ഡല്‍ഹി: തീയറ്ററില്‍ 100 ശതമാനം പ്രവേശനം അനുവദിച്ച് കേന്ദ്രം. ഫെബ്രുവരി ഒന്ന് മുതലാണ് തീയറ്ററിലെ എല്ലാ സീറ്റുകളിലും ആളെ കയറ്റാമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ തിയറ്ററുകള്‍ക്കുള്ള പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മന്ത്രാലയം പുറത്തിറക്കി.

കാത്തിരിപ്പ് കേന്ദ്രങ്ങളിലും പുറത്തും പൊതു ഇടങ്ങളിലും ആളുകള്‍ തമ്മില്‍ ആറ് അടിയെങ്കിലും അകലം പാലിക്കാന്‍ ശ്രദ്ധിക്കണം. മുഖാവരണം നിര്‍ബന്ധം. ടച്ച് ഫ്രീ മോഡിലുള്ള ഹാന്‍ഡ് സാനിറ്റൈസറുകള്‍ വാതിലുകളിലും മറ്റ് പൊതു ഇടങ്ങളിലും സ്ഥാപിക്കണം. തുപ്പുന്നത് പൂര്‍ണ്ണമായി നിരോധിച്ചിരിക്കുന്നു. ആരോഗ്യ സേതു ആപ്പ് എല്ലാവരും ഇന്‍സ്റ്റാള്‍ ചെയ്യണം. ആരോഗ്യപ്രശ്‌നങ്ങള്‍ തോന്നിയാല്‍ ഉടന്‍ ബന്ധപ്പെട്ടവരെ വിവരം അറിയിക്കണം എന്നിങ്ങനെയാണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍.

ഇടവേളകളില്‍ കൂട്ടം കൂടാന്‍ പാടില്ലെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. ഇടവേളകളില്‍ പുറത്തിറങ്ങാതിരുന്നാല്‍ നല്ലത്. തിരക്ക് കൂട്ടാതെ പുറത്തിറങ്ങാനും വരാനുമായി ഇടവേള സമയം നീട്ടാവുന്നതാണ്. ആള്‍കൂട്ടം ഒഴിവാക്കാന്‍ മള്‍ട്ടിപ്പിള്‍ സ്‌ക്രീനും ഉപയോഗിക്കാം. ഓരോ ഷോയ്ക്ക് ശേഷവും തീയറ്റര്‍ സാനിറ്റസി ചെയ്യണം.