X

റാങ്കിംഗില്‍ മൂന്ന് ഫോര്‍മാറ്റിലും ഒന്നാമതെത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം

ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒന്നാമതെത്തി. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനം ജയിച്ചതോടെയാണ് ഇന്ത്യ ഒന്നാമതെത്തിയത്. ഇതോടെ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ ഒന്നാമതെത്തി. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഒരേ സമയത്ത് ഒന്നാം സ്ഥാനം സ്വന്തമാക്കുന്ന രണ്ടാമത്തെ ടീമാണ് ഇന്ത്യ.

അതേസമയം അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ സീമര്‍ മുഹമ്മദ് ഷമി, അര്‍ധസെഞ്ച്വറികള്‍ സ്വന്തമാക്കിയ ബാറ്റര്‍മാരായ റിഥുരാജ് ഗെയിക്‌വാദ് (71), ശുഭ്മാന്‍ ഗില്‍ (74) നായകന്‍ കെ.എല്‍ രാഹുല്‍ (58 നോട്ടൗട്ട്), സുര്യകുമാര്‍ യാദവ് (50) എന്നിവരുടെ മികവില്‍ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ എട്ട് പന്ത് ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 276 ല്‍ എല്ലാവരും പുറത്തായപ്പോള്‍ 48.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. ആദ്യ വിക്കറ്റില്‍ ഗെയിക്‌വാദും ഗില്ലും ചേര്‍ന്ന് 142 റണ്‍സിന്റെ ശക്തമായ തുടക്കം ഇന്ത്യക്ക് നല്‍കി. പത്ത് ബൗണ്ടറികളുമായി ഗെയിക്‌വാദ് മനോഹരമായി കളിച്ചപ്പോള്‍ ഗില്‍ പതിവ് പോലെ ഭദ്രമായി കളിച്ചു. ഈ സഖ്യത്തിന്റെ നല്ല തുടക്കം പ്രയോജനപ്പെടുത്താന്‍ ശ്രേയാംസ് അയ്യര്‍ക്കായില്ല. കേവലം മൂന്ന് റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. പക്ഷേ നാലാമനായി വന്ന രാഹുല്‍ സുര്യകുമാറിനൊപ്പം ചേര്‍ന്ന് കുടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ മുന്നോട്ട് നയിച്ചു. ഓസീസ് ബൗളര്‍മാരില്‍ മികവ് കാട്ടിയത് 57 റണ്‍സിന് രണ്ട് വിക്കറ്റ് നേടിയ സ്പിന്നര്‍ ആദം സാംപയായിരുന്നു.

ഇന്ത്യക്കായിരുന്നു ടോസ്. നായകന്‍ കെ.എല്‍ രാഹുല്‍ ഓസ്‌ട്രേലിയക്കാരെ ബാറ്റിംഗിന് ക്ഷണിച്ചപ്പോള്‍ കണ്ടത് മുഹമ്മദ് ഷമി ഷോ. ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ തിളങ്ങാന്‍ കഴിയാതിരുന്ന കൊല്‍ക്കത്തക്കാരന്‍ ആദ്യ ഓവറില്‍ തന്നെ മിച്ചല്‍ മാര്‍ഷിനെ സുന്ദരമായ യോര്‍ക്കറില്‍ പുറത്താക്കി. ബൗണ്ടറിയോടെ തുടങ്ങിയ മാര്‍ഷിന്റെ പുറത്താവല്‍ ഓസീസ് ക്യാമ്പിനെ പക്ഷേ ബാധിച്ചില്ല. പകരമെത്തിയ സ്റ്റീവന്‍ സ്മിത്ത് ഡേവിഡ് വാര്‍ണര്‍ക്ക് കാര്യമായ പിന്തുണ നല്‍കി. ഷമിയെ മാത്രമല്ല ജസ്പ്രീത് ബുംറയെയും ഷാര്‍ദൂല്‍ ഠാക്കൂറിനെയും ഈ സഖ്യം കരുത്തോടെ നേരിട്ടപ്പോള്‍ സ്‌ക്കോര്‍ ബോര്‍ഡില്‍ ഉണര്‍വ് പ്രകടമായി. സ്പിന്നര്‍മാര്‍ രംഗത്ത് വന്നപ്പോഴാണ് വാര്‍ണറുടെ രൂപത്തില്‍ (52) രണ്ടാം വിക്കറ്റ്. ജഡേജയുടെ പന്തില്‍ ഗില്ലിന് ക്യാച്ച്. രണ്ടാം വരവില്‍ ഷമി അപകടകാരിയായ സ്മിത്തിനെ (41) മടക്കിയതോടെ മല്‍സരത്തിലേക്ക് ഇന്ത്യ തിരികെ വന്നു. ടീമിലേക്ക് തിരികെ വിളിക്കപ്പെട്ട രവിചന്ദ്രന്‍ അശ്വിന്‍ മാര്‍നസ് ലബുഷാനയെ (39) മടക്കിയപ്പോള്‍ കാമറൂണ്‍ ഗ്രീന്‍ (31) റണ്ണൗട്ടായി. മധ്യനിരയില്‍ ജോഷ് ഇന്‍ഗ്ലിസ്, മാര്‍ക്കസ് സ്‌റ്റോനിസ് എന്നിവര്‍ പൊരുതി നിന്നപ്പോഴാണ് സ്‌ക്കോര്‍ 250 കടന്നത്. എന്നാല്‍ വാലറ്റത്തെ നിലയുറപ്പിക്കാന്‍ ഷമി അനുവദിച്ചില്ല. 51 റണ്‍സിന് അഞ്ച് വിക്കറ്റാണ് ഷമി വീഴ്ത്തിയത്. ബുംറ 41 റണ്‍സിന് ഒരു വിക്കറ്റ് നേടിയപ്പോള്‍ സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദു ജഡേജ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.

webdesk11: