X

നിയോ ലിബറലിസത്തിന്റെ താഴ്‌വേരുകള്‍

പ്രൊഫ: പി.കെ.കെ തങ്ങള്‍

മനുഷ്യനില്‍ സ്വതവേ നിക്ഷിപ്തമായ ഉല്‍പതിഷ്ണുതയും, വിശാല വീക്ഷണവും, സ്വാതന്ത്ര്യ ബോധവും ത്വരയും ഉള്‍ക്കൊള്ളുന്ന കാഴ്ചപ്പാടിനെയും പ്രയോഗ തൃഷ്ണയെയുമാണ് സാമാന്യേന ലിബറലിസം എന്ന സാങ്കേതിക സംപ്ജ്ഞ കൊണ്ട് ലക്ഷ്യമാക്കുന്നത്. മനുഷ്യ നാഗരികതയുടെ ആവിര്‍ഭാവം തൊട്ട് കാലാകാലങ്ങളില്‍ ഈ വികാരം മാനുഷികതയുടെ ഭാഗമാണ്. കാലത്തിന്റെയും സാഹചര്യങ്ങളുടെയും മാറ്റങ്ങള്‍ക്കനുസൃതമായ ഇതിന്റെ ആനുപാതികതയില്‍ വ്യതിയാനങ്ങള്‍ കണ്ടേക്കാമെന്ന് മാത്രം.

സ്വാതന്ത്ര തൃഷ്ണയെന്നത് വളരെ അടിസ്ഥാനപരമായി വിലയിരുത്തുകയാണെങ്കില്‍, അത് മാതാവിന്റെ മടിത്തട്ടില്‍ നിന്നും മുലയൂട്ടല്‍ ബന്ധനത്തില്‍ നിന്നും മോചനത്വരയുമായി ശിശു സ്വതന്ത്ര ബാഹ്യചലനങ്ങളിലേക്കെത്തിച്ചേരുന്നതു മുതല്‍ ദൃശ്യമാകുന്നതാണ്. വളരുംതോറും ആനുപാതികത സ്വാതന്ത്ര തൃഷ്ണയുടെ പക്ഷത്തേക്ക് കൂടിക്കൂടി വരുന്നതായും കാണാം. ഈ ത്വരയില്‍ അനുകൂലതയും പ്രതികൂലതയും ഉള്‍ക്കൊണ്ടിരിക്കും. ഇവയുടെ തിരഞ്ഞെടുപ്പിന്റെ ഉത്തരവാദി പ്രാരംഭ ദശ മുതല്‍ മാതാപിതാക്കളും സാഹചര്യവും, നിയന്ത്രണം തലച്ചോറുമാണ്. ഈ ഘട്ടത്തില്‍ അഭിമുഖീകരണം മൂലം അധിക സ്വാധീനം വരുന്നത് നന്മയുടെ വശത്താണെങ്കില്‍ ഫലം തദനുസൃതമായിരിക്കും. മറിച്ച് തിന്മയുടെ വശത്തേക്കാണെങ്കില്‍ ഫലവും തഥൈവ. മനുഷ്യന്‍ പിറവിയെടുത്ത നാള്‍ തൊട്ട് ഈ രണ്ട് അവസ്ഥകളെയും നേരിടേണ്ടി വന്നിട്ടുണ്ട്. അപ്പോഴെല്ലാം അവന്‍ അവലംബിക്കാന്‍ ഇടവന്നതിനനുസരിച്ച് ഫലസിദ്ധിയും ഉണ്ടായിട്ടുണ്ട്. അതിര്‍ വരമ്പുകളെ മാനിക്കാന്‍ തയാറുള്ളവനാണ് നന്മയുടെ വക്താവ്; അതിന് തയ്യാറല്ലാത്തവന്‍ തിന്മയുടെ വക്താവും. ഇതിനെ ദൈവിക നിയമം എന്ന് വിശ്വാസികളും, പ്രാപഞ്ചിക നിയമമെന്ന് അതല്ലാത്തവരും വ്യാഖ്യാനിക്കുന്നു.

അമിതമായ സ്വാതന്ത്രേ്യച്ഛ, അഥവാ ആര്‍ക്കും വഴങ്ങാതിരിക്കുകയെന്നതാണല്ലോ ആദി മനുഷ്യന്റെ രംഗപ്രവേശം മുതല്‍ ഭൂമിയില്‍ സര്‍വ സ്വാതന്ത്യത്തിന്റെ പേരില്‍ കണ്ടു കൊണ്ടിരിക്കുന്നത്! മനുഷ്യന്‍ സ്വതന്ത്രനായി പിറവികൊണ്ടവനാണ്; എല്ലാവരും സമന്മാരായിക്കൊണ്ട്. അതില്‍ പിന്നെ അവന്‍ ലഭ്യമായ അറിവും കഴിവും പ്രയോജനപ്പെടുത്തി ശക്തി പ്രാപിച്ചു മുന്നേറാന്‍ തുടങ്ങി. ശൈശവവും ബാല്യവും യ്യൗവനവും വാര്‍ദ്ധക്യവുമെല്ലാം സ്വന്തം വരുതിയില്‍ തന്നെയാവണമെന്നതാണവന്റെ അഭിലാഷം. ബാഹ്യ ഇടപെടലുകള്‍ അവന്‍ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ തന്റെ അതിര്‍ത്തികളും പരിധികളുമെല്ലാം തന്റെ സൃഷ്ടിപ്പിനോടൊപ്പം തന്നെ നിര്‍ണയിക്കപ്പെട്ടതും തന്റെ അമൂല്യവും അതുല്യവുമായ സിദ്ധിയെന്ന തലച്ചോറില്‍ അത് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നും അതില്‍ കൈകടത്താന്‍, ആത്മാവിന്റെ വിഷയത്തിലെന്ന പോലെ മനുഷ്യന്‍ അശക്തനാണ് എന്നതും യാഥാര്‍ത്ഥ്യമാണ്. അക്കാരണത്താല്‍ തന്നെ താന്‍ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യത്തിന്റെ പരിധി തനിക്ക് അജ്ഞാതമാണെന്നും, അപകടത്തില്‍ ആപതിക്കാതിരിക്കാന്‍ യുക്തമായ മാര്‍ഗം കരുതല്‍ മാത്രമാണെന്നുമുള്ള തിരിച്ചറിവിലേക്ക് അവന്‍ എത്തിച്ചേരേണ്ടതാണ്. താന്‍ ആഗ്രഹിക്കുന്നതാണ് തന്റെ പരിധിയെന്ന തെറ്റായ വിലയിരുത്തലില്‍ അവന് നേടാനാവുക കനത്ത പരാജയം മാത്രമായിരിക്കും.

ജനനത്തോടൊപ്പം തന്നെ വിധി വിലക്കുകളുടെ പട്ടിക അവന്റെ മുന്നില്‍ അവതീര്‍ണമാക്കുന്നത് വില്ലേജ് ഓഫീസറോ തഹസില്‍ദാറോ കലക്ടറോ അല്ല. മറിച്ച് സ്രഷ്ടാവ് തന്നെയാണ്. മുന്‍ കാലങ്ങളില്‍ രാജാക്കന്മാരുടെയും പിണിയാളുകളുടെയും അടിമകളെപോലെ മനുഷ്യന്‍ കഴിയേണ്ടി വന്നിരുന്ന ദുര്‍ഘട കാലഘട്ടത്തിലെ അനുഭവങ്ങള്‍ അവനെ സ്വാതന്ത്ര്യ ചിന്തയിലേക്കെത്തിച്ചു. അത് തന്നെപ്പോലുള്ളവരുടെ തടവറയില്‍ നിന്നുള്ള മോചനമാണ്. അങ്ങിനെയാണല്ലോ നമ്മുടെ രാജ്യം മേല്‍ക്കോയ്മക്കാരായ ബ്രിട്ടീഷുകാരില്‍ നിന്നും പൊരുതി സ്വാതന്ത്ര്യം നേടിയത്. എന്നാല്‍ ഇവിടെ നാം പരാമര്‍ശിക്കുന്നത് വ്യക്തിയുടെ സ്വാതന്ത്ര്യ തൃഷ്ണയെക്കുറിച്ചാണ്. അതിന്റെ അതിര്‍ വരമ്പുകള്‍ നിശ്ചയിക്കാന്‍, സംവിധാനങ്ങള്‍ ഒരുക്കി നമ്മെ അതിന്റെ ഭാഗമാക്കിയ സ്രഷ്ടാവില്‍ നിന്നുള്ള നിയമ, നിയന്ത്രണ സംവിധാനത്തിന് മാത്രമേ കഴിയൂ.

കാലം മാറി. കാഴ്ചകളും കാഴ്ചപ്പാടുകളും ആഗ്രഹങ്ങളും രീതികളുമെല്ലാം അടിമുടി മാറിക്കൊണ്ടിരിക്കുന്നു. അത് നമുക്ക് ബോദ്ധ്യപ്പെടുന്നത് നമ്മുടെ ചുറ്റുപാടുകളില്‍ നിന്നാണ്. ഒരാളും അവനവന് പ്രായമാകുന്നത്, അവനവനില്‍ വരുന്ന മാറ്റങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും ബോധവാനല്ല. ഓരോരുത്തരും നോക്കിക്കാണുന്നത് മറ്റുള്ളവരെയാണ്. അങ്ങിനെ നോക്കിക്കണ്ട് ചിന്തിക്കുമ്പോഴാണ് തന്നിലും ഈ മാറ്റങ്ങളെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യത്തില്‍ ഓരോരുത്തരും ചെന്നെത്തുന്നത്. മുന്‍ കാലങ്ങളുമായി നാം നമ്മെത്തന്നെ വിലയിരുത്തിയാല്‍ സമൂഹത്തില്‍ വന്നു കഴിഞ്ഞിരിക്കുന്ന മാറ്റങ്ങള്‍ ബോദ്ധ്യപ്പെടും. താന്‍ എന്താണോ, അത് മറ്റുള്ളവനും ആയിത്തീരണം എന്ന തുറന്ന കാഴ്ചപ്പാടാണ് ഈ കാലഘട്ടത്തിന്റേതായി നമുക്ക് മുന്നിലുള്ളത്. അത് തീര്‍ത്തും നമ്മുടെ വഴിക്കാണെന്ന് യാഥാര്‍ത്ഥ്യങ്ങളുമായി തുലനം ചെയ്യുമ്പോള്‍ പറയാനൊക്കുമോ?. എന്നെ ആരും തൊടരുത്. ആരും ചോദ്യം ചെയ്യരുത്. ആരും ഉപദ്രവിക്കരുത്. ഓരോ വ്യക്തിയും വേറെ വേറെയാണ്. ഒന്നിലും മറ്റുള്ളവര്‍ക്ക് ഒരു പങ്കുമില്ല. ചുരുക്കത്തില്‍ ദേഹേച്ഛ അതാണ് നൂതന കാഴ്ചപ്പാടുകളും മുന്നേറ്റങ്ങളും.

പോസിറ്റീവ്, നെഗറ്റീവ് എന്നുള്ള ചിന്തപോലും അത്തരക്കാരിലുണരുന്നില്ല. എന്നിട്ടു വേണ്ടേ പോസിറ്റീവ് തിരഞ്ഞെടുക്കാന്‍. അവന് വേണ്ടത് ആരാലും ചോദ്യം ചെയ്യപ്പെടാത്ത സര്‍വ്വതന്ത്രസ്വതന്ത്രത.
നല്ലത് പറഞ്ഞ് കൊടുക്കാനോ, കാണിച്ചു കൊടുക്കാനോ, ഉപദേശിക്കാനോ മറ്റാര്‍ക്കുമെന്നല്ല, സ്വന്തം മാതാപിതാക്കള്‍ക്ക് പോലും അവകാശമില്ല. അപ്പോഴേക്കും ഒന്നുകില്‍ ആത്മഹത്യ അല്ലെങ്കില്‍ പലായനം അഥവാ കുടുംബത്യാഗം. എത്ര മാതാപിതാക്കളാണ് ഇന്ന് ഇത്തരം മക്കളുടെ ഭീഷണിയില്‍ ഉരുകിക്കഴിയുന്നത്! അതിര്‍ വരമ്പുകളെ മാനിച്ച് എന്നാല്‍ അപരന്റെ അടിമത്തത്തില്‍ നിന്ന് വേറിട്ട് നിന്ന്, ബുദ്ധിയും ചിന്തയും നേര്‍വഴിക്ക് ചിലവഴിച്ച്, താനിന്നനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ സൗഭാഗ്യങ്ങളും തന്റെ മുന്‍ മുറക്കാര്‍ നേര്‍വഴിക്ക് നേടിത്തന്നതാണെന്നും അത് തന്നെയായിരിക്കണം തന്റെ ജീവിത വഴിയെന്നും ഏതെങ്കിലും സര്‍വ്വ സ്വാതന്ത്ര്യ മോഹികള്‍ സമ്മതിക്കാന്‍ തയ്യാറാവുമോ?.

പരിഷ്‌ക്കാരങ്ങളും, മുന്നേറ്റങ്ങളുമൊന്നും വേണ്ടെന്നല്ല ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം. പ്രതീക്ഷകളോ, ആഗ്രഹങ്ങളോ പാടില്ല എന്നുമല്ല, എല്ലാറ്റിനും അതിര്‍ വരമ്പുകളുണ്ടായിരിക്കണം. മനുഷ്യ സംസ്‌കാരം അനുശാസിക്കുന്ന നിയന്ത്രിത സ്വാതന്ത്ര്യം മതിയാവാത്തതിന്റെ പേരിലല്ലേ ‘അതിനൂതന (വ്യക്തി) സ്വാതന്ത്ര്യം’ എന്ന ‘നിയോ ലിബറലിസ’ത്തിലേക്ക് പുത്തന്‍ തലമുറ കുതിക്കുന്നത്.മുന്നില്‍ കാണുന്ന എന്തിനെയും തിരിച്ചറിവില്ലാതെ വാരിപ്പുണര്‍ന്ന് ജീവിതം ദുരന്തപര്യവസായി ആയി മാറുന്ന സ്ഥിതി സംജാതമായിക്കൂടാ. അങ്ങിനെ വന്നാല്‍ മനുഷ്യന് നല്‍കി അനുഹ്രഹിക്കപ്പെട്ടതും മറ്റു ജീവജാലങ്ങള്‍ക്കൊന്നുമില്ലാത്തതുമായ വിശേഷബുദ്ധിയെന്ന സിദ്ധിക്കെന്തു നേട്ടം?. മനുഷ്യ വംശത്തിന്റെ അതി പവിത്ര ബന്ധമാണ് ഭാര്യാഭര്‍തൃ ബന്ധം. അതില്‍ നിന്നാണല്ലോ മാതൃപിതൃ, പുത്രപുത്രീ ബന്ധങ്ങള്‍ രൂപപ്പെടുന്നത്. അങ്ങിനെ കുടുംബചങ്ങല തുടര്‍ന്ന് പോരുന്നതും. ഭാര്യാ ഭര്‍തൃ ബന്ധം ഇന്ന് വില്‍പനച്ചരക്കായി മാറിയില്ലേ. വിവാഹത്തിന്റെ പവിത്രകളൊന്നുമേ പാലിക്കാതെ വെറും ആണും പെണ്ണും തമ്മിലുള്ള, ഏതാനും കാലയളവ് നിശ്ചയിച്ചുള്ളതും അല്ലാത്തതുമായിട്ടുള്ള ‘സഹജീവിതം’ മാത്രമായി വിവാഹജീവിതം അധ:പതിച്ചില്ലേ! അതില്‍ ജനിക്കുന്ന കുഞ്ഞിന്റെ പദവിയെന്ത്? നേര്‍ പ്രയോഗത്തില്‍ പറഞ്ഞാല്‍,

ഈ രീതി തുടര്‍ന്നാല്‍ ലോകം ചുരുങ്ങിയ കാലം കൊണ്ട് പിതൃത്വം അവകാശപ്പെടാനില്ലാത്ത തലമുറയായി മാറില്ലേ? സമലിംഗ വിവാഹരീതിയും അതിനുള്ള സമൂഹ പിന്തുണയും മറ്റൊരു ദുഷിപ്പല്ലേ? നിങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരായാലും, സഹജീവിത പങ്കാളികളായാലും മൃഗത്തെ പുല്‍കിയാലും ഇനി മറ്റെന്തെങ്കിലുമെല്ലാം ആയാലും ഞങ്ങള്‍ക്ക് വിരോധമില്ല ‘നമുക്കും കിട്ടണം പണം’ എന്ന നിലപാടല്ലേ, സമൂഹഭദ്രതയുടെ ഉത്തരവാദിത്തം പേറുന്ന ഭരണകൂടത്തിന്റേത്? സമൂഹത്തിന്റെ ഇപ്പോഴത്തെ മുന്നേറ്റം പഴയ അന്ധകാരയുഗത്തിലേക്ക് തന്നെയോ, അതോ അതിനേക്കാള്‍ ഭീഭത്സമായ ദുരന്തത്തിലേക്കോ? പാശ്ചാത്യ സംസ്‌കാരത്തിന്റെ കടന്നു കയറ്റത്തെ ഭയന്നവരും അതിനെ തടുത്തു നിര്‍ത്താന്‍ കുറച്ചെങ്കിലും ശ്രമിച്ചവരായിരുന്നു മുന്‍ തലമുറക്കാര്‍. എന്നാല്‍ ഇന്ന് എത്തിച്ചേര്‍ന്നിരിക്കുന്നത് പാശ്ചാത്യരുടെ സ്വീകാര്യമായ സര്‍വ്വ നന്മകളെയും തിരസ്‌കരിച്ച് അവരിലെ ദുര്‍ നടപ്പുകളെയെല്ലാം ഒപ്പിയെടുക്കുന്നവരായി പുതു സമൂഹം മാറിക്കഴിഞ്ഞിരിക്കുന്നുവെന്നിടത്താണ്. അന്ധമായ പാശ്ചാത്യാനുകരണം നവലോകത്തിന്റെ ഭ്രമമാണല്ലോ! മറിച്ചെല്ലാറ്റിനോടും പരമ പുച്ഛവും. ‘ചാടിച്ചാടി വളയമില്ലാതെയും ചാടാം’ എന്ന പഴമൊഴിയിലേക്കല്ലേ ആധുനികതയുടെ പര്യായമായ നിയോ ലിബറലിസം സമൂഹത്തെ കൊണ്ടു ചെന്നെത്തിക്കുന്നത്!

webdesk13: