columns
മാനവികതയുടെ അലംഘനീയത
പ്രപഞ്ചം നിലനില്‍ക്കുന്നത് പ്രാപഞ്ചിക നിയമങ്ങളുടെ കരുത്തിലും നിയന്ത്രണത്തിലുമാണെന്നുള്ളത് തര്‍ക്കമറ്റ വസ്തുതയാണ്. അവയൊന്നും മനുഷ്യ നിര്‍മിതമല്ലെന്നത് അനുഭവ യാതാര്‍ത്ഥ്യവുമാണ്.
പ്രൊഫ: പി.കെ.കെ തങ്ങള്‍
പ്രപഞ്ചം നിലനില്‍ക്കുന്നത് പ്രാപഞ്ചിക നിയമങ്ങളുടെ കരുത്തിലും നിയന്ത്രണത്തിലുമാണെന്നുള്ളത് തര്‍ക്കമറ്റ വസ്തുതയാണ്. അവയൊന്നും മനുഷ്യ നിര്‍മിതമല്ലെന്നത് അനുഭവ യാതാര്‍ത്ഥ്യവുമാണ്. അവയില്‍ മാറ്റത്തിരുത്തലുകള്‍ വരുത്താനോ, ഒന്നും വേണ്ടെന്ന് വെയ്ക്കാനോ മനുഷ്യന്‍ വിചാരിച്ചാല്‍ നടപ്പുള്ള കാര്യമല്ല. ഭദ്രമായ സാമൂഹ്യ വളര്‍ച്ചക്ക് ഈ തിരിച്ചറിവ് അനിവാര്യമാണ്. എല്ലാം തന്റെ ഭാവനക്കും യുക്തിക്കും അനുസൃതമാണെന്നും എല്ലാറ്റിന്റെയും നിലനില്‍പ്പും വളര്‍ച്ചയും മുന്നേറ്റവും തന്റെ ഇംഗിതപ്രകാരമാണെന്നുമുള്ള, മനുഷ്യനില്‍ കുടികൊള്ളുന്ന പൊങ്ങച്ചഭാവമാണ് അന്തിമ വിശകലനത്തില്‍ മനുഷ്യന്‍ അനുഭവിക്കേണ്ടി വരുന്ന മുഴുവന്‍ ദുരന്തങ്ങള്‍ക്കും കാരണമായിത്തീരാറുള്ളത്. മനുഷ്യന്‍ മാത്രമല്ലല്ലോ പ്രപഞ്ചത്തിലെ സൃഷ്ടി. കോടാനുകോടി ഗോചരവും അഗോചരവുമായ സൃഷ്ടികള്‍ ഭൂമുഖത്തും വാനലോകത്തുമായി വ്യാപിച്ചു കിടപ്പുണ്ട്. അവ ഓരോന്നിനും അവയുടേതായ ഉല്‍പത്തി, വളര്‍ച്ച, മുന്നേറ്റം, തകര്‍ച്ച എന്നിവ സുനിശ്ചിതമാണ്. പ്രാണന്‍ എന്ന ചൈതന്യമൊഴികെ. പ്രാണനുള്ള ഓരോന്നിനും അതിന്റേതായ പ്രജനന വംശവര്‍ദ്ധന നിയമ സംവിധാനങ്ങളും രീതികളും ബാഹ്യമായ അഥവാ പദാര്‍ത്ഥപരമായ ഇടപെടലുകള്‍ക്കതീതമായി നിശ്ചയിക്കപ്പെട്ടിട്ടുമുണ്ട്. ആ പ്രക്രിയയിലൂടെയാണ് ഏതൊരു ജീവിയുടെയും പ്രജനനവും തുടര്‍ച്ചയും സാധ്യമാവുന്നത്. അതാണെങ്കില്‍ പദാര്‍ത്ഥപരമായ സ്വാധീനങ്ങള്‍ക്കോ ഇടപെടലുകള്‍ക്കോ അതീതവുമാണ്. തത്സംബന്ധമായി നമുക്കേറ്റവും പ്രസക്തമായ വിഷയം എന്ന നിലക്ക് മനുഷ്യനെക്കുറിച്ചുതന്നെ ചിന്തിച്ചു നോക്കാം. ആദി മനുഷ്യരായ പുരുഷനും സ്ത്രീയും തീര്‍ത്തും പ്രാപഞ്ചികതയില്‍ നിന്ന് നേരിട്ടും അവിടുന്നിങ്ങോട്ടുള്ള ഓരോ മനുഷ്യക്കുഞ്ഞും പിറവി കൊണ്ടത് ആദ്യ പുരുഷനിലും സ്ത്രീയിലും നിക്ഷിപ്തമായ പ്രത്യുല്‍പാദന പ്രക്രിയയുടെ അലംഘനീയ നിയമങ്ങള്‍ക്കനുസൃതവുമായിട്ടാണ്. അതിന്റെ നാഗരികവും സാംസ്‌കാരികവുമായ മുന്നേറ്റമാണല്ലോ വിവാഹവും സഹജീവിതവും തുടര്‍ന്നുള്ള വംശവര്‍ദ്ധനയും വികാസവും. ആ മുന്നേറ്റങ്ങളുടെ ഉച്ചിയില്‍ ഇന്ന് മനുഷ്യന്‍ എത്തിനില്‍ക്കുന്നത് ഗര്‍ഭപാത്രത്തിന്റെ സേവനമില്ലാതെയും പ്രജനനം സാധിതമാക്കാമെന്നിടത്താണ്. ഇതെല്ലാം മനുഷ്യന്റെ അറിവും, ചിന്തയും കഴിവും, അര്‍പ്പണവും മൂലം നേടിയെടുക്കുന്നതാണെങ്കിലും അവിടെ ഉയരുന്ന ചോദ്യം പരമമായ ജീവനുള്ള ബീജം, അതിന്റെ അടിസ്ഥാന ഘടകങ്ങള്‍ എന്നിവ മനുഷ്യന്‍ പണിതുണ്ടാക്കിയതോ കണ്ടെത്തിയതോ ആണോ എന്നുള്ളതാണ്. അവിടെയാണ് ഇഗോട്ടിക്കായ (അഹംഭാവി) മനുഷ്യന്‍ ഇരുട്ടില്‍ തപ്പുന്നത്. അഥവാ മനുഷ്യന്റെ പരാജയം പ്രകടമാവുന്നത്.
പ്രാണനെന്ന ചൈതന്യം പടച്ചുണ്ടാക്കാന്‍ കഴിവുള്ളവനല്ല മനുഷ്യന്‍ എന്നതാണ് അടിസ്ഥാനപരമായ വസ്തുത. അതെവിടുന്നെന്ന് വരുന്നെന്നോ, തിരിച്ച് എങ്ങോട്ട് ഏതു വഴിക്ക് അപ്രത്യക്ഷമാകുന്നു എന്നോ ഉള്ള ഒരു പിടിപാടും തിരിച്ചറിവും മനുഷ്യനില്ല. ഭാവിയില്‍ വംശ നിലനില്‍പിനായി പ്രജനനം എന്ന പ്രക്രിയ അനിവാര്യമാണെന്നത് കൊണ്ടാണല്ലോ, ആദ്യ ഇണകള്‍ മുതല്‍ക്കിങ്ങോട്ട് ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുന്ന മനുഷ്യോല്‍പാദനമെന്ന പ്രപഞ്ചത്തിലെ പരമപ്രധാനമായ ധര്‍മം നിര്‍ബാധം നിര്‍വഹിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. മനുഷ്യന്‍ ഇണകളായി ഉല്‍പാദിപ്പിക്കപ്പെട്ടത് തന്നെ നിലനില്‍പിനും മുന്നേറ്റത്തിനും അതുമൂലം നേട്ടങ്ങള്‍ കൈവരിക്കാനും വേണ്ടിയാണ്. അല്ലായിരുന്നെങ്കില്‍ ഒന്നുകില്‍ പുരുഷന്‍ അല്ലെങ്കില്‍ സ്ത്രീ എന്ന നിലയില്‍ ഒരു ഏകലിംഗ മനുഷ്യവംശത്തെ ഉല്‍പത്തി മുതല്‍ക്കേ സംവിധാനിച്ചാല്‍ മതിയാവുമായിരുന്നില്ലേ? സമൂഹത്തിന്റെ തുടര്‍ച്ച മനുഷ്യധര്‍മ്മമാണ്. ആ ധര്‍മം നിറവേറ്റപ്പെടണമെങ്കില്‍ അതിന് മതിയായ പ്രായോഗിക സംവിധാനം എന്ന നിലക്കാണ് ആണ്‍ പെണ്‍ സമ്പര്‍ക്കരീതിയിലൂടെ വംശവര്‍ദ്ധന നിര്‍ണയിച്ചു നടപ്പിലാക്കപ്പെട്ടത്. ഏകലിംഗ സമൂഹമായിരുന്നെങ്കില്‍ വൈവിദ്യവും വളര്‍ച്ചയും വികാസവും എങ്ങിനെയാണ് സാദ്ധ്യമാവുക. വൈവിദ്ധ്യത്തിലൂടെ അങ്ങിനെയുള്ള കൂട്ടായ്മയിലൂടെ ശക്തിയും വളര്‍ച്ചയും നേടുകയെന്നത് മാനവികതയുടെ അടിസ്ഥാനശിലയാണ്. വെറും പ്രത്യുല്‍പാദന പ്രക്രിയയുടെ പ്രസക്തി മാത്രമല്ല മനുഷ്യകൂട്ടായ്മക്കുള്ളത്. അങ്ങിനെ വരുമ്പോള്‍ മനുഷ്യന്‍ പൂര്‍ണമായും നിലവിലെ ആണ്‍ പെണ്‍ സംവിധാനത്തെ പരിഹാസപാത്രമാക്കുകയല്ലേ ചെയ്യുക. ഏകത മനുഷ്യന്റെ ഏറ്റവും വലിയ ഒരു ദുരവസ്ഥയാണ്. എത്രനേരം വരെ ഒരാള്‍ക്ക് തനിച്ചു കഴിഞ്ഞ് കൂടാനാവും. ആ തിടുക്കം മാറിക്കിട്ടുമ്പോഴല്ലേ അവനില്‍ ആനന്ദവും സന്തോഷവുമെല്ലാം പൊട്ടിവിടരുകയും കര്‍മകുശലനാവുകയും ചെയ്യുക. ഏകതയുടെ മുരടിപ്പിലൂടെ പ്രപഞ്ചം തന്നെ മുരടിച്ചു പോകുമായിരുന്നില്ലേ. ഈ വസ്തുത ദൈനംദിനമെന്നോണം നമുക്കുചുറ്റും നടന്നുകൊണ്ടിരിക്കുന്ന സംഭവ പരമ്പരകളില്‍ നിന്ന് മനസിലാക്കാവുന്നതേയുള്ളൂ. ആധുനിക വൈദ്യശാസ്ത്രത്തില്‍, ചികിത്സാരംഗത്ത്, വിശിഷ്യാ മാനസിക ചികിത്സാരംഗത്ത് ഇടപെടുന്നവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത് വിഷാദ രോഗമാണ്. അത് പല രൂപത്തില്‍ വികാസം പ്രാപിച്ച് സ്വയം ആത്മത്യാഗത്തില്‍ വരെ എത്തിച്ചേരുന്നു. ഇത്തരം വിഷയങ്ങളെ വിലയിരുത്തുമ്പോഴാണ് പങ്കിട്ടു ജീവിക്കുന്നതിലെ ഊഷ്മളത ഉല്‍ക്കൊള്ളാനാവുക. മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് തന്നെ കൂട്ടായ്മയുടെ കരുത്താണെന്ന യാഥാര്‍ത്ഥ്യത്തില്‍ നാം എത്തിച്ചേരേണ്ടതുണ്ട്.
ഇണകളായി പ്രയാണമാരംഭിച്ച മനുഷ്യന്‍ ഒരു സമൂഹമെന്നനിലയില്‍ നിരവധി പരിണാമ പ്രക്രിയകള്‍ക്ക് വിധേയനായിട്ടുണ്ട്. ഉല്‍പത്തി തൊട്ട് വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സംരക്ഷകരുടെയും, നിയന്താക്കളുടെയും നിര്‍ദ്ദേശങ്ങള്‍ക്കും മാര്‍ഗദര്‍ശനങ്ങള്‍ക്കും വഴിപ്പെട്ടു കൊണ്ടാണ് അവന്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴും അങ്ങിനെത്തന്നെ. മുന്നേറ്റ വഴിയില്‍ ആഗ്രഹങ്ങളും പ്രതീക്ഷകളുമായി ഏറ്റുമുട്ടുകയെന്നത് മനുഷ്യന്റെ മാനസികാവസ്ഥയാണ്. ആഗ്രഹങ്ങള്‍ക്കും, പ്രതീക്ഷകള്‍ക്കും പ്രേരണയും കടിഞ്ഞാണും യഥോചിതം അവനില്‍ നിന്നുതന്നെ ഉണ്ടാവേണ്ടതാണ്. അതിന് യുക്തമായ തലച്ചോര്‍ സംവിധാനമാണ് അവനിലുള്ളത്. ആഗ്രഹങ്ങള്‍ പലപ്പോഴും അതിരുവിട്ടു കടക്കാന്‍ സാധ്യതയുള്ളേടത്താണ് സാമാന്യബുദ്ധി പ്രകടമാവേണ്ടത്. അതിന്റെയും പരമാധികാരി തലച്ചോറാണ്. ഒരാള്‍ക്ക് അയാള്‍ എടുക്കുന്ന തീരുമാനങ്ങളുടെ യുക്തിയും യുക്തി രാഹിത്യവും നിര്‍ണയിച്ചറിയിക്കുന്നത് മനസും തലച്ചോറുമെന്ന കൂട്ടായ്മയാണ്. അതാണ് ശരിതെറ്റുകളെ സുതാര്യവല്‍ക്കരിച്ചുകൊടുക്കുന്ന സംവിധാനം അതില്‍ പരാജയപ്പെടുന്നേടത്താണ് നേര്‍ വിരുദ്ധവും ശരി വിരുദ്ധവുമായ നെഗറ്റിവിറ്റിയില്‍ അന്തിമമായി എത്തിച്ചേരുക. മനുഷ്യ പ്രകൃതമാണെങ്കില്‍ ഏറെക്കുറെ അരുതായ്മകളോട് ചായ്‌വ് കാണിക്കുകയെന്ന സവിശേഷ പ്രകൃതം ഉള്‍ക്കൊള്ളുന്നതാണ്. നല്ലവയിലേക്ക് കൂടുതലായി മറ്റുള്ളവരെ ആകര്‍ഷിപ്പിക്കുന്നതിന് പകരമായി അത്യാകര്‍ഷകമായിട്ടുള്ളത് പ്രകടിപ്പിച്ച് അതിലേക്ക് ജനക്കൂട്ടത്തെ വൈകാരികമായി അടുപ്പിക്കുകയെന്നത് മനുഷ്യപ്രകൃതത്തില്‍പെട്ടതാണ്. സ്രഷ്ടാവ് മനുഷ്യന് അടിസ്ഥാനപരമായി സൂചന നല്‍കിയിട്ടുള്ളതും ആ വിധത്തിലാണല്ലോ. തിന്മയിലേക്ക് കൂടുതലായി ആകൃഷ്ടനാവുന്ന പ്രകൃതക്കാരനാണ് മനുഷ്യന്‍. അതിര്‍ വരമ്പുകളെ സ്രഷ്ടാവ് തന്നെ പ്രവാചകരിലൂടെ സുവ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് മനുഷ്യന് നല്‍കപ്പെട്ടിരിക്കുന്ന വിവേചനശക്തി ആ തിരഞ്ഞെടുപ്പിനായി ബോധപൂര്‍വം ചെലവഴിച്ചാല്‍ തിന്മകളില്‍ ആപതിക്കാതിരിക്കാം. മനുഷ്യന്‍ പുലര്‍ത്തേണ്ടുന്ന തിരിച്ചറിവില്‍, വകതിരിവില്‍ ഒന്നാമത്തെ പരിഗണന സ്ത്രീപുരുഷ വ്യത്യാസവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. അടിസ്ഥാന യാഥാര്‍ത്ഥ്യത്തെ നിഷേധിക്കാന്‍ മനുഷ്യന് ആവതുള്ളതല്ലല്ലോ. സ്ത്രീ പുരുഷ വ്യത്യാസം മാനവികതയിലല്ല, മറിച്ച് ശാരീരികതയിലും തദ്വാരാ മാനസികതയിലുമാണ്. മാനവികതയില്‍ ലോകത്ത് ഒരാള്‍ക്കും മറ്റൊരാളില്‍ നിന്നും വിഭിന്നമായ ഒരു പദവിയുമില്ല.
മനുഷ്യന് പ്രകൃത്യാ ലഭ്യമായിട്ടുള്ള സ്ത്രീ പുരുഷ വ്യത്യാസം എന്ന അവസ്ഥ മനുഷ്യ വംശത്തിന്റെ നിലനില്‍പിനായുള്ളതാണ്. അതിനപ്പുറം എന്തെങ്കിലും താല്‍പര്യം ഈ വിഷയത്തിലില്ല എന്ന് മാത്രമല്ല, ഈ വ്യത്യാസം അതിന്റെ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് മനുഷ്യന്‍ പ്രയോജനപ്പെടുത്തി സമൂഹ നിലനില്‍പിലും തുടര്‍ച്ചയിലും പങ്കാളിയാവേണ്ടതുമാണ്. അതിനുവേണ്ടിയാണല്ലോ പ്രായപൂര്‍ത്തിയായവരില്‍ പരസ്പര ബന്ധത്തിനാധാരമായ ഏറ്റവും പവിത്രമായ വിവാഹബന്ധമെന്ന ഒരു സംവിധാനം സ്രഷ്ടാവുതന്നെ ഒരുക്കിത്തന്നിട്ടുള്ളത്. നിയതമായ രീതിയിലുള്ള സ്ത്രീപുരുഷ ബന്ധത്തിലൂടെയാണ് മനുഷ്യകുലത്തിന്റെ തുടര്‍ച്ചയെന്നതിനാല്‍ ഏത് സംസ്‌കൃതജനസമൂഹത്തിലും ഭരണസംവിധാനത്തിലും തദ്വിഷയകമായി ലിഖിത നിയമങ്ങള്‍ തന്നെ നിലനില്‍ക്കുന്നു. ലോകത്തെവിടെയും അതിനെ മൊത്തം സ്വാംശീകരിച്ച് വൈവാഹിക നിയമം എന്ന് വിളിക്കുകയും ചെയ്യുന്നു.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
GULF3 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories15 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

