X

മാനവികതയുടെ അലംഘനീയത

പ്രൊഫ: പി.കെ.കെ തങ്ങള്‍

പ്രപഞ്ചം നിലനില്‍ക്കുന്നത് പ്രാപഞ്ചിക നിയമങ്ങളുടെ കരുത്തിലും നിയന്ത്രണത്തിലുമാണെന്നുള്ളത് തര്‍ക്കമറ്റ വസ്തുതയാണ്. അവയൊന്നും മനുഷ്യ നിര്‍മിതമല്ലെന്നത് അനുഭവ യാതാര്‍ത്ഥ്യവുമാണ്. അവയില്‍ മാറ്റത്തിരുത്തലുകള്‍ വരുത്താനോ, ഒന്നും വേണ്ടെന്ന് വെയ്ക്കാനോ മനുഷ്യന്‍ വിചാരിച്ചാല്‍ നടപ്പുള്ള കാര്യമല്ല. ഭദ്രമായ സാമൂഹ്യ വളര്‍ച്ചക്ക് ഈ തിരിച്ചറിവ് അനിവാര്യമാണ്. എല്ലാം തന്റെ ഭാവനക്കും യുക്തിക്കും അനുസൃതമാണെന്നും എല്ലാറ്റിന്റെയും നിലനില്‍പ്പും വളര്‍ച്ചയും മുന്നേറ്റവും തന്റെ ഇംഗിതപ്രകാരമാണെന്നുമുള്ള, മനുഷ്യനില്‍ കുടികൊള്ളുന്ന പൊങ്ങച്ചഭാവമാണ് അന്തിമ വിശകലനത്തില്‍ മനുഷ്യന്‍ അനുഭവിക്കേണ്ടി വരുന്ന മുഴുവന്‍ ദുരന്തങ്ങള്‍ക്കും കാരണമായിത്തീരാറുള്ളത്. മനുഷ്യന്‍ മാത്രമല്ലല്ലോ പ്രപഞ്ചത്തിലെ സൃഷ്ടി. കോടാനുകോടി ഗോചരവും അഗോചരവുമായ സൃഷ്ടികള്‍ ഭൂമുഖത്തും വാനലോകത്തുമായി വ്യാപിച്ചു കിടപ്പുണ്ട്. അവ ഓരോന്നിനും അവയുടേതായ ഉല്‍പത്തി, വളര്‍ച്ച, മുന്നേറ്റം, തകര്‍ച്ച എന്നിവ സുനിശ്ചിതമാണ്. പ്രാണന്‍ എന്ന ചൈതന്യമൊഴികെ. പ്രാണനുള്ള ഓരോന്നിനും അതിന്റേതായ പ്രജനന വംശവര്‍ദ്ധന നിയമ സംവിധാനങ്ങളും രീതികളും ബാഹ്യമായ അഥവാ പദാര്‍ത്ഥപരമായ ഇടപെടലുകള്‍ക്കതീതമായി നിശ്ചയിക്കപ്പെട്ടിട്ടുമുണ്ട്. ആ പ്രക്രിയയിലൂടെയാണ് ഏതൊരു ജീവിയുടെയും പ്രജനനവും തുടര്‍ച്ചയും സാധ്യമാവുന്നത്. അതാണെങ്കില്‍ പദാര്‍ത്ഥപരമായ സ്വാധീനങ്ങള്‍ക്കോ ഇടപെടലുകള്‍ക്കോ അതീതവുമാണ്. തത്സംബന്ധമായി നമുക്കേറ്റവും പ്രസക്തമായ വിഷയം എന്ന നിലക്ക് മനുഷ്യനെക്കുറിച്ചുതന്നെ ചിന്തിച്ചു നോക്കാം. ആദി മനുഷ്യരായ പുരുഷനും സ്ത്രീയും തീര്‍ത്തും പ്രാപഞ്ചികതയില്‍ നിന്ന് നേരിട്ടും അവിടുന്നിങ്ങോട്ടുള്ള ഓരോ മനുഷ്യക്കുഞ്ഞും പിറവി കൊണ്ടത് ആദ്യ പുരുഷനിലും സ്ത്രീയിലും നിക്ഷിപ്തമായ പ്രത്യുല്‍പാദന പ്രക്രിയയുടെ അലംഘനീയ നിയമങ്ങള്‍ക്കനുസൃതവുമായിട്ടാണ്. അതിന്റെ നാഗരികവും സാംസ്‌കാരികവുമായ മുന്നേറ്റമാണല്ലോ വിവാഹവും സഹജീവിതവും തുടര്‍ന്നുള്ള വംശവര്‍ദ്ധനയും വികാസവും. ആ മുന്നേറ്റങ്ങളുടെ ഉച്ചിയില്‍ ഇന്ന് മനുഷ്യന്‍ എത്തിനില്‍ക്കുന്നത് ഗര്‍ഭപാത്രത്തിന്റെ സേവനമില്ലാതെയും പ്രജനനം സാധിതമാക്കാമെന്നിടത്താണ്. ഇതെല്ലാം മനുഷ്യന്റെ അറിവും, ചിന്തയും കഴിവും, അര്‍പ്പണവും മൂലം നേടിയെടുക്കുന്നതാണെങ്കിലും അവിടെ ഉയരുന്ന ചോദ്യം പരമമായ ജീവനുള്ള ബീജം, അതിന്റെ അടിസ്ഥാന ഘടകങ്ങള്‍ എന്നിവ മനുഷ്യന്‍ പണിതുണ്ടാക്കിയതോ കണ്ടെത്തിയതോ ആണോ എന്നുള്ളതാണ്. അവിടെയാണ് ഇഗോട്ടിക്കായ (അഹംഭാവി) മനുഷ്യന്‍ ഇരുട്ടില്‍ തപ്പുന്നത്. അഥവാ മനുഷ്യന്റെ പരാജയം പ്രകടമാവുന്നത്.

പ്രാണനെന്ന ചൈതന്യം പടച്ചുണ്ടാക്കാന്‍ കഴിവുള്ളവനല്ല മനുഷ്യന്‍ എന്നതാണ് അടിസ്ഥാനപരമായ വസ്തുത. അതെവിടുന്നെന്ന് വരുന്നെന്നോ, തിരിച്ച് എങ്ങോട്ട് ഏതു വഴിക്ക് അപ്രത്യക്ഷമാകുന്നു എന്നോ ഉള്ള ഒരു പിടിപാടും തിരിച്ചറിവും മനുഷ്യനില്ല. ഭാവിയില്‍ വംശ നിലനില്‍പിനായി പ്രജനനം എന്ന പ്രക്രിയ അനിവാര്യമാണെന്നത് കൊണ്ടാണല്ലോ, ആദ്യ ഇണകള്‍ മുതല്‍ക്കിങ്ങോട്ട് ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുന്ന മനുഷ്യോല്‍പാദനമെന്ന പ്രപഞ്ചത്തിലെ പരമപ്രധാനമായ ധര്‍മം നിര്‍ബാധം നിര്‍വഹിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. മനുഷ്യന്‍ ഇണകളായി ഉല്‍പാദിപ്പിക്കപ്പെട്ടത് തന്നെ നിലനില്‍പിനും മുന്നേറ്റത്തിനും അതുമൂലം നേട്ടങ്ങള്‍ കൈവരിക്കാനും വേണ്ടിയാണ്. അല്ലായിരുന്നെങ്കില്‍ ഒന്നുകില്‍ പുരുഷന്‍ അല്ലെങ്കില്‍ സ്ത്രീ എന്ന നിലയില്‍ ഒരു ഏകലിംഗ മനുഷ്യവംശത്തെ ഉല്‍പത്തി മുതല്‍ക്കേ സംവിധാനിച്ചാല്‍ മതിയാവുമായിരുന്നില്ലേ? സമൂഹത്തിന്റെ തുടര്‍ച്ച മനുഷ്യധര്‍മ്മമാണ്. ആ ധര്‍മം നിറവേറ്റപ്പെടണമെങ്കില്‍ അതിന് മതിയായ പ്രായോഗിക സംവിധാനം എന്ന നിലക്കാണ് ആണ്‍ പെണ്‍ സമ്പര്‍ക്കരീതിയിലൂടെ വംശവര്‍ദ്ധന നിര്‍ണയിച്ചു നടപ്പിലാക്കപ്പെട്ടത്. ഏകലിംഗ സമൂഹമായിരുന്നെങ്കില്‍ വൈവിദ്യവും വളര്‍ച്ചയും വികാസവും എങ്ങിനെയാണ് സാദ്ധ്യമാവുക. വൈവിദ്ധ്യത്തിലൂടെ അങ്ങിനെയുള്ള കൂട്ടായ്മയിലൂടെ ശക്തിയും വളര്‍ച്ചയും നേടുകയെന്നത് മാനവികതയുടെ അടിസ്ഥാനശിലയാണ്. വെറും പ്രത്യുല്‍പാദന പ്രക്രിയയുടെ പ്രസക്തി മാത്രമല്ല മനുഷ്യകൂട്ടായ്മക്കുള്ളത്. അങ്ങിനെ വരുമ്പോള്‍ മനുഷ്യന്‍ പൂര്‍ണമായും നിലവിലെ ആണ്‍ പെണ്‍ സംവിധാനത്തെ പരിഹാസപാത്രമാക്കുകയല്ലേ ചെയ്യുക. ഏകത മനുഷ്യന്റെ ഏറ്റവും വലിയ ഒരു ദുരവസ്ഥയാണ്. എത്രനേരം വരെ ഒരാള്‍ക്ക് തനിച്ചു കഴിഞ്ഞ് കൂടാനാവും. ആ തിടുക്കം മാറിക്കിട്ടുമ്പോഴല്ലേ അവനില്‍ ആനന്ദവും സന്തോഷവുമെല്ലാം പൊട്ടിവിടരുകയും കര്‍മകുശലനാവുകയും ചെയ്യുക. ഏകതയുടെ മുരടിപ്പിലൂടെ പ്രപഞ്ചം തന്നെ മുരടിച്ചു പോകുമായിരുന്നില്ലേ. ഈ വസ്തുത ദൈനംദിനമെന്നോണം നമുക്കുചുറ്റും നടന്നുകൊണ്ടിരിക്കുന്ന സംഭവ പരമ്പരകളില്‍ നിന്ന് മനസിലാക്കാവുന്നതേയുള്ളൂ. ആധുനിക വൈദ്യശാസ്ത്രത്തില്‍, ചികിത്സാരംഗത്ത്, വിശിഷ്യാ മാനസിക ചികിത്സാരംഗത്ത് ഇടപെടുന്നവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത് വിഷാദ രോഗമാണ്. അത് പല രൂപത്തില്‍ വികാസം പ്രാപിച്ച് സ്വയം ആത്മത്യാഗത്തില്‍ വരെ എത്തിച്ചേരുന്നു. ഇത്തരം വിഷയങ്ങളെ വിലയിരുത്തുമ്പോഴാണ് പങ്കിട്ടു ജീവിക്കുന്നതിലെ ഊഷ്മളത ഉല്‍ക്കൊള്ളാനാവുക. മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് തന്നെ കൂട്ടായ്മയുടെ കരുത്താണെന്ന യാഥാര്‍ത്ഥ്യത്തില്‍ നാം എത്തിച്ചേരേണ്ടതുണ്ട്.

ഇണകളായി പ്രയാണമാരംഭിച്ച മനുഷ്യന്‍ ഒരു സമൂഹമെന്നനിലയില്‍ നിരവധി പരിണാമ പ്രക്രിയകള്‍ക്ക് വിധേയനായിട്ടുണ്ട്. ഉല്‍പത്തി തൊട്ട് വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സംരക്ഷകരുടെയും, നിയന്താക്കളുടെയും നിര്‍ദ്ദേശങ്ങള്‍ക്കും മാര്‍ഗദര്‍ശനങ്ങള്‍ക്കും വഴിപ്പെട്ടു കൊണ്ടാണ് അവന്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴും അങ്ങിനെത്തന്നെ. മുന്നേറ്റ വഴിയില്‍ ആഗ്രഹങ്ങളും പ്രതീക്ഷകളുമായി ഏറ്റുമുട്ടുകയെന്നത് മനുഷ്യന്റെ മാനസികാവസ്ഥയാണ്. ആഗ്രഹങ്ങള്‍ക്കും, പ്രതീക്ഷകള്‍ക്കും പ്രേരണയും കടിഞ്ഞാണും യഥോചിതം അവനില്‍ നിന്നുതന്നെ ഉണ്ടാവേണ്ടതാണ്. അതിന് യുക്തമായ തലച്ചോര്‍ സംവിധാനമാണ് അവനിലുള്ളത്. ആഗ്രഹങ്ങള്‍ പലപ്പോഴും അതിരുവിട്ടു കടക്കാന്‍ സാധ്യതയുള്ളേടത്താണ് സാമാന്യബുദ്ധി പ്രകടമാവേണ്ടത്. അതിന്റെയും പരമാധികാരി തലച്ചോറാണ്. ഒരാള്‍ക്ക് അയാള്‍ എടുക്കുന്ന തീരുമാനങ്ങളുടെ യുക്തിയും യുക്തി രാഹിത്യവും നിര്‍ണയിച്ചറിയിക്കുന്നത് മനസും തലച്ചോറുമെന്ന കൂട്ടായ്മയാണ്. അതാണ് ശരിതെറ്റുകളെ സുതാര്യവല്‍ക്കരിച്ചുകൊടുക്കുന്ന സംവിധാനം അതില്‍ പരാജയപ്പെടുന്നേടത്താണ് നേര്‍ വിരുദ്ധവും ശരി വിരുദ്ധവുമായ നെഗറ്റിവിറ്റിയില്‍ അന്തിമമായി എത്തിച്ചേരുക. മനുഷ്യ പ്രകൃതമാണെങ്കില്‍ ഏറെക്കുറെ അരുതായ്മകളോട് ചായ്‌വ് കാണിക്കുകയെന്ന സവിശേഷ പ്രകൃതം ഉള്‍ക്കൊള്ളുന്നതാണ്. നല്ലവയിലേക്ക് കൂടുതലായി മറ്റുള്ളവരെ ആകര്‍ഷിപ്പിക്കുന്നതിന് പകരമായി അത്യാകര്‍ഷകമായിട്ടുള്ളത് പ്രകടിപ്പിച്ച് അതിലേക്ക് ജനക്കൂട്ടത്തെ വൈകാരികമായി അടുപ്പിക്കുകയെന്നത് മനുഷ്യപ്രകൃതത്തില്‍പെട്ടതാണ്. സ്രഷ്ടാവ് മനുഷ്യന് അടിസ്ഥാനപരമായി സൂചന നല്‍കിയിട്ടുള്ളതും ആ വിധത്തിലാണല്ലോ. തിന്മയിലേക്ക് കൂടുതലായി ആകൃഷ്ടനാവുന്ന പ്രകൃതക്കാരനാണ് മനുഷ്യന്‍. അതിര്‍ വരമ്പുകളെ സ്രഷ്ടാവ് തന്നെ പ്രവാചകരിലൂടെ സുവ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് മനുഷ്യന് നല്‍കപ്പെട്ടിരിക്കുന്ന വിവേചനശക്തി ആ തിരഞ്ഞെടുപ്പിനായി ബോധപൂര്‍വം ചെലവഴിച്ചാല്‍ തിന്മകളില്‍ ആപതിക്കാതിരിക്കാം. മനുഷ്യന്‍ പുലര്‍ത്തേണ്ടുന്ന തിരിച്ചറിവില്‍, വകതിരിവില്‍ ഒന്നാമത്തെ പരിഗണന സ്ത്രീപുരുഷ വ്യത്യാസവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. അടിസ്ഥാന യാഥാര്‍ത്ഥ്യത്തെ നിഷേധിക്കാന്‍ മനുഷ്യന് ആവതുള്ളതല്ലല്ലോ. സ്ത്രീ പുരുഷ വ്യത്യാസം മാനവികതയിലല്ല, മറിച്ച് ശാരീരികതയിലും തദ്വാരാ മാനസികതയിലുമാണ്. മാനവികതയില്‍ ലോകത്ത് ഒരാള്‍ക്കും മറ്റൊരാളില്‍ നിന്നും വിഭിന്നമായ ഒരു പദവിയുമില്ല.

മനുഷ്യന് പ്രകൃത്യാ ലഭ്യമായിട്ടുള്ള സ്ത്രീ പുരുഷ വ്യത്യാസം എന്ന അവസ്ഥ മനുഷ്യ വംശത്തിന്റെ നിലനില്‍പിനായുള്ളതാണ്. അതിനപ്പുറം എന്തെങ്കിലും താല്‍പര്യം ഈ വിഷയത്തിലില്ല എന്ന് മാത്രമല്ല, ഈ വ്യത്യാസം അതിന്റെ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് മനുഷ്യന്‍ പ്രയോജനപ്പെടുത്തി സമൂഹ നിലനില്‍പിലും തുടര്‍ച്ചയിലും പങ്കാളിയാവേണ്ടതുമാണ്. അതിനുവേണ്ടിയാണല്ലോ പ്രായപൂര്‍ത്തിയായവരില്‍ പരസ്പര ബന്ധത്തിനാധാരമായ ഏറ്റവും പവിത്രമായ വിവാഹബന്ധമെന്ന ഒരു സംവിധാനം സ്രഷ്ടാവുതന്നെ ഒരുക്കിത്തന്നിട്ടുള്ളത്. നിയതമായ രീതിയിലുള്ള സ്ത്രീപുരുഷ ബന്ധത്തിലൂടെയാണ് മനുഷ്യകുലത്തിന്റെ തുടര്‍ച്ചയെന്നതിനാല്‍ ഏത് സംസ്‌കൃതജനസമൂഹത്തിലും ഭരണസംവിധാനത്തിലും തദ്വിഷയകമായി ലിഖിത നിയമങ്ങള്‍ തന്നെ നിലനില്‍ക്കുന്നു. ലോകത്തെവിടെയും അതിനെ മൊത്തം സ്വാംശീകരിച്ച് വൈവാഹിക നിയമം എന്ന് വിളിക്കുകയും ചെയ്യുന്നു.

 

 

webdesk11: