അഹമ്മദാബാദ്: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ സ്വത്തു സമ്പാദനം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ട ‘ദ വയറിന്’ കോടതിയുടെ താല്‍ക്കാലിക വിലക്ക്. ജയ് ഷായുടെ മാനനഷ്ടക്കേസ് പരിഗണിക്കുന്നതിനിടയിലാണ് അഹമ്മദാബാദ് കോടതി വിലക്കേര്‍പ്പെടുത്തിയത്. ജയ്ഷായുടെ കമ്പനിയായ ടെംപിള്‍ എന്റപ്രൈസസിന്റെ വരുമാനത്തില്‍ 16,000 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി എന്നതായിരുന്നു ‘ദ വയര്‍’ പുറത്തുവിട്ട വാര്‍ത്ത. കേസ് ദീപാവലിക്കുശേഷം പരിഗണിക്കുന്നതിനായി കോടതി മാറ്റിവെച്ചു.

image

വാര്‍ത്ത പുറത്തുവിട്ട ‘ദ വയര്‍’ ഓണ്‍ലൈന്‍ മാധ്യമത്തിനും ഏഴ് പേര്‍ക്കുമെതിരെ ജയ് ഷാ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് കൊടുത്തിരുന്നു. കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഉത്തരവ്. ജയ്ഷായുടെ സ്വത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്ന് കോടതി ഉത്തരവിടുകയായിരുന്നു. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് ഉത്തരവെന്നും ഇത് വായ് മൂടിക്കെട്ടാനുള്ള ശ്രമമാണെന്നും ‘ദ വയര്‍’ പ്രതികരിച്ചു. ഉത്തരവിനെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും അവര്‍ അറിയിച്ചു.

ജയ്ഷാക്കെതിരായ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പ്രതിരോധവുമായി ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. മകന്റെ കമ്പനി നഷ്ടത്തിലാണെന്നായിരുന്നു അമിത്ഷായുടെ പ്രതികരണം. എന്നാല്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ ജയ്ഷാക്കെതിരെ രംഗത്തെത്തി. നേതാക്കളുടെ പിന്തുണയേയും മാനനഷ്ടക്കേസ് കൊടുത്തതിനേയും അദ്ദേഹം വിമര്‍ശിച്ചിരുന്നു.