ഹൈദരാബാദ്: തെലുങ്കാനയില്‍ പെണ്‍കുട്ടി ബലാല്‍സംഘത്തിന് ഇരയായതായി പരാതി. സുഹൃത്തിന്റെ ജന്മദിനാഘോഷത്തിന് പോയ 17 വയസുള്ള പെണ്‍കുട്ടിയെ നാല് സഹപാഠികള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു എന്നാണ് പരാതി. തെലങ്കാനയിലെ ഖമ്മം നഗരത്തിലെ ഒരു വീട്ടില്‍ ഞായറാഴ്ചയാണ് സംഭവം.

നഗരത്തിലെ ഒരു സ്വകാര്യ കോളേജിലെ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി നാല് സഹപാഠികള്‍ക്കെതിരെ ഖമ്മം മൂന്ന് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച പരാതി നല്‍കിയതായി പോലീസ് അറിയിച്ചു. പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പെണ്‍കുട്ടി പറഞ്ഞു.

ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ നല്‍കുന്ന വിവരം അനുസരിച്ച് പീഡന രംഗങ്ങള്‍ ചിത്രീകരിച്ച കുറ്റാരോപിതര്‍ സംഭവം വെളിയില്‍ പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ കൂട്ട ബലാത്സംഗത്തിനും പോക്സോ നിയമപ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്.