X

ത്യാഗത്തിന്റെ പാരമ്പര്യം-ഉബൈദ് കോട്ടുമല

മതേതര നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ തനിക്കും തന്റെ സഹോദരങ്ങള്‍ക്കും ഭീഷണികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ വെളിപ്പെടുത്തലിന് ഏറെ കാലിക പ്രസക്തിയുണ്ട്. 1992-ല്‍ ബാബരി മസ്ജിദ് തകര്‍ച്ചക്ക് ശേഷം രാജ്യത്തുടനീളം കലാപങ്ങള്‍ നടക്കുന്ന സമയമായിരുന്നു അത്. കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസിനൊപ്പം കേരളത്തില്‍ യു.ഡി.എഫ് ഭരണത്തിലിരിക്കുന്ന സന്ദര്‍ഭം. ഭരണത്തില്‍ തുടരാന്‍ ലീഗ് തീരുമാനിച്ചതും സംയമനനം പാലിക്കാന്‍ ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തതുമാണ് കലാപം സ്വപ്‌നം കണ്ടവരെ പ്രകോപിപ്പിച്ചത്. രഹസ്യമായും പരസ്യമായും അത്തരം ശക്തികള്‍ ലീഗിനെതിരെ തിരിഞ്ഞുവെന്ന് മാത്രമല്ല, മുസ്‌ലിം ലീഗിന്റെ നേതൃനിരയിലുള്ള പാണക്കാട് സയ്യിദന്മാര്‍ക്കെതിരെ ഭീഷണിയുടെ രൂപത്തിലും പതിഷേധങ്ങള്‍ വളര്‍ന്നുവന്നു. അത്തരം ഭീഷണികള്‍ പുറം ലോകത്തോട് പങ്ക് വെക്കാതെ ആ സഹോദരന്മാര്‍ തങ്ങളുടെ സാമൂഹിക ഉത്തരവാദിത്തം നിര്‍ഭയം നിര്‍വ്വഹിച്ചു.

സ്വാതന്ത്ര സമര കാലത്തും ഹൈദരാബാദ് ആക്ഷന്‍ സമയത്തും രാജ്യതാല്‍പര്യത്തിന് വേണ്ടി നിലകൊള്ളുമ്പോള്‍ ഭീഷണികളും പ്രലോഭനങ്ങളും വകവെക്കാതെയാണ് അവരുടെ പിതാമഹന്മാര്‍ മുന്നോട്ട് പോയിട്ടുള്ളത്. സയ്യിദ് ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങള്‍ ബ്രിട്ടീഷുകാരന്റെ ഭീഷണികള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങാതെയാണ് സ്വാതന്ത്ര സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത കാരണത്താല്‍ ജയില്‍ വാസം അനുഭവിക്കേണ്ടിവന്നത്. ലീഗിന് നേതൃത്വം കൊടുത്തതിന്റെ പേരിലാണ് പിതാവ് പൂക്കോയ തങ്ങള്‍ കാരാഗൃഹത്തിലാകുന്നതും. കേരളത്തിന്റെ മതേതരത്വവും സമാധാനവും സംരക്ഷിക്കാന്‍ ത്യാഗം ചെയ്ത പാരമ്പര്യമാണ് പാണക്കാട് കുടുംബത്തിന്റേത്. പാര്‍ലമെന്ററി വ്യാമോഹങ്ങളില്ലാതെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് നേതൃത്വം നല്‍കുകയും സമൂഹത്തിന്റെ നന്മകള്‍ മാത്രം അജണ്ടയാക്കി മുന്നോട്ട് പോകുമ്പോള്‍ കാരാഗൃഹങ്ങള്‍പോലും സൗമ്യതയോടെ സ്വീകരിക്കുകയും ചെയ്യുന്നത് വേറിട്ട രാഷ്ട്രീയമായി സമൂഹം അംഗീകരിക്കുകയും ചെയ്തിരിക്കുന്നു. കാലം കനിഞ്ഞേകിയ ഈ പിന്‍തുടര്‍ച്ച, കലുഷിതമായ സാമൂഹിക അന്തരീക്ഷത്തില്‍ സൗഹൃദത്തിന്റെ കാവലായി മാറുകയാണ്. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പദവിയിലിരുന്ന് ആ പാരമ്പര്യത്തിന്റെ ദൗത്യമാണ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നത്.

പാണക്കാട് ശിഹാബ് തങ്ങളുടെ ആത്മസംയമനം ഇല്ലായിരുന്നുവെങ്കില്‍ പലപ്പോഴും കേരളം കത്തിപ്പോകുമായിരുന്നുവെന്ന് പറഞ്ഞ എം.പി വീരേന്ദ്രകുമാര്‍ കേരളത്തിന്റെ സാഹിത്യ തറവാട്ടിലെ കാരണവരായിരുന്നു. ശിഹാബ് തങ്ങള്‍ സ്വീകരിച്ച സമാധാന ദൗത്യത്തിന് സാംസ്‌കാരിക കേരളത്തിന്റെ അംഗീകാരമായും സഹോദര സമുദായയങ്ങളുടെ സ്വീകാര്യതയായും ആ പ്രസ്താവനയെ വിലയിരുത്താവുന്നതാണ്. മത വികാരങ്ങള്‍ ആളിക്കത്തിച്ച് അതിലൂടെ ഒരു സമുദായത്തെ പ്രകോപിപ്പിക്കാന്‍ കഴിയുമെന്ന് ഫാസിസ്റ്റുകളും സാമ്രാജ്യത്വ ശക്തികളും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ ബി.ജെ.പിയും സംഘ് പരിവാരും ആ നയമാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നതും. പ്രവാചകനെ നിന്ദിക്കാന്‍ ശ്രമിക്കുന്നതിലൂടെ അതേ നയം നടപ്പിലാക്കാനാണ് സംഘ്പരിവാര്‍ ശക്തികളും ശ്രമിക്കുന്നത്. പ്രവാചകനെയും അവരുടെ ഗ്രന്ഥങ്ങളെയും ലക്ഷ്യം വെച്ചാല്‍ മുസ്‌ലിം സമുദായത്തെ പ്രകോപിപ്പിക്കാനാകുമെന്ന് ഫാസിസ്റ്റുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അതില്‍ വീണുപോകാതെ അവതാനതയോടെ പെരുമാറുക എന്നതാണ് കരണീയമായിട്ടുള്ളത്.

ഹിജാബ് വിഷയത്തില്‍ ചില സംഘടനകളുടെ എടുത്തുചാട്ടം കര്‍ണ്ണാടകയില്‍ ഹിജാബ് നിരോധനത്തിലേക്ക് വഴി വെച്ചതും പല കോളജുകളിലും മുസ്‌ലിം വിദ്യാര്‍ത്ഥിനികളുടെ ഉപരിപഠനവും പരീക്ഷകളും തടസ്സപ്പെടാനും അത്തരം നിലപാടുകള്‍ കാരണമായിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവതാനതയോടെ പെരുമാറുന്ന രീതിയാണ് മുസ്‌ലിം ലീഗ് കേരളത്തിന് പകര്‍ന്ന് കൊടുത്തിട്ടുള്ളത്. പ്രതികാരത്തിനും പ്രത്യാക്രമണത്തിനും ഇമ്പമുള്ള മറുപടികള്‍ക്കും പകരമായി സമാധാനത്തിന്റെയും സമവായത്തിന്റെയും സംയമനത്തിന്റെയും പാത സ്വീകരിക്കാനാണ് ശിഹാബ് തങ്ങള്‍ തന്റെ അണികളെ പരിശീലിപ്പിച്ചത്. ബാബരി മസ്ജിദ് തകര്‍ച്ചക്ക് ശേഷമുണ്ടായ പ്രതിസന്ധിഘട്ടത്തിലും മാറാട് കലാപത്തെ തുടര്‍ന്നും ഈ നിലപാട് പ്രാവര്‍ത്തികമാക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ച നേതാവാണ് പി.കെ.കുഞ്ഞാലിക്കുട്ടി. തളിക്ഷേത്രത്തിന്റെ വാതിലുകള്‍ സാമൂഹ്യ ദ്രോഹികള്‍ അഗ്നിക്കിരയാക്കിയപ്പോഴും ശിഹാബ് തങ്ങള്‍ സ്വീകരിച്ചതും ഇതേ നിലപാട് തന്നെയായിരുന്നു. ബാബരി മസ്ജിദ് സംബന്ധിച്ച വിധിയിലും ഈ നിലപാട് തന്നെയാണ് ഹൈദരലി ശിഹാബ് തങ്ങളും ദേശീയ മുസ്‌ലിം നേതൃത്വവും സ്വീകരിച്ചിട്ടുള്ളത്.

Chandrika Web: