലേക്കുള്ള പാതയായപ്പോള്‍, പുരുഷന്‍മാരും സ്ത്രീകളും കുട്ടികളുമടക്കം 142 പേര്‍ താഴെവീണ് മുങ്ങിപ്പൊന്തി നിലവിളിക്കുന്ന ദൃശ്യം തല്‍സമയം ലോകരുടെ ഹൃദയം തൊട്ടു. ഒരുകാര്യം പ്രഥമ ദൃഷ്ട്യാല്‍ പറയാന്‍ പറ്റും; ബി.ജെ.പി ഭരണത്തിന്റെ അഴിമതിയും കഴിവുകേടും മുതലാളിത്ത ദാസ്യവും ഒരുപറ്റം സാധാരണ മനുഷ്യരെ നദിയിലെറിഞ്ഞ് ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു എന്ന്. ഒരേസമയം കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത്‌കൊണ്ട് ഡബ്ള്‍ എന്‍ഞ്ചിന്‍ സര്‍ക്കാര്‍ എന്നാണ് ബി. ജെ.പി മന്ത്രിമാര്‍ സ്വയം പരിചയപ്പെടുത്താറുള്ളത്. അധികാരത്തിന്റെ ലഹരി നല്‍കുന്ന വെറും ഗര്‍വാണ് ഈ പറച്ചില്‍. തങ്ങളുടെ ഉറ്റവരെവിടെ എന്ന് ചോദിച്ച് ബന്ധുക്കള്‍ വിലപിക്കുമ്പോള്‍ തടാകത്തില്‍ ബോട്ടിംഗ് നടത്തുന്ന ലാഘവത്തോടെ തപ്പിക്കളിക്കുകയായിരുന്നു സുരക്ഷാവേഷമണിഞ്ഞവര്‍, ഒരു ഫലവുമില്ലാതെ. ‘ഇത്രവലിയ ദുരന്തം തല്‍സമയം കണ്ടിട്ട് ആംബുലന്‍സ് പോലും പെട്ടെന്ന് എത്തിയില്ല. വൈകി വന്ന ആംബുലന്‍സുകള്‍ രൂക്ഷമായ ഗതാഗതക്കുരുക്കില്‍ പെട്ട് പിന്നെയും ഏറെ സമയമെടുത്തു. ഈ ഘട്ടത്തിലും റോഡിലെ തിരക്ക് നിയന്ത്രിക്കാന്‍ ട്രാഫിക് പൊലീസ് പോലും ആവശ്യത്തിന് ഉണ്ടായിരുന്നില്ല’- ദുരന്ത മുഖത്ത്‌നിന്ന് രക്ഷപ്പെട്ട യശ്വന്ത്‌സിംഗ് ദോദിയ മാധ്യമങ്ങളോട് പറഞ്ഞു. തന്ത്രപ്രധാനമായ സ്ഥലത്ത് അപകടം സംഭവിച്ചിട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് പൊലീസ് സേന എത്തുന്നത്. അടിയന്തിര സാഹചര്യം കൈകാര്യം ചെയ്യുന്ന ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ പൂജ്യം മാര്‍ക്കാണ് ഗുജറാത്തിന് എന്ന് ചുരുക്കം.

ഗുജറാത്തുകാരനായ പ്രധാനമന്ത്രി സംസ്ഥാനത്തുണ്ടായിട്ടും പിന്നെയും രണ്ട് ദിവസം വൈകിയാണ് എത്തിയത്. സ്വന്തം ജനത ശ്വാസംമുട്ടി മരിക്കുമ്പോഴും മോദി വരാന്‍ വൈകിയതിന്റെ കാരണം പരതണ്ട. നല്ലോണം ഒരുക്കണം. അതുകൊണ്ട് ഇമേജ് മാനേജ്‌മെന്റ് ഗ്രൂപ്പ് പെട്ടെന്ന് സമ്മതം കൊടുക്കില്ല. പി.ആര്‍ ഗ്രൂപ്പാണല്ലോ ‘ശുഭനേരം’ നിശ്ചയിക്കുന്നത്. ചിട്ടപ്പെടുത്തിയ തിരക്കഥയില്‍, അമ്മയെ വണങ്ങല്‍ മുതല്‍ അന്താരാഷ്ട്ര ഇടങ്ങള്‍ വരെ ഷൂട്ടിംഗ് ലൊക്കേഷനായി സങ്കല്‍പ്പിച്ച് നിറഞ്ഞാടി അഭിനയിക്കുന്ന ഒരാളാണ് ഇപ്പോള്‍ പ്രധാനമന്ത്രി. അപ്പോള്‍ മറുത്തൊന്നും പ്രതീക്ഷിക്കരുത്.

മരിച്ചവരെ മോര്‍ച്ചറിയിലാക്കി
മതിലിന് ചായം പൂശുന്ന നാട്

മൃതദേഹങ്ങള്‍ സൂക്ഷിച്ച മോര്‍ച്ചറിയുടെ മുന്നില്‍ വന്ന് ബന്ധുക്കള്‍ വിവരങ്ങള്‍ തേടുമ്പോള്‍ മോര്‍ബി ഗവ. ആശുപത്രിയിലെ അധികൃതര്‍ക്ക് ഉത്തരം പറയാന്‍ പറ്റുന്നില്ല. മോദിയുടെ വരവില്‍ അവര്‍ തിരക്കിലായിരുന്നു. മിനുക്ക് പണിയുടെ വന്‍ തിരക്ക്. പുതിയ കിടക്കകള്‍ വിരിച്ചും ഫര്‍ണിച്ചറുകള്‍ നിരത്തിയും ഫാനും ലൈറ്റും ഘടിപ്പിച്ചും ഭിത്തിയില്‍ ചായം തേച്ചും തിരക്കോട് തിരക്ക്. പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയുടെ ചിത്രങ്ങളും ദൃശ്യങ്ങളും മാധ്യമങ്ങളിലൂടെ പുറം ലോകത്തെത്തുമ്പോള്‍ ‘പശ്ചാത്തലഭംഗി’ ഉറപ്പുവരുത്താന്‍ മുകളില്‍നിന്ന് ഉത്തരവുണ്ടാകും. മൃതദേഹങ്ങള്‍ അനാഥ പ്രേതങ്ങളായി മോര്‍ബി സര്‍ക്കാറാശുപത്രിയുടെ മോര്‍ച്ചറിയില്‍ നിറഞ്ഞപ്പോള്‍, തിരിച്ചറിയാന്‍ പറ്റാതെ, തങ്ങളുടെ പ്രിയപ്പെട്ടവരെവിടെ എന്നന്വേഷിക്കുന്ന ബന്ധുക്കളുടെ കണ്ണുനീര്‍ ഒരു നേരിനെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മറ്റൊന്നുമല്ല; ഗുജറാത്തിന്റെ പ്രാഥമികാരോഗ്യ സൂചികയും പൂജ്യത്തിലാണ്.

കാര്യക്ഷമത ഒന്നിലുമില്ല

ഇന്ത്യയില്‍ മറ്റൊരിടത്തുമില്ലാത്തത് എന്ന വിശേഷണത്തോടെയാണ് ടൂറിസം വകുപ്പ് മോര്‍ബി പാലത്തെ പരിചയപ്പെടുത്തുന്നത്. ഒരേ സമയം 100 പേര്‍ മാത്രം കയറേണ്ടിടത്ത് 650 പേര്‍ കയറിയത് പൊലീസുണ്ടെങ്കില്‍ നിയന്ത്രിക്കാമായിരുന്നു. പൊതുമരാമത്തിലുള്ള എഞ്ചിനീയര്‍മാര്‍ പാലം പരിശോധിച്ചിട്ടുപോലുമില്ല. അറ്റകുറ്റപണിക്ക്‌ശേഷം ജില്ലാ മജിസ്‌ട്രേറ്റും ഈ പൈതൃക പാലം കണ്ടിട്ടില്ല. അഥവാ ഗുജറാത്തിലെ സുരക്ഷാസേന കൃത്യമല്ല. പൊതുമരാമത്ത് കാര്യക്ഷമമല്ല. ജില്ലാഭരണകൂടം ഒന്നും ചെയ്യുന്നില്ല. മോര്‍ബി ദുരന്തം ഇരന്ന് വാങ്ങിയതാണെന്ന് വ്യക്തം. ആടുന്ന പാലമായത്‌കൊണ്ട് കൊല്‍ക്കത്തയിലെ ഹൗറയേക്കാള്‍ ഋഷികേശിലെ പാലത്തേക്കാള്‍ മികച്ചതാണത്രെ.
(കേരളത്തിലെ ചെറു ഗ്രാമങ്ങളിലെ പുഴകള്‍ക്ക് മീതെപ്പോലും ഇത്തരം തൂക്കുപാലങ്ങള്‍ വ്യാപകമായുണ്ട് എന്നത് കേരളത്തെ ഗുജറാത്താക്കുമെന്ന് വായ്ത്താരി നടത്തുന്ന ബി.ജെ.പി നേതാക്കളെങ്കിലും ഓര്‍ക്കണം.)

കോര്‍പറേറ്റ് ദാസ്യം

പാലത്തിന്റെ പുനരുദ്ധാരണം കരാര്‍ കൊടുത്തത് ഒറേവ എന്ന സ്വകാര്യ കമ്പനിക്കായിരുന്നു. മുനിസിപ്പാലിറ്റിയില്‍നിന്ന് ഫിറ്റ്‌നസ് രേഖ കിട്ടാതെ പാലം ജനങ്ങള്‍ക്കായി തുറന്ന്‌കൊടുത്ത ‘ധൈര്യം’ ഒരു വസ്തുതയെ സമ്മതിക്കുന്നുണ്ട്. പ്രാദേശിക ഭരണകൂടം എന്ന സംവിധാനം തന്നെ ഗുജറാത്തില്‍ പ്രവര്‍ത്തിക്കുന്നില്ല എന്നതാണത്. ദുരന്ത നേരത്ത് ബി.ജെ.പി സര്‍ക്കാര്‍ ഒട്ടും ജാഗ്രത കാണിച്ചില്ല എന്ന് കുറ്റപ്പെടുത്തരുത്. മാധ്യമങ്ങളുടെ ക്യാമറക്കണ്ണുകള്‍ പതിയും മുമ്പ് ടവറില്‍ ഘടിപ്പിച്ചിരുന്ന ഒറേവാ കമ്പനിയുടെ പേരുള്ള വലിയ ഫലകം വെള്ളത്തുണി കൊണ്ട് കൃത്യമായി മറച്ചു. ഘടികാരം നിര്‍മിച്ച് മാത്രം പരിചയമുള്ള സ്വകാര്യ കമ്പനിക്ക് പാലം പുനരുദ്ധാരണത്തിന്റെ കരാര്‍ നല്‍കിയ കച്ചവടത്തിലെ കമ്മീഷന്‍ പറഞ്ഞുറപ്പിച്ച മട്ടില്‍ കിട്ടിക്കാണും. ആ കടപ്പാടാണ് കമ്പനിയുടെ ബ്രാന്റ് ഇമേജിനെ വെള്ളത്തുണിയില്‍ പൊതിഞ്ഞ് സംരക്ഷിക്കാന്‍ ഭരണകൂട മെഷിനറി ശുഷ്‌കാന്തി കാട്ടിയത്. സാധാരണഗതിയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരിക്കുമ്പോള്‍ കോര്‍പറേറ്റുകള്‍ ഇടപെടും, സഹായിക്കും. എന്നാല്‍ ബി.ജെ.പി ഭരിക്കുമ്പോള്‍ തിരിച്ചാണ്; കോര്‍പറേറ്റുകള്‍ നേരിട്ട്തന്നെ ഭരിക്കും.

ദൈവത്തിന്റെ സന്ദേശം

ഇരുപത്തിയൊന്ന് പേരുടെ ജീവനെടുത്ത 2016 ല്‍ പശ്ചിമ ബംഗാളില്‍ പാലം തകര്‍ന്ന സന്ദര്‍ഭം. ദുരന്തത്തില്‍ അകപ്പെട്ടവരോടുള്ള അനുതാപത്തേക്കാള്‍ മമതബാനര്‍ജിയോട് പക വീട്ടാനാണ് മോദി തിടുക്കപ്പെട്ടത്. ‘ഇത് ദൈവത്തില്‍ നിന്നുള്ള സന്ദേശമാണ്’ എന്നായിരുന്നു ആദ്യ പ്രതികരണം. തൃണമൂലില്‍നിന്ന് നാടിനെ രക്ഷിക്കാന്‍ ബംഗാള്‍ ജനതയോട് ആ ദുരന്ത നേരത്ത് അദ്ദേഹം ആഹ്വാനം ചെയ്തു. മരിച്ചവരുടെ കുഴിമാടങ്ങള്‍ അധികാരത്തിലേക്കുള്ള വഴിയാക്കുമ്പോള്‍ മോദിയുടെ ശീലംവെച്ച് ഔചിത്യ പ്രശ്‌നങ്ങള്‍ ഉദിക്കുന്നില്ല. എന്നാല്‍ ആര്‍.എസ്.എസ് ശാഖയില്‍ പരിശീലനം കിട്ടാത്തതിനാലാകും, രാഹുല്‍ ഗാന്ധിക്കുള്ളിലെ മനുഷ്യന്‍ എന്ന ഉണ്മ നഷ്ടപ്പെട്ടിട്ടില്ല. അത് കൊണ്ട് ‘ഈ ദുരന്തത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. മരിച്ചവരുടെ ഉറ്റവര്‍ക്ക് എന്റെ അനുശോചനം’ എന്ന രണ്ട് വാചകത്തിലെ ട്വീറ്റില്‍ രാഹുല്‍ കൈകൂപ്പി. പക്ഷേ മമതക്ക് ചോദിക്കാം; ഈ ദുരന്തം ഗോഡ് വഴി സംഭവിച്ചതാണോ? അതോ, ഫ്രോഡുകള്‍ സൃഷ്ടിച്ചതാണോ? അന്ന് ബംഗാള്‍ ദുരന്തം നടക്കുമ്പോള്‍ തിരഞ്ഞെടുപ്പായിരുന്നു. ഇപ്പോള്‍ ഗുജറാത്തും തിരഞ്ഞെടുപ്പിന് ഒരുങ്ങിയ സമയമാണ്. എല്ലാം ഒത്തുവന്ന സ്ഥിതിക്ക്, അന്ന് മോദി ചോദിച്ച അതേ ചോദ്യം തൃണമൂലുകാര്‍ ഉച്ചത്തില്‍ ചോദിക്കട്ടെ. ഭരണകൂടത്തെ പ്രതിയാക്കണം

‘ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കേണ്ടത് ഭരണകൂടമാണ്. അത് ചെയ്യാതിരിക്കുന്നത് ഭരണഘടനാപരമായ വീഴ്ചയാണ്. മോര്‍ബി സംഭവത്തില്‍ സംസ്ഥാന ഭരണകൂടത്തെ നിയമ നടപടിക്ക് വിധേയമാക്കണം’. സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ മുന്‍ അധ്യക്ഷന്‍ ദൃഷ്യന്ത് ദവേയുടെ വാക്കുകളാണിത്. രാഹുല്‍ഗാന്ധിയെ ട്രോളാന്‍ വ്യഗ്രത കാട്ടുന്ന മീഡിയയെ വിടാം. മറ്റു മാധ്യമങ്ങള്‍ പോലും ഗുജറാത്ത് ഭരണവര്‍ഗത്തെ തുറന്ന്കാട്ടാന്‍ ധൈര്യപ്പെടുന്നില്ല. ‘നേര് പറയലാണ് എല്ലായ്‌പ്പോഴുമുള്ള വിപ്ലവ പ്രവര്‍ത്തനം’ എന്ന ഗ്രാംഷിയുടെ ചിന്ത ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍ക്കെതിരെ ജനകീയ പോരാട്ടം ഉയര്‍ത്തുന്നവര്‍ക്കുള്ള ആദ്യ പാഠമാണ്. പെരുംനുണകളാല്‍ ആവര്‍ത്തിച്ചുറപ്പിച്ച ഗുജറാത്ത് മോഡല്‍ എന്ന മിഥ്യയുടെ തീരത്തേക്കുള്ള പാലം കൂടിയാണ് മോര്‍ബിയില്‍ പകല്‍വെളിച്ചത്തില്‍ പൊളിഞ്ഞ് വീണത് എന്ന നേര് ഉറക്കെയുറക്കെ പറയേണ്ട നേരമാണിത്.
ഇരകള്‍ രക്ഷകരാകുമ്പോള്‍

ഏറ്റവും സന്തോഷകരവും മനോഹരവുമായ ദൃശ്യം ദുരന്ത സ്ഥലത്ത് കണ്ടു. അപകടസമയത്ത് മുസ്‌ലിം യുവാക്കള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന രംഗമാണത്. ആരെയാണോ അരികുവത്കരിച്ച് അകറ്റിനിര്‍ത്തുന്നത്, വെറുക്കണമെന്ന് ബി. ജെ.പി ആവശ്യപ്പെടുന്നത്, അവര്‍ അവരോട് ചെയ്ത അനീതികളൊന്നും വകവെക്കാതെ ദുരന്ത മുഖത്ത് അവര്‍ മനുഷ്യത്വം കാട്ടി. രക്ഷകരായി അവതരിച്ച ആ മുസ്‌ലിം ചെറുപ്പത്തെ ഹൃദയം തൊട്ട് നമുക്കഭിവാദ്യം ചെയ്യാം.
ആത്മഗതം: സബര്‍മതി എതിര്‍ ദിശയില്‍ ഒഴുകാന്‍ തുടങ്ങിയിട്ട് ദശകങ്ങള്‍ പലതായി. ഗാന്ധിയുടെ ഹൃദയദേശത്ത്‌നിന്ന് ഇനിയെന്നാണ് ശുഭ വാര്‍ത്തകള്‍ കേട്ട് തുടങ്ങുക.

web desk 3: